വിപണിയിൽ തകർന്ന് ഇൻഡിഗോ ഓഹരി; നിക്ഷേപകർക്ക് മുന്നറിയിപ്പ്

മുംബൈ: നൂറുകണക്കിന് വിമാന സർവിസുകൾ വൈകുകയും റദ്ദാക്കുകയും ചെയ്തതോടെ ഇൻഡിഗോ എയർലൈൻസിന്റെ ഓഹരികൾ കൂട്ടമായി വിറ്റൊഴിവാക്കി നിക്ഷേപകർ. ഇൻഡിഗോ എയർലൈൻസിന്റെ ഉടമകളായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡിന്റെ ഓഹരി വിലയിൽ അഞ്ച് ദിവസത്തിനിടെ 10 ശതമാനത്തിലേറെയാണ് ഇടിവുണ്ടായത്. ​വിമാന റദ്ദാക്കലുകൾ തുടർന്നാൽ ഓഹരി വിലയിൽ ഇനിയും 16 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കോവിഡിന് ശേഷം 200 ശതമാനത്തിലേറെ ലാഭം സമ്മാനിച്ച ഓഹരിയാണ് വിപണിയിൽ വൻ തകർച്ച നേരിടുന്നത്. കുറഞ്ഞ ചെലവിൽ വിമാന യാത്രയെന്ന ഇന്ത്യക്കാരുടെ സ്വപ്നം യാഥാർഥ്യമാക്കിയ കമ്പനി ആയിരക്കണക്കിന് പേരെ പെരുവഴിയിലാക്കിയതോടെയാണ് ഓഹരി വിപണിയിലെ തകർച്ച. ​വെള്ളിയാഴ്ച മൂന്ന് ശതമാനം ഇടിഞ്ഞ് 5,273 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്.

വിശ്രമസമയം വർധിപ്പിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയതിനാൽ സർവിസ് നടത്താൻ ആവശ്യത്തിന് പൈലറ്റുമാർ എത്താതിരുന്നതോടെയാണ് വിമാനങ്ങൾ വൈകിയതും സർവിസുകൾ റദ്ദാക്കിയതും. മാത്രമല്ല, യാത്രക്കാരുടെ എണ്ണം വർധിച്ചതും സോഫ്റ്റ്​വെയർ തകരാറും തിരിച്ചടിയായി. 600 ഓളം വിമാന സർവിസുകൾ റദ്ദാക്കിയതായാണ് ഔദ്യോഗിക റിപ്പോർട്ട്.

വിമാനം റദ്ദാക്കലും വൈകലും ഉടൻ പരിഹരിച്ചില്ലെങ്കിൽ അടുത്ത സാമ്പത്തിക പാദത്തിൽ ഇൻഡിഗോയുടെ വരുമാനത്തിലും ലാഭത്തിലും വൻ ഇടിവുണ്ടാക്കുമെന്ന് ചോളമണ്ഡലം ​സെക്യൂരിറ്റീസ് ഗവേഷണ വിഭാഗം മേധാവി ധർമേഷ് കാന്ത് പറഞ്ഞു. നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ച് സർവിസ് സാധാരണ നിലയിലെത്തിയാൽ മാത്രമാണ് ഓഹരി വില തിരിച്ചുകയറുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. സർവിസ് പുനസ്ഥാപിക്കുന്നത് വരെ നിക്ഷേപകർ ഇൻഡിഗോ ഓഹരികൾ വാങ്ങുന്നത് ഒഴിവാക്കണമെന്നും കാന്ത് ഉപദേശിച്ചു.

ഇൻഡിഗോ കടുത്ത പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നതെന്ന് സ്വതന്ത്ര അനലിസ്റ്റ് അംബരേഷ് ബലിഗ പറഞ്ഞു. പൈലറ്റുമാരുടെ വിശ്രമസമയം വർധിപ്പിച്ച കേന്ദ്ര സർക്കാർ ഉത്തരവ് പെട്ടെന്നുണ്ടായതല്ലെന്നും ഈ പ്രതിസന്ധി മുന്നിൽ കണ്ട് ഇൻ​ഡിഗോയ്ക്ക് നേരത്തെ പദ്ധതികൾ തയാറാക്കാമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രതിസന്ധിയുടെ ആഘാതം നടപ്പു സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ പ്രതിഫലിക്കും. നിലവിലെ അടിയന്ത സാഹചര്യത്തിൽ കൂടുതൽ പൈലറ്റുമാരെ നിയമിക്കുന്നത് കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. മാത്രമല്ല, രൂപയുടെ മൂല്യം സർവകാല റെക്കോഡിലേക്ക് ഇടിഞ്ഞതിനാൽ കൂടുതൽ വിമാനങ്ങൾ വാടകക്ക് എടുക്കാനും ഇന്ധനം വാങ്ങാനും വൻ തുക ചെലവാകും. ഓഹരി വില 4,600 - 4800 രൂപയിലേക്ക് ഇടിയാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും നിക്ഷേപകർ തൽകാലം ഈ ഓഹരി വാങ്ങരുതെന്നും ബലിഗ കൂട്ടിച്ചേർത്തു.

Tags:    
News Summary - indigo share price crashes after mass flight delay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.