ന്യൂഡൽഹി: പൊതുമേഖലാ ടെലകോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ) 17 വർഷത്തിനു ശേഷം ആദ്യമായി ലാഭത്തിലെത്തി. നടപ്പു സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദമായ ഒക്ടോബർ -ഡിസംബർ കാലയളവിൽ 262 കോടി രൂപയുടെ ലാഭമാണ് കമ്പനിക്ക് നേടാനായത്. ഇതിൽ 80 കോടിയും കേരള സർക്കിളിൽനിന്നാണ് ലഭിച്ചതെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ സാമ്പത്തിക വർഷവും കമ്പനിക്ക് കേരള സർക്കിളിൽ ലാഭമായിരുന്നു. ഈ സാമ്പത്തിക വർഷം മൂന്ന് പാദങ്ങളിൽനിന്നായി 114 കോടിയുടെ ലാഭമാണ് കേരള സർക്കിളിൽനിന്ന് മാത്രം കമ്പനി നേടിയത്. ദേശീയതലത്തിൽ ഇതിനുമുമ്പ് 2007ലാണ് കമ്പനിക്ക് ലാഭമുണ്ടായിരുന്നത്. 2020-21 വരെ വലിയ നഷ്ടത്തിലായിരുന്ന കമ്പനി, ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചും ഫൈബർ രംഗത്തെ വിപ്ലവമായ എഫ്.ടി.ടി.എച്ച് അവതരിപ്പിച്ചുമാണ് കരകയറിയത്.
ഏറ്റവും ഒടുവിലത്തെ ലാഭത്തിന് പ്രധാന ഘടകമായതും അതിവേഗ ഇന്‍റർനെറ്റ് സേവനമായ എഫ്.ടി.ടി.എച്ച് തന്നെയാണ്. രണ്ടാംപാദത്തേക്കാൾ 18 ശതമാനം വരുമാന വർധനയാണ് ഇതിലൂടെ നേടിയത്. മൊബൈൽ സേവനത്തിന് മറ്റ് കമ്പനികൾ താരിഫ് കൂട്ടിയപ്പോൾ, മാറ്റമില്ലാതെ തുടർന്നതോടെ വരിക്കാരുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടായി.
നേരത്തെ മോശം ഇന്‍റർനെറ്റിന്‍റെയും നെറ്റ്‍വർക്ക് കവറേജിന്‍റെയും പേരിൽ പഴി കേട്ടിരുന്ന കമ്പനി ലാഭത്തിലേക്കെന്ന റിപ്പോർട്ട് ശുഭ സൂചനയായാണ് ബിസിനസ് ലോകം വിലയിരുത്തുന്നത്. സ്വകാര്യ സേവന ദാദാക്കൾ ഫൈവ് ജി സർവീസ് വ്യാപകമാക്കുമ്പോഴും ബി.എസ്.എൻ.എൽ ഫോർ ജി പോലും എല്ലായിടത്തും ലഭ്യമാക്കുന്ന നിലയിലേക്ക് ഉയരാത്തതിൽ ആക്ഷേപമുണ്ട്. കമ്പനി നേട്ടത്തിലേക്ക് എത്തുന്ന പക്ഷം മികച്ച സേവനം ലഭ്യമാക്കുമെന്നാണ് ഉപയോക്താക്കളുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.