കാർ പ്രേമികളെ, ഇനി ഡിസ്കൗണ്ട് പ്രതീക്ഷിക്കേണ്ട...

മുംബൈ: കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വാർഷാവസാനം ഡിസ്കൗണ്ട് സീസൺ ആണ്. എല്ലാ വാഹന നിർമാതാക്കളും വിലയിൽ വൻ ഇളവുകളാണ് സാധാരണ വാഗ്ദാനം ചെയ്യാറുള്ളത്. കഴിഞ്ഞ വർഷം മികച്ച വിലക്കിഴിവാണ് നൽകിയിരുന്നത്. എന്നാൽ, ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്. ഡിമാൻഡ് ശക്തമാണെന്ന് മാത്രമല്ല, ഡിസ്കൗണ്ട് നൽകി വിറ്റൊഴിവാക്കാൻ മാത്രം കാറുകൾ സ്റ്റോക്കില്ല. അതുകൊണ്ട്, കാറുകൾ വാങ്ങാൻ  ഓഫറുകൾ ഒത്തിരിയുണ്ടാകാം, പക്ഷെ, ഡിസ്കൗണ്ടുകളൊന്നും പ്രതീക്ഷിക്കേണ്ട.

നവംബറിൽ ആഭ്യന്തര വിപണിയിലെ കാർ വിൽപന വളരെ ശക്തമായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എല്ലാ കാർ നിർമാതാക്കളും റെക്കോഡ് വിൽപന നേട്ടം കൈവരിച്ചിരുന്നു. ദീപാവലി ആഘോഷവും ജി.എസ്.ടി ഇളവുമായിരുന്നു ഉപഭോക്താക്കളെ കാർ വിപണിയിലേക്ക് ആകർഷിച്ചത്. ജി.എസ്.ടി നിരക്ക് കുറച്ചതോടെ ചെറിയ കാറുകൾ താങ്ങാവുന്ന വിലയ്ക്ക് ലഭ്യമായതാണ് വിൽപന വർധിക്കാൻ കാരണമെന്ന് കാർസ്24 സ്ഥാപകനും ചീഫ് മാർക്കറ്റിങ് ഓഫിസറുമായ ഗജേന്ദ്ര ജംഗിദ് പറഞ്ഞു.

ജി.എസ്.ടി ഇളവും സെപ്റ്റംബറിൽ വാങ്ങൽ മാറ്റിവെച്ചതും കാരണം മുൻ വർഷങ്ങളേക്കാൾ ഇത്തവണ ഉത്സവ സീസൺ വളരെ ശക്തമായിരുന്നെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സി.എസ്. വി​ഗ്നേശ്വർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഉത്സവ സീസണിൽ 85 ദിവസം കൊണ്ട് വിൽക്കാനുള്ള സ്റ്റോക്കുകളാണ് കാർ ഡീലർമാർക്കുണ്ടായിരുന്നത്. എന്നാൽ, ഇത്തവണ, 50 ദിവസം കൊണ്ട് വിറ്റു തീർക്കാവുന്ന സ്റ്റോക്ക് മാത്രമേ ബാക്കിയുള്ളൂ. അതായത് വിലക്കുറവ് പ്രതീക്ഷിക്കുന്നതിനു മുമ്പ് ഈ വർഷത്തെ സ്റ്റോക്കുകൾ ഡീലർമാർ വിറ്റുതീർക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഡിമാൻഡ് ശക്തമാണെങ്കിൽ ഡിസ്കൗണ്ട് കുറയുമെന്നാണ് വിപണിയിലെ ഈ ട്രെൻഡ് വ്യക്തമാക്കുന്നത്. ഉദാഹരണത്തിന് കോംപാക്ട് എസ്.യു.വികൾ ​പോലെ മികച്ച ഡിമാൻഡുള്ള വാഹനങ്ങൾ വാങ്ങുകയാണെങ്കിൽ ഇളവുകൾ പ്രതീക്ഷിക്കേണ്ട. അതേസമയം, പഴയ ബോഡി സ്റ്റൈലുള്ളതും ജനപ്രിയമല്ലാത്തതുമായ മോഡലുകൾ വിലക്കുറവിൽ ലഭിക്കാനും സാധ്യതയുണ്ട്.

ഡിസംബറിൽ കാർ വാങ്ങാൻ ഉപഭോക്താക്കൾ ഏറ്റവും മടി കാണിക്കുന്നതിന്റെ കാരണം പുതുവർഷത്തോടെ പുതിയ മോഡൽ വിപണിയിലെത്തുമെന്നതാണ്. ഡിസംബറിൽ റജിസ്റ്റർ ചെയ്ത കാർ വിൽക്കുമ്പോൾ ജനുവരിയിൽ റജിസ്റ്റർ ചെയ്ത കാറിനേക്കാൾ വില വളരെ കുറയുമെന്നതും ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്നു. എന്നാൽ, ഡിസംബർ, ജനുവരി വ്യത്യാസങ്ങളില്ലാതെ ആദ്യത്തെ മൂന്ന് വർഷത്തിനുള്ളിൽ പുതിയ കാറിന്റെ മൂല്യത്തിൽ ഗണ്യമായ കുറവു വരുമെന്നാണ് കണക്കുകൾ പറയുന്നത്. 

Tags:    
News Summary - December is here. but dont expect discount on cars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.