ന്യൂഡൽഹി: തൊഴിലുടമയുടെ അംഗീകാരം ആവശ്യമില്ലാതെ തന്നെ തൊഴിലാളിക്ക് പേരിലും ജനന തീയതിയിലും മറ്റും തിരുത്തൽ വരുത്താൻ അവസരം നൽകി ഇ.പി.എഫ്.ഒ. ഈ സൗകര്യം ശനിയാഴ്ച മുതൽ നിലവിൽ വന്നു. ഇതിനുപുറമെ, ഇ-കെ.വൈ.സിയുള്ള, ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുള്ള അംഗങ്ങൾക്ക് തൊഴിലുടമയുടെ ഇടപെടലില്ലാതെ, ആധാർ ഒ.ടി.പി വഴി ഇ.പി.എഫ് മാറ്റാനുള്ള അപേക്ഷ സമർപ്പിക്കാനുമാകും.
കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവിയ ആണ് ഈ മാറ്റങ്ങൾ അവതരിപ്പിച്ചത്. അംഗങ്ങളുടെ പരാതികളിൽ 27 ശതമാനവും അവരുടെ പ്രൊഫൈൽ, കെ.വൈ.സിയുമായി ബന്ധപ്പെട്ടതാണെന്നും പുതിയ മാറ്റത്തോടെ ഇതിൽ വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു. പേര്, മാതാപിതാക്കളുടെ പേര്, സർവിസ് തീയതികൾ തുടങ്ങിയ മിക്ക കാര്യങ്ങളും ഇനി സ്വയം തിരുത്താം. 2017 ഒക്ടോബർ ഒന്നിനുശേഷം യു.എ.എൻ (യൂനിവേഴ്സൽ അക്കൗണ്ട് നമ്പർ) അനുവദിച്ചവർക്കാണ് ഇതിന് സാധിക്കുക. ഇത്തരമാളുകൾക്ക് തിരുത്തിന് മറ്റ് രേഖകളൊന്നും സമർപ്പിക്കേണ്ടതില്ല. ഇതിനുമുമ്പ് യു.എ.എൻ ലഭിച്ചവർക്കും തൊഴിലുടമ വഴിയുള്ള തിരുത്തിനുള്ള കാര്യങ്ങൾ ലളിതമാക്കിയിട്ടുണ്ട്. മാറ്റങ്ങൾ തൊഴിലുടമയുടെയും ജോലിഭാരം കുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.