ഉപഭോക്താക്കൾ ശ്രദ്ധിക്കുക, സ്വർണ വില കൂപ്പുകുത്തുമെന്ന് വിദഗ്ധർ

മുംബൈ: സ്വർണ വില ഓരോ ദിവസവും പുതിയ റെക്കോഡിലേക്കാണ് കുതിച്ചുയരുന്നത്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 90,880 രൂപയായിരുന്നു വില. ഈ വർഷം മാത്രം 54 ശതമാനം ലാഭമാണ് സ്വർണം നിക്ഷേപകർക്ക് സമ്മാനിച്ചത്. ഒക്ടോബറിൽ മാത്രം വിലയിൽ ആറ് ശതമാനത്തിന്റെ വളർച്ച​ രേഖപ്പെടുത്തി.

ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്ഥയും താരിഫ് ഭീഷണിയും രൂപയുടെ മൂല്യം ഇടിയുന്നതുമെല്ലാം സ്വർണത്തിന് നേട്ടമാകുകയായിരുന്നു. യു.എസിൽ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെ സ്വർണവില വില റോക്കറ്റ് പോലെ കുതിച്ചു.

സുരക്ഷിതമായ നിക്ഷേപമെന്ന നിലയിലാണ് സ്വർണം വാങ്ങിക്കൂട്ടുന്നത്. എന്നാൽ, വില ​ഇത്രയും ഉയർന്ന സാഹചര്യത്തിൽ പുതുതായി സ്വർണം വാങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. കുറഞ്ഞ കാലത്തിനുള്ളിൽ വില കുതിച്ചുയർന്നതിനാൽ എത് ഘട്ടത്തിലും നിക്ഷേപകർ സ്വർണം വിറ്റ് ലാഭമെടുക്കാൻ സാധ്യതയുണ്ട്.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽനിന്ന സ്വർണ വില വെള്ളിയാഴ്ച ഗ്രാമിന് 170 രൂപയും പവന് 1360 രൂപയും കുറഞ്ഞത് ഈ വിൽപനയുടെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിൽ നിക്ഷേപകർ കൂട്ടമായി സ്വർണം വിൽക്കുന്നത് വൻ വിലയിടിവിനാണ് ഇടയാക്കുക. വിലയിടിവ് തുടങ്ങിയാൽ വളരെ രൂക്ഷമായിരിക്കും. മുൻകാലത്ത് ചെറിയ കാലയളവിൽ സ്വർണ വില കുതിച്ചുയർന്നതിന് പിന്നാലെ കനത്ത വിൽപനയും ഇടിവും നേരിട്ടിട്ടുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.

1970 കളിലും 2000 ലും സ്വർണ വിലയിലുണ്ടായ കുതിപ്പിന് സമാനമാണ് നിലവിലെ മുന്നേറ്റമെന്ന് ക്വാണ്ടം അസറ്റ് മാനേജ്മെന്റ് കമ്പനി സി.ഐ.ഒ ചിരാഗ് മേത്ത പറഞ്ഞു. എന്നാൽ, കുറഞ്ഞ കാലയളവിൽ ബംപർ റിട്ടേൺ നൽകിയതിനാൽ കൂട്ട വിൽപനക്കുള്ള സാധ്യത തള്ളിക്കളയാനാകില്ല. 10 മുതൽ 15 ശതമാനം വിലയിടിവുണ്ടാകുന്നത് സ്വർണ വിപണിക്ക് ആരോഗ്യകരമാണ്. വിലയിടിഞ്ഞാലും നിക്ഷേപകർക്കിടയിൽ സ്വർണത്തോടുള്ള താൽപര്യം നഷ്ടപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര വിപണിയിൽ ഡോളറിന്റെ മൂല്യം ഇടിഞ്ഞതും ഗസ്സ ആക്രമണം അവസാനിച്ചതും സ്വർണവും വെള്ളിയും വിറ്റ് ലാഭമെടുക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കുമെന്ന് എച്ച്.ഡി.എഫ്.സി കമ്മോഡിറ്റീസ് ആൻഡ് കറൻസീസ് തലവൻ അനൂജ് ഗുപ്ത പറഞ്ഞു.

ഒരു ആസ്തി എന്ന നിലയിൽ നിക്ഷേപകർ സ്വർണം ഏറ്റവും കൂടുതൽ വാങ്ങിക്കൂട്ടിയ സാഹചര്യമാണ്. ഡോളർ ഡിമാൻഡ് വർധിക്കുകയും അടച്ചുപൂട്ടൽ അവസാനിക്കുകയും ഫെഡറൽ റിസർവ് ഈ മാസം പലിശ നിരക്ക് കുറക്കാതിരിക്കുകയും ചെയ്താൽ സ്വർണം നിക്ഷേപകർ കൈയൊഴിയുമെന്ന് യു.എസ് ആസ്ഥാനമായ വിദഗ്ധൻ നിഗം ആറോറ അഭിപ്രായപ്പെട്ടു.

പല രാജ്യങ്ങളിലും ബോണ്ട് ആദായം കൂടുന്നതും സ്വർണത്തിന്റെ തിളക്കം നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്. ഫ്രാൻസിൽ പുതിയ സർക്കാർ ബജറ്റ് പാസാക്കുകയും പലിശ നിരക്ക് കുറക്കാൻ സെൻട്രൽ ബാങ്കിൽ സമ്മർദം ചെലുത്തില്ലെന്ന് ജപ്പാൻ സർക്കാറും തീരുമാനിച്ചാൽ സ്വർണ വിലയിൽ ഇടിവുണ്ടാകുമെന്നുമെന്നുമാണ് സൂചന.

Tags:    
News Summary - gold price will see sharp correction, experts warn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.