മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ചാമ്പ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) സ്വന്തമാക്കാൻ വിദേശ നിക്ഷേപകർക്കിടയിൽ മത്സരം. യു.എസിലെ ബഹുരാഷ്ട്ര നിക്ഷേപ കമ്പനികളായ ബ്ലാക്സ്റ്റോൺ ഐ.എൻ.സി, ടെമാസെക് ഹോൾഡിങ്സ് പി.ടി.ഇ തുടങ്ങിയ നിരവധി കമ്പനികളാണ് ആർ.സി.ബിയിൽ താൽപര്യം പ്രകടിപ്പിച്ചത്. ഡിയാജിയോയുടെ ഉടമസ്ഥതയിലുള്ള യുനൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെതാണ് ആർ.സി.ബി. നവംബറിൽ ആർ.സി.ബിയെ വിൽക്കാൻ ഡിയാജിയോ നീക്കം തുടങ്ങിയതിന് പിന്നാലെ ഓഹരി വാങ്ങാൻ സ്വകാര്യ നിക്ഷേപ കമ്പനികൾ രംഗത്തെത്തുകയായിരുന്നു.
അഡ്വെന്റ് ഇന്റർനാഷനൽ, പി.എ.ജി, കാർലൈൽ ഗ്രൂപ്പ് തുടങ്ങിയ നിക്ഷേപകരും ഓഹരി വാങ്ങാൻ ആലോചിക്കുന്നതായി രഹസ്യ വൃത്തങ്ങൾ പറഞ്ഞു. ഓഹരി വിൽക്കാൻ സിറ്റിബാങ്കിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് ഡിയാജിയോ. 1.4-1.8 ബില്ല്യൻ ഡോളർ (16,380 കോടി രൂപ) മൂല്യമുള്ള കമ്പനിയാണ് ആർ.സി.ബി. ഇതുവരെ ഐ.പി.എൽ ഫ്രാഞ്ചൈസികളിൽ ആഭ്യന്തര കമ്പനികളും നിക്ഷേപകരും മാത്രമേ താൽപര്യം പ്രകടിപ്പിച്ചിരുന്നുള്ളൂ. ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചെയർമാൻ അഡാർ പൂനവാല, മണിപ്പാൽ ആശുപത്രി തുടങ്ങിയവരാണ് ഐ.പി.എൽ ഫ്രാബൈസികൾ സ്വന്തമാക്കാൻ ശ്രമിച്ചിട്ടുള്ളത്. അതേസമയം, ആർ.സി.ബിയെ പോലെ രാജസ്ഥാൻ റോയൽസിലെ റെയ്‌ൻ ഗ്രൂപ്പിന്റെ ഓഹരികൾ വാങ്ങാനും നിരവധി നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞ വർഷം ആദ്യമായി ഐ.പി.എൽ ചാമ്പ്യൻഷിപ് നേടിയതോടെയാണ് ആർ.സി.ബിയെ വാങ്ങാൻ നിക്ഷേപകർ കൂടുതൽ താൽപര്യം പ്രകടിപ്പിച്ചത്. ഐ.പി.എല്ലിലെ മികച്ച ടീമുകളിലൊന്നായ ആർ.സി.ബിയെ സ്വന്തമാക്കാൻ കഴിഞ്ഞ കുറച്ചു മാസങ്ങളായി ശക്തമായ ശ്രമത്തിലാണെന്ന് പൂനവാല കഴിഞ്ഞ ദിവസം ‘എക്സ്’ൽ കുറിച്ചിരുന്നു. ബ്ലാക്ക്‌സ്റ്റോണോ ടെമാസെക്കോ ആർ.സി.ബിയെ ഏറ്റെടുക്കുകയാണെങ്കിൽ ഇന്ത്യൻ കായികരംഗത്ത് ഒരു വിദേശ സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമായിരിക്കും. 2021 ൽ ഗുജറാത്ത് ടൈറ്റൻസിനെ 745 ദശലക്ഷം ഡോളറിന് സി.വി.സി ക്യാപിറ്റൽ പാർട്ണേഴ്‌സ് വാങ്ങിയതാണ് ഇതുവരെയുള്ള ഏറ്റവും വലിയ വിദേശ നിക്ഷേപം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ടീമിന്റെ 67 ശതമാനം ഓഹരികൾ ടോറന്റ് ഗ്രൂപ്പിന് 866 ദശലക്ഷം ഡോളറിന് സി.വി.സി വിറ്റു.
2008ൽ ഐ.പി.എല്ലിന്റെ പ്രാരംഭ ഘട്ടത്തിൽ വ്യവസായി വിജയ് മല്ല്യയുടെ യുനൈറ്റഡ് സ്പിരിറ്റാണ് ആർ.സി.ബി സ്ഥാപിച്ചത്. പിന്നീട് 2016ൽ യുനൈറ്റഡ് സ്പിരിറ്റ്സിനെ വാങ്ങിയതോടെ ആർ.സി.ബിയെ ഡിയാജിയോ സ്വന്തമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.