ചൈനീസ് നിക്ഷേപങ്ങൾ ആകർഷിക്കാൻ ഇന്ത്യ; അനുയോജ്യമായ സമയമെന്ന് വിദഗ്ധർ

ന്യൂ ഡൽഹി: ചൈന ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾക്ക് വിദേശ നിക്ഷേപ നിയമങ്ങൾ ലളിതമാക്കി ഇന്ത്യൻ സർക്കാർ. നിർണായക നിർമാണ മേഖലകളിലേക്ക് ചൈനീസ് നിക്ഷേപം ആകർഷിക്കാനാണ് നീക്കം. ഇത്തരമൊരു നടപടിക്ക് അനുയോജ്യമായ സമയമാണിതെന്നാണ് വിദഗ്ധരുടെയും അഭിപ്രായം.

കാരണം നിലവിൽ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ ഇന്ത്യയിലെ ഉൽപാദനം വർധിപ്പിക്കേണ്ടതുണ്ട്. ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് ഇന്ത്യയുടെ ഇലക്ട്രോണിക്സ്, ഹൈടെക്ക് വ്യവസായങ്ങളുടെ വളർച്ചയെ ബാധിക്കും. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി യോജിക്കുന്നതാണ് പുതിയ നയം.

ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് മുൻകൂർ സർക്കാർ അനുമതി നിർബന്ധമാക്കിയ പ്രസ് നോട്ട് 3ലെ ഭേദഗതികൾക്ക് ചൊവ്വാഴ്ച മന്ത്രിസഭ അംഗീകാരം നൽകി. ഇതോടെ അയൽരാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങൾ കൂടുതൽ എളുപ്പത്തിലാകും.

കമ്പനികളുടെ തീരുമാനമെടുക്കൽ പ്രക്രിയയിൽ ഇടപെടാൻ അധികാരമില്ലാതെ, 10ശതമാനത്തിൽ താഴെ ഓഹരികൾ കൈവശം വെക്കാൻ അയൽരാജ്യങ്ങൾക്ക് അവസരമൊരുക്കുന്നതാണ് പുതിയ ഭേദഗതി. മാത്രമല്ല, മൂലധന വസ്തുക്കൾ, ഇലക്ട്രോണിക് ഘടകങ്ങൾ, പോളിസിലിക്കൺ, ഇങ്കോട്ട് വേഫറുകൾ എന്നീ മേഖലകളിലെ നിക്ഷേപങ്ങൾക്കുള്ള അനുമതി നടപടികൾ 60 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും. ഇത് വിദേശ നിക്ഷേപകരുടെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനം വേഗത്തിലാക്കുന്നു.

എന്നാൽ ഭൂരിപക്ഷ ഉടമസ്ഥാവകാശവും പ്രവർത്തന നിയന്ത്രണവും ഇന്ത്യയിൽ താമസക്കാരായ ഇന്ത്യക്കാരിൽ തന്നെ തുടരും. തന്ത്രപരമായ മേഖലകളുടെ നിയന്ത്രണം വിദേശ നിക്ഷേപകർ ഏറ്റെടുക്കുന്നില്ലെന്ന് ഇത് ഉറപ്പാക്കുന്നു. സംരംഭങ്ങൾക്കും ടെക് കമ്പനികൾക്കും വിദേശ നിക്ഷേപങ്ങൾ ലഭ്യമാകാൻ സഹായിക്കുന്നകതാണ് ഭേദഗതിയെന്ന് സർക്കാർ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ഇത് വ്യവസായങ്ങൾ എളുപ്പമാക്കുമെന്നും ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ എത്തിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, പാകിസ്താൻ, മ്യാൻമർ എന്നിവയുൾപ്പെടെ അതിർത്തി പങ്കിടുന്ന എല്ലാ രാജ്യങ്ങളിലേക്കും സാങ്കേതികമായി നയം വ്യാപിപ്പിച്ചിട്ടുണ്ട്. എങ്കിലും, 2020 മുതൽ നിലച്ചുപോയ ചൈനീസ് നിക്ഷേപങ്ങൾ ലഭ്യമാക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം.

2020ൽ ചൈനയുമായുള്ള സംഘർഷത്തെത്തുടർന്ന് അയൽ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങൾക്കുള്ള നിയമങ്ങൾ ഇന്ത്യ കർശനമാക്കി.

അതിനുശേഷം, ഇന്ത്യൻ കമ്പനികളിലെ പല ചൈനീസ് നിക്ഷേപങ്ങളും സർക്കാർ അംഗീകാരത്തിനായി കാത്തിരുന്ന് കാലതാമസം നേരിടുകയാണ് ചെയ്തത്. ഈ നിയന്ത്രണങ്ങൾ കാരണം ഇന്ത്യയിലേക്കുള്ള ചൈനയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) 2020 സാമ്പത്തിക വർഷത്തിലെ 163.8 മില്യൺ ഡോളറിൽ നിന്ന് 2025 സാമ്പത്തിക വർഷത്തിൽ 2.7 മില്യൺ ഡോളറായി കുത്തനെ കുറഞ്ഞു.

ചൈനീസ് നിക്ഷേപം കുറഞ്ഞിരുന്നെങ്കിലും ഇക്കാലയളവിൽ രാജ്യത്തേക്കുള്ള വിദേശ നിക്ഷേപം 50,000കോടി ഡോളറായി വർധിച്ചിരുന്നു. 

Tags:    
News Summary - India Moves to Attract Chinese Investments; Experts Say the Timing Is Ideal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.