യു.എസ് താരിഫ് ഇന്ത്യ-ഇറാൻ വ്യാപാരത്തിന് തിരിച്ചടിയാകില്ല

മുംബൈ: ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കുമേൽ 25 ശതമാനം താരിഫ് ചുമത്താനുള്ള യു.എസ് നീക്കം ഇന്ത്യയെ ബാധിക്കില്ലെന്ന് റിപ്പോർട്ട്. യു.എസ് ഉപരോധം നിലനിൽക്കുന്നതിനാൽ ഇറാനുമായി വളരെ കുറച്ചു വ്യാപാരം മാത്രമേ നടത്തുന്നുള്ളൂ എന്നതാണ് ഇന്ത്യയെ പുതിയ താരിഫ് ബാധിക്കില്ലെന്ന് പറയാൻ കാരണം. അതേസമയം, വരും ദിവസങ്ങളിൽ വ്യാപാരത്തിൽ കൂടുതൽ ഇടിവുണ്ടാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര സർക്കാറിലെ രഹസ്യ വൃത്തങ്ങൾ സൂചന നൽകി. നിലവിൽ ഇന്ത്യയും ഇറാനും തമ്മിൽ 1.7 ബില്ല്യൻ ഡോളറിന്റെ (15,329 കോടി രൂപ) വ്യാപാരമാണ് നടക്കുന്നത്. 

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളുടെ യു.എസിലേക്കുള്ള കയറ്റുമതിക്ക് 25 ശതമാനം താരിഫ് ചുമത്തുമെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഉത്തരവ് അന്തിമമാണെന്നും ചർച്ചകളില്ലെന്നും അടിയന്തരമായി നിലവിൽ വന്നതായും ​സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ നൽകിയ പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിലവിൽ മരുന്നുകളും ഭക്ഷ്യ വസ്തുക്കളും അടക്കം അത്യാവശ്യമായ ഉത്പന്നങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. ഭക്ഷ്യവസ്തുക്കൾക്ക് താരിഫിൽ ഇളവ് നൽകുമെന്നാണ് ബസ്മതി അരി, ചായപ്പൊടി, കാർഷികോത്പന്നങ്ങൾ എന്നിവ കയറ്റുമതി ചെയ്യുന്നവർ പ്രതീക്ഷിക്കുന്നത്. എന്നാൽ, ഔദ്യോഗികമായി ഉത്തരവ് പുറത്തുവരാത്തതിനാൽ അവ്യക്തത നിലനിൽക്കുകയാണ്. ഹ്യൂമാനിറ്റേറിയൻ വ്യാപാരത്തെ താരിഫിൽനിന്ന് ഒഴിവാക്കു​മോയെന്നതിൽ യു.എസിന്റെ നിലപാട് അറിയാൻ കാത്തിരിക്കുകയാണ് ഇന്ത്യ. താരിഫ് പ്രഖ്യാപനവും നടപ്പാക്കുന്നതും സംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകൾ പുറത്തുവരാത്തതിനാൽ അവ്യക്തതയുണ്ടെന്ന് വ്യവസായ മേഖലയിലെ വിദഗ്ധർ പറഞ്ഞു.

സാമ്പത്തിക, വ്യാപാര ഉപരോധങ്ങൾ നടപ്പാക്കുന്ന യു.എസ് ട്രഷറി വകുപ്പിന്റെ ഓഫിസ് ഓഫ് ഫോറിൻ അസറ്റ് കൺ​ട്രോളിന്റെ ചട്ടങ്ങൾ പൂർണമായും അനുസരിച്ച്, ഹ്യൂമാനിറ്റേറിയൻ ട്രേഡ് എന്ന പരിധിക്കുള്ളിൽനിന്നു​കൊണ്ടാണ് ഇന്ത്യൻ കമ്പനികളും ബാങ്കുകളും ഇറാനുമായി ഭക്ഷ്യ, മരുന്ന് വ്യാപാരം നടത്തുന്നതെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്​പോർട്ട് ഓർഗനൈസേഷൻസ് ഡയറക്ടർ ജനറൽ അജയ് സഹായ് പറഞ്ഞു. യു.എസിന്റെ പുതിയ താരിഫ് നിലവിൽ വരികയാണെങ്കിൽ ഇന്ത്യക്ക് ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് തോന്നുന്നില്ല. എങ്കിലും, ഉത്തരവിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തുവരുന്നത് അനിശ്ചിതാവസ്ഥ നീങ്ങാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപിന്റെ താരിഫ് പ്രഖ്യാപനം വന്നതിന് പിന്നാലെ ബസ്മതി അരി കയറ്റുമതി ചെയ്യുന്ന കെ.​ആർ.ബി.എൽ, കോഹിനൂർ ഫൂഡ്സ്, എൽ.ടി ഫൂഡ്സ് തുടങ്ങിയ കമ്പനികളുടെ ഓഹരി വില ഒരു ശതമാനത്തിലേറെ ഇടിഞ്ഞു. ഇന്ത്യയിൽനിന്ന് കെ.ആർ.ബി.എല്ലാണ് ഏറ്റവും കൂടുതൽ ബസ്മതി അരി ഇറാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. ഉപരോധം കാരണം നിലവിൽ ഇന്ത്യയുടെ അരി കയറ്റുമതിക്ക് കനത്ത ഇടിവ് നേരിട്ടിട്ടു​ണ്ടെന്ന് കെ.ആർ.ബി.എൽ കയറ്റുമതി വിഭാഗം തലവൻ അക്ഷയ് ഗുപ്ത പറഞ്ഞു. യു.എ.ഇ വഴി അരി കയറ്റുമതി ചെയ്യുന്നതിലൂടെയാണ് ഉപരോധത്തിന്റെ വെല്ലുവിളി മറികടക്കാൻ കഴിഞ്ഞത്. എന്നാൽ, വീണ്ടും 25 ശതമാനം താരിഫ് ചുമത്തുന്നത് ബസ്മതി കയറ്റുമതിക്ക് കൂടുതൽ വെല്ലുവിളിയാകുമെന്നും അക്ഷയ് ഗുപ്ത പറഞ്ഞു.

Tags:    
News Summary - India sees little impact of US tariff for doing Iran business

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.