സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ രാജിവെച്ചു; ഒഴിഞ്ഞത് എറ്റേണൽ സി.ഇ.ഒ സ്ഥാനം

മുംബൈ: ഫൂഡ് ഡെലിവറി ആപ് സൊമാറ്റോയുടെ മാതൃകമ്പനിയായ എറ്റേണലിന്റെ ചീഫ് എക്സികുട്ടിവ് ഓഫിസർ പദവി രാജിവെച്ച് ദീപീന്ദർ ഗോയൽ. പലചരക്ക് സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ബ്ലിങ്കിറ്റിന്റെ സി.ഇ.ഒ ആൽബിന്ദർ ദിൻഡ്സ ചുമതലയേറ്റെടുക്കുമെന്നും നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിനെ എറ്റേണൽ അറിയിച്ചു. സൊമാറ്റോ സ്ഥാപകനായ ഗോയൽ പടിയിറങ്ങുകയാണെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ എറ്റേണൽ ഓഹരികൾ നിക്ഷേപകർ വൻതോതിൽ വാങ്ങിക്കൂട്ടി. ബുധനാഴ്ച ഓഹരി വില 4.90 ശതമാനം ഉയർന്ന് 282.80 രൂപയിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.

‘‘ഞാൻ ഇന്ന് ഗ്രൂപ്പ് സി.ഇ.ഒ റോളിൽനിന്ന് പടിയിറങ്ങുകയാണ്. ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി, വൈസ് ചെയർമാനായി ഡയറക്ടർ ബോർഡിൽ തുടരും’’ -ഓഹരി ഉടമകൾക്ക് അയച്ച കത്തിൽ ഗോയൽ പറഞ്ഞു. അടുത്തിടെ ഏറെ റിസ്ക് സാധ്യതയുള്ള പര്യവേക്ഷണവും പരീക്ഷണവും ആവശ്യമായ ഒരു പറ്റം പുതിയ ആശയങ്ങൾ കണ്ടെത്തിയെന്നും ഈ ആശയങ്ങൾ എറ്റേണൽ പോലുള്ള ഒരു പൊതു കമ്പനിക്ക് പുറത്ത് പരീക്ഷിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നതായും ഗോയൽ കൂട്ടിച്ചേർത്തു.

പങ്കജ് ഛദ്ദയുമായി ചേർന്ന് 2008ലാണ് ഗോയൽ സൊമാറ്റോ സ്ഥാപിച്ചത്. ഫുഡിബേ എന്നായിരുന്നു തുടക്കത്തിൽ സൊമാറ്റോയുടെ പേര്. റസ്റ്റോറന്റ് മെനു ലഭിക്കാനും റിവ്യൂ നൽകാനുമുള്ള പ്ലാറ്റ്ഫോമായിരുന്നു ഫുഡിബേ. പിന്നീടാണ് രാജ്യത്തെ ഏറ്റവും വലിയ ഫൂഡ് ഡെലിവറി ആപ് ആയി സൊമാറ്റോ മാറുന്നത്. ഇന്ന് 2.73 ലക്ഷം കോടിയിലേറെ രൂപ വിപണി മൂലധനമുള്ള കമ്പനിയാണ് സൊമാറ്റോ. 2021 ജൂലൈയിൽ ഓഹരി വിപണിയിൽ വ്യാപാരം തുടങ്ങിയ ശേഷം നിക്ഷേപകർക്ക് 400 ശതമാനത്തിലേറെ നേട്ടമാണ് കമ്പനി നൽകിയത്.

പുതിയ പദ്ധതികൾക്ക് ഗോയൽ ഫണ്ട് സമാഹരിക്കാൻ തുടങ്ങിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വിയറബ്ൾ സ്റ്റാർട്ട്അപ് ‘ടെമ്പിൾ’ന് വേണ്ടി 50 ദശലക്ഷം ഡോളറാണ് ഗോയൽ കണ്ടെത്തിയത്. മാത്രമല്ല, ബഹിരാകാശ ടെക്നോളജി കമ്പനിയായ പിക്സലിൽ 25 ദശലക്ഷം ഡോളറും ഗോയൽ നിക്ഷേപിട്ടുണ്ട്. ഇതിനെല്ലാം പുറമെ, ആരോഗ്യ ഗവേഷണ സ്ഥാപനമായ ‘കണ്ടിന്യൂ’വും ഹ്രസ്വദൂര വിമാന യാത്രക്കുള്ള എൽ.എ.ടി എയറോസ്​പേസും ഗോയലിന്റെതാണ്. 

Tags:    
News Summary - Deepinder Goyal resigns as CEO of Eternal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.