വായ്പാ കേസ് അടിയന്തരമായി കേൾക്കണമെന്ന് ചന്ദ ​കൊച്ചാർ; നിരസിച്ച് കോടതി

മുംബൈ: വായ്പ തട്ടിപ്പ് കേസ് അടിയന്തരമായി കേൾക്കണമെന്ന ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാറിന്റെ ആവശ്യം ബോംബെ ഹൈകോടതി നിരസിച്ചു. ജനുവരി രണ്ടിന് നടക്കുന്ന സാധാരണ വാദംകേൾക്കലിന് ഹാജരാകാൻ ചന്ദ കോച്ചാറിനോടും ഭർത്താവ് ദീപക് ​കൊച്ചാറിനോടും കോടതി നിർദേശിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റിലായ ഇരുവരെയും കോടതി തിങ്കളാഴ്ച വരെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടിരുന്നു.

ഇരുവരും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് സി.ബി.ഐ ആരോപിച്ചു. ചന്ദ കൊച്ചാർ മേധാവിയായിരിക്കെ ഐ.സി.ഐ.സി.ഐ ബാങ്ക് വായ്പ നിയമങ്ങളും റിസർവ് ബാങ്ക് ചട്ടങ്ങളും ലംഘിച്ച് വിഡിയോകോൺ കമ്പനിക്ക് പല ഘട്ടങ്ങളിലായി 3,250 കോടി രൂപയോളം വായ്പ അനുവദിച്ചെന്നും ഇതിനുപുറകെ വിഡിയോകോൺ ചന്ദയുടെ ഭർത്താവ് ദീപക് കൊച്ചാറിന്റെ കമ്പനിക്ക് 64 കോടി രൂപ നൽകിയെന്നുമാണ് കേസ്.

ഇവരെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ട മുംബൈ കോടതി നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ദമ്പതികൾ ബോം​ബെ ഹൈകോടതിയെ സമീപിച്ചിരുന്നു.

വിഡിയോകോൺ ഗ്രൂപ് മേധാവി വേണുഗോപാൽ ദൂതും ഗ്രൂപ്പിനു കീഴിലെ കമ്പനികളും ദീപക് കൊച്ചാറിന്റെ കമ്പനികളും കേസിൽ പ്രതികളാണ്. ഗൂഢാലോചനക്ക് ഇന്ത്യൻ ശിക്ഷ നിയമത്തിലെയും അഴിമതി നിരോധന നിയമത്തിലെയും വകുപ്പുകൾ ചുമത്തിയാണ് കേസ്.

എന്നാൽ തങ്ങളടെ അറസ്റ്റ് അന്യായമാണെന്ന് കൊച്ചാർ ദമ്പതികൾ കോടതിയിൽ വാദിച്ചു. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെങ്കിൽ സെക്ഷൻ 17 A അനുമതി ആവശ്യമാണ്. എന്നാൽ ഒരു അനുമതിയുമില്ലാതെയാണ് ഏജൻസികൾ അന്വേഷണം നടത്തുന്നതെന്നും കൊച്ചാർ വാദിച്ചു.

കഴിഞ്ഞ ദിവസം വിഡിയോ കോൺഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ദൂതിനെയും സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - Ex-ICICI Bank CEO Chanda Kochhar Denied Urgent Hearing By Bombay High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.