മലയാളി സ്റ്റാർട്ട് അപ്പ് 'വാൻ' ൽ ആറ് കോടി രൂപയുടെ നിക്ഷേപം

കൊച്ചി: പരിസ്ഥിതി സൗഹൃദ ഇ-മൊബിലിറ്റി സ്റ്റാർട്ട് അപ്പായ വാൻ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡിൽ (VAAN Electric Moto Private Limited) ആറ് കോടി രൂപയുടെ മൂലധന നിക്ഷേപം. മുൻനിര ഓയിൽ ആന്റ് ഗ്യാസ് സേവന ദാതാക്കളായ ഏഷ്യൻ എനർജി സർവീസസ് ലിമിറ്റഡാണ് മലയാളി സംരംഭകനായ ജിത്തു സുകുമാരൻ നായരുടെ സ്റ്റാർട്ട് അപ്പിൽ നിക്ഷേപം നടത്തിയത്. ഇ-മൊബിലിറ്റി മേഖലയുടെ സാധ്യതകളും, ഇന്ത്യയുടെ തദ്ദേശീയ ഇ-മൊബിലിറ്റി ബ്രാന്റ് എന്ന നിലയിലുള്ള വാനിന്റെ വളർച്ചയുമാണ് ഏഷ്യൻ എനർജി സർവീസസിനെ നിക്ഷേപത്തിലേക്ക് ആകർഷിച്ചത്. ഭാവിയിൽ കൂടുതൽ ഫണ്ടിംഗ് നടത്താനും വാനിലുള്ള ഓഹരി വർധിപ്പിക്കാനും കമ്പനി താൽപര്യം പ്രകടിപ്പിച്ചു. ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ വികസിപ്പിക്കൽ, പരിപാലനം, ഇ-വേസ്റ്റ് കൈകാര്യം ചെയ്യൽ, പുനരുത്പാദനം തുടങ്ങിയ അനുബന്ധ വ്യവസായങ്ങളിലെ പങ്കാളിത്തവും പരിഗണനയിലുണ്ട്. ബിഎസ്ഇ, എൻഎസ്ഇ. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്‌തിട്ടുള്ള കമ്പനിയാണ് ഏഷ്യൻ എനർജി. രാജ്യത്തെ സ്വകാര്യ എണ്ണ കമ്പനിയായ ഓയിൽ മാക്‌സ് എന്ന മാതൃ കമ്പനിയാണ് പ്രധാന ഓഹരി ഉടമ.

2019 മാർച്ചിൽ പ്രവർത്തനം തുടങ്ങിയ വാൻ, ഇന്ത്യൻ ലൈഫ് സ്റ്റൈൽ ഇ-മൊബിലിറ്റി സ്റ്റാർട്ട് അപ്പ് എന്ന നിലയിൽ ഇതിനോടകം രാജ്യാന്തര ശ്രദ്ധ നേടി കഴിഞ്ഞു. കഴിഞ്ഞ മാസം ഇറ്റലിയിൽ നടന്ന ഇഐസിഎംഎ മോട്ടോർസൈക്കിൾ ഷോയിൽ കമ്പനി ആഗോളതലത്തിൽ ലോഞ്ച് ചെയ്തിരുന്നു. ഈ മാസം അവസാനം വാനിന്റെ ഇ-സൈക്കിളുകൾ ഇന്ത്യൻ വിപണിയിലെത്തും. ഇ-ബൈക്ക്, ഇ-മോപ്പഡ്, ഇ-സ്കൂട്ടർ, ഇ-ബോട്ട് തുടങ്ങിയവയാണ് വാൻ വിപണിയിൽ ഇറക്കാൻ പോകുന്ന മറ്റ് ഉത്പന്നങ്ങൾ. സ്റ്റാർട്ട് അപ്പ് ഇന്ത്യയുടെയും കേരള സ്റ്റാർട്ട് അപ്പ് മിഷന്റേയും അംഗീകാരമുള്ള കമ്പനിയുടെ ബ്രാൻ‍ിംഗ് ചെയ്യുന്നത് ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കെടിഎമ്മിന്റെ കിസ്കയാണ്.

ആഗോള ബ്രാന്റായി വാനിനെ ഉയർത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര വേഗത്തിലാക്കാൻ പുതിയ നിക്ഷേപം കരുത്താകുമെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ജിത്തു സുകുമാരൻ നായർ പറഞ്ഞു. കൂടുതൽ നൂതനമായ ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനും വാനിന്റെ പ്രവർത്തനം വിവിധ മേഖലകളിലേക്ക് വ്യാപിപിപ്പിക്കുന്നതിനും നിക്ഷേപം പ്രയോജനകരമാകുമെന്നും ജിത്തു വ്യക്തമാക്കി.

ലോകോത്തര മോട്ടോർ സൈക്കിൾ നി‍‍ർമ്മാതാക്കളായ ബെനെല്ലിയുമായി വാനിന് സാങ്കേതിക പങ്കാളിത്തമുണ്ട്. ഈ മാസം അവസാനം ഇ- സൈക്കിളുകൾ പുറത്തിറങ്ങുന്നതിന് പിന്നാല ഇ-ബൈക്കുകൾ, കുട്ടികൾക്കുള്ള സൂപ്പർ ബൈക്ക്, വസ്ത്രങ്ങൾ തുടങ്ങിയവയും അവതരിപ്പിക്കും.

സാങ്കേതികമായി മുന്നേറുമ്പോഴും പരിസ്ഥിതിയുടെ സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധരാകുക എന്ന ആശയമാണ് കമ്പനിയെ നയിക്കുന്നത്. ഇനിയുള്ള കാലം പുനരുപയോഗ, സുസ്ഥിര ഊർജ്ജങ്ങളുടേതാണെന്ന വാദത്തെ ശരിവയ്ക്കുന്നത് കൂടിയാണ് വാൻ എന്ന മലയാളി സംരംഭകന്റെ സ്റ്റാർട്ട് അപ്പിന് ലഭിക്കുന്ന സ്വീകാര്യത.

Tags:    
News Summary - investment of Rs 6 crore in malayali startup VAAN Electric Moto Private Limited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.