ലുലു ഐ.ടി ട്വിൻ ടവറിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ പി. രാജീവ്, ജി.ആർ. അനിൽ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ എന്നിവർ സമീപം
കൊച്ചി: കേരളത്തിന്റെ ഐ.ടി മേഖലക്ക് ആഗോള പ്രതിച്ഛായ സമ്മാനിച്ച് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐ.ടി സമുച്ചയമായ ലുലു ഐ.ടി ട്വിൻ ടവർ പ്രവർത്തനം ആരംഭിച്ചു. കാക്കനാട് സ്മാർട്ട് സിറ്റിയിൽ ലുലു ഗ്രൂപ്പിന്റെ സ്വപ്നപദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു.
നാടിന് വികസനം അനിവാര്യമാണെന്നും അതിന് കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഐ.ടി വികസനത്തിന് വേഗത പകരുകയാണ് ലുലു ട്വിൻ ടവർ. ആഗോള ടെക്ക് കമ്പനികളുടെ പ്രവർത്തനം കൊച്ചിയിൽ വിപുലമാക്കാൻ പദ്ധതി വഴിവെക്കും. 1500 കോടിയുടെ നിക്ഷേപം കേരളത്തിൽതന്നെ നടത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലിയുടെ തീരുമാനം പ്രശംസനീയമാണ്.
ലുലു ഐ.ടി ട്വിൻ ടവറിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ പി. രാജീവ്, ജി.ആർ. അനിൽ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ എന്നിവർ സമീപം
ഐ.ടി പ്രഫഷനലുകൾക്ക് മികച്ച അവസരമാണ് ലുലു തുറന്നിരിക്കുന്നത്. കളമശ്ശേരിയിൽ 500 കോടി മുതൽമുടക്കിൽ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം അടക്കം കൂടുതൽ നിക്ഷേപങ്ങൾ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് യൂസുഫലി അറിയിച്ചിട്ടുണ്ടെന്നും കേരളത്തിന്റെ വികസനത്തിന് യൂസുഫലി നൽകുന്ന പങ്ക് എടുത്തുകാണേണ്ടതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലുലു ഐ.ടി ട്വിൻ ടവറിലൂടെ 30,000 പേർക്കാണ് തൊഴിൽ ലഭിക്കുന്നതെന്നും യുവജനതയുടെ റിവേഴ്സ് മൈഗ്രേഷന് വേഗത പകരുന്നതാണ് ലുലു പദ്ധതി എന്നും അധ്യക്ഷത വഹിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വ്യവസായമന്ത്രി പി. രാജീവ്, ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, ഹൈബി ഈഡൻ എം.പി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഉമ തോമസ് എം.എൽ.എ, തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൻ രാധാമണി പിള്ള, വാർഡ് കൗൺസിലർ അബ്ദു ഷാന, ലുലു െഎ.ടി പാർക്ക്സ് ഡയറക്ടർ ആൻഡ് സി.ഇ.ഒ അഭിലാഷ് വലിയവളപ്പിൽ, ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ അഷറഫ് അലി എം.എ, ലുലു ഗ്രൂപ് ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർമാരായ മുഹമ്മദ് അൽത്താഫ്, സലിം എം.എ. എന്നിവർ പ്രസംഗിച്ചു.
12.74 ഏക്കറിൽ 30 നിലകൾ വീതമുള്ള ലുലു ട്വിൻ ടവറുകളുടെ ഉയരം 152 മീറ്ററാണ്. 35 ലക്ഷം ചതുരശ്ര അടിയിലാണ് നിർമിച്ചിരിക്കുന്നത്. ഇതിൽ 25 ലക്ഷം ചതുരശ്ര അടി ഐ.ടി കമ്പനികൾക്കായുള്ള ഓഫിസ് സൗകര്യമാണ്. ലോകത്തിലെതന്നെ ഏറ്റവും വലിയ ഓട്ടോമേറ്റഡ്-റോബോട്ടിക് പാർക്കിങ് സംവിധാനം, ഓൺസൈറ്റ് ഹെലിപ്പാഡ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണ് ട്വിൻ ടവറുകളിൽ ഒരുക്കിയിട്ടുള്ളത്.
കൊച്ചി: കേരളത്തിൽ മുതൽമുടക്കുന്നതിന് സാമൂഹികമായും രാഷ്ട്രീയമായും യോജിച്ച അന്തരീക്ഷമാണുള്ളതെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി. ഐ.ടി ട്വിൻ ടവറുകളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വികസനത്തിന്റെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും സമവായത്തോടെ പ്രവർത്തിക്കുന്നു എന്നത് ആശാവഹമാണ്. ഒരു രാജ്യത്ത് നിക്ഷേപം നടത്തുമ്പോൾ അവിടെ ദീർഘവീക്ഷണമുള്ള ഭരണനേതൃത്വം, സാമ്പത്തികമായ ഭദ്രത, അസംസ്കൃത വസ്തുക്കളുടെ ലഭ്യത, ഭാവിയിലെ വളർച്ച എന്നീ കാര്യങ്ങളാണ് താൻ ഉറപ്പാക്കുന്നത്.
ഇന്ത്യൻ സമ്പദ്വ്യവസ്ഥ വളരെ ശക്തമാണ്. ട്വിൻ ടവർ പദ്ധതിയിലൂടെ 35,000 പേർക്ക് തൊഴിൽ നൽകാൻ കഴിയുന്നു. തന്റെ സംരംഭങ്ങൾക്ക് പിണറായി വിജയൻ, വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടി എന്നിവരിൽനിന്നെല്ലാം മികച്ച സഹകരണമാണ് ലഭിച്ചത്. ട്വിൻ ടവറുകളുടെ മാർക്കറ്റിങ്ങും താൻ ഏറ്റെടുക്കുകയാണ്.
അഭ്യസ്തവിദ്യരായ ഒരുപാട് യുവതീ യുവാക്കൾ കേരളത്തിന് പുറത്തുപോയി ജോലി ചെയ്യുന്നു. അവരെ തിരിച്ചുകൊണ്ടുവരാൻ പദ്ധതികൾ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് യൂസുഫലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.