കാർ നിർമാണം പുനരാരംഭിക്കാനില്ല; ഫോർഡ് ഫാക്ടറി വിൽക്കാൻ ഒരുങ്ങുന്നു

മുംബൈ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താരിഫ് വർധിപ്പിക്കുകയും ഇറക്കുമതി നിയന്ത്രണം കടുപ്പിക്കുകയും ചെയ്തതോടെ ഇന്ത്യയിൽ വാഹന നിർമാണ പുനരാരംഭിക്കാനുള്ള ഫോർഡ് മോട്ടോർ കമ്പനിയുടെ പദ്ധതി അനിശ്ചിതാവസ്ഥയിൽ. യു.എസിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാണ കമ്പനിയായ ഫോർഡിന്റെ തമിഴ്നാട്ടിലെ ഫാക്ടറി പ്രവർത്തനം വീണ്ടും തുടങ്ങാനുള്ള നീക്കങ്ങൾക്കാണ് തിരിച്ചടി നേരിട്ടത്. ഇറക്കുതി നികുതി വർധിപ്പിച്ച സാഹചര്യത്തിൽ ഇന്ത്യയിലെ ഫാക്ടറിയിൽ കാറുകൾ നിർമിച്ച് കയറ്റി അയക്കുന്നത് ലാഭകരമാകില്ലെന്നാണ് വിലയിരുത്തൽ.

​ചെന്നൈക്ക് സമീപം മറൈമലൈ നഗറിലുള്ള ഫാക്ടറി പുനരാരംഭിക്കണോ അതോ മതേങ്കിലും വാഹന നിർമാതാക്കൾക്ക് വിറ്റൊഴിവാക്കണോ എന്നാണ് ഫോർഡ് ആലോചിക്കുന്നത്. ഇക്കാര്യം തീരുമാനിക്കാൻ കമ്പനിയുടെ ഉന്നതതല യോഗം ഉടൻ നടക്കും. വാഹന നിർമാണം അവസാനിപ്പിച്ചതിനെ തുടർന്ന് ഈ ഫാക്ടറി 2022ലാണ് പൂട്ടിയത്. ഇവിടെ എൻജിൻ നിർമാണം ആരംഭിക്കാൻ കമ്പനി ആലോചിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, താരിഫ് നയം മറ്റു നിരവധി കമ്പനികളുടെ വിദേശ നിക്ഷേപ പദ്ധതികൾ അനിശ്ചിതാവസ്ഥയിലാക്കിയത് പോലെ ഫോർഡിനെയും ബാധിക്കുകയായിരുന്നു.

വാഹന നിർമാണ ഹബ് എന്ന നിലയിൽ ഏറെ മുന്നിലെത്താൻ ശ്രമിക്കുന്ന തമിഴ്‌നാട് സർക്കാർ, ഫാക്ടറി എങ്ങനെ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് തീരുമാനിക്കാൻ ഫോർഡ് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിൽ ഇന്ത്യയല്ല, യൂറോപ്യൻ വിപണിയാണ് ഫോർഡിന്റെ മുഖ്യപരിഗണനയിലുള്ളതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. വാഹന നിർമാണത്തിന് ഊർജം പകരാൻ യൂറോപിൽ കോടിക്കണക്കിന് രൂപയാണ് ഫോർഡ് നിക്ഷേപിച്ചത്. ജർമനിയിൽ ഇലക്ട്രിക് വാഹന നിർമാണത്തിനും ​യു.കെയിൽ വാഹന ഘടകങ്ങൾ നിർമിക്കുന്നതിനുള്ള ഹബിലേക്കും 440 കോടി രൂപയാണ് ഫോർഡ് നിക്ഷേപിച്ചത്.

അതേസമയം, കയറ്റുമതിക്ക് വേണ്ടി ചെന്നൈ ഫാക്ടറിയിൽ വാഹന നിർമാണം പുനരാരംഭിക്കാനുള്ള പദ്ധതിയിൽ മാറ്റമില്ലെന്ന് ഫോർഡ് വക്താവ് പറഞ്ഞു. ആഗോള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫോർഡിന്റെ 12,000 ത്തോളം ഐ.ടി, ഫിനാൻസ്, അക്കൗണ്ടിങ് ജീവനക്കാർ ചെന്നൈയിൽ തന്നെയുണ്ടെന്നും തമിഴ്നാട് സർക്കാർ പ്രതിനിധികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - ford motor may rethink of india plant plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.