ന്യൂഡൽഹി: ആഭ്യന്തര കമ്പനികളെ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ നീക്കം. അമിത വണ്ണം കുറക്കുന്നതിനും അർബുദത്തിനും ഹൃദയ സംബന്ധമായ ചികിത്സക്കും പ്രമേഹത്തിനുമുള്ള ഡസൺ കണക്കിന് മരുന്നുകളാണ് ഇറക്കുമതി ചെയ്യുക. വിദേശ മരുന്ന് വിതരണത്തിന് ആഗോള ടെൻഡർ വിളിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ആരോഗ്യ, ധന മന്ത്രാലയങ്ങളും ഫാർമസ്യൂട്ടിക്കൽസ് വകുപ്പും തുടരുന്ന ചർച്ചയിൽ അന്തിമ തീരുമാനമെടുത്താൽ ആഗോള ടെൻഡർ ക്ഷണിച്ചുള്ള വിജ്ഞാപനം പുറത്തിറക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സായുധ സേനയുടെ ആരോഗ്യ വിഭാഗത്തിനും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷൂറൻസ് കോർപറേഷനും വേണ്ടിയാണ് മരുന്ന് വാങ്ങി സംഭരിക്കുക. ടൈപ് 2 വിഭാഗത്തിൽ പെടുന്ന പ്രമേഹത്തിനുള്ള സെമഗ്ലൂറ്റൈഡ്, ടിർസെപാറ്റൈഡ്, പ്രമേഹ ബാധിതരുടെ അമിത കൊളസ്ട്രോൾ ചികിത്സക്കുള്ള ഇവോലൊകുമാബ് തുടങ്ങിയവ 65 ലേറെ പാറ്റന്റുള്ള മരുന്നുകളാണ് വിദേശ കമ്പനികളിൽനിന്ന് വാങ്ങുന്നത്.
200 കോടി രൂപ വരെയുള്ള സാധനങ്ങളും സേവനങ്ങളും വാങ്ങാൻ വിദേശ കമ്പനികൾക്ക് ടെൻഡർ നൽകരുതെന്നാണ് നിലവിലെ നിയമം. ആഭ്യന്തര വിപണിയിലെ കമ്പനികളെ പിന്തുണക്കുന്നതിന്റെ ഭാഗമായാണ് ഈ നയം. എന്നാൽ, അടിയന്തരമായി മരുന്നുകൾ ആവശ്യം വരുകയും ആഭ്യന്തര വിപണിയിൽ ലഭ്യമല്ലാതിരിക്കുകയും ചെയ്താൽ വിദേശത്തുനിന്ന് വാങ്ങാം. ഈ ഇളവ് ഉപയോഗിപ്പെടുത്തി ആഗോള ടെൻഡർ ക്ഷണിക്കാതെ 128 മരുന്നുകളും വാക്സിനുകളും വിദേശത്തുനിന്ന് വാങ്ങാൻ 2027 മാർച്ച് വരെ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
വിദേശത്തുനിന്ന് മരുന്ന് ഇറക്കുമതി ചെയ്യാൻ സായുധ സേന മെഡിക്കൽ സർവിസ് ഡയറക്ടറേറ്റ് ജനറലിൽനിന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽനിന്നും അപേക്ഷ ലഭിച്ചതായാണ് ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് നവംബർ 21ന് ഔദ്യോഗിക വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത നോട്ടിസിൽ പറയുന്നത്. ഇറക്കുമതി സംബന്ധിച്ച തീരുമാനത്തിൽ എതിർപ്പുണ്ടെങ്കിൽ ഡിസംബർ അഞ്ചിനകം അറിയിക്കണമെന്ന് ആഭ്യന്തര കമ്പനികളോട് ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.