ഫ്രൈഡ് ചിക്കനും പിസയുമല്ല, കെ.എഫ്.സി, പിസ ഹട്ട് ഉടമയുടെ വരുമാനം ബിരിയാണി

മുംബൈ: ഫ്രൈഡ് ചിക്കനും പിസയും വിൽക്കുന്ന കമ്പനിക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുത്തത് ബിരിയാണി. ഇന്ത്യയിലെ ഫ്രൈഡ് ചിക്കൻ ബ്രാൻഡായ കെ.എഫ്.സിയുടെയും പിസ ബ്രാൻഡായ പിസ ഹട്ടിന്റെയും നടത്തിപ്പുകാരായ ദേവയാനി ഇന്റർനാഷനലിന്റെ വരുമാനമാണ് ബിരിയാണി വിൽപനയിലൂടെ കുതിച്ചുയർന്നത്. വരുമാനം ഉയർന്നതോടെ ദേവയാനിയിൽ നിക്ഷേപകരുടെ താൽപര്യവും വർധിച്ചു. ഡിസംബർ സാമ്പത്തിക പാദത്തിലെ കമ്പനിയുടെ ഫലത്തിനും പുതിയ ചീഫ് എക്സികുട്ടിവ് ഒഫീസറായി മനീഷ് ദവാറിനെ നിയമിക്കാനുള്ള തീരുമാനത്തിനും നിക്ഷേപകർ വൻ സ്വീകരണമാണ് നൽകിയത്. കഴിഞ്ഞ നാല് ദിവസത്തിനിടെ ദേവയാനി ഓഹരി വില 14 ശതമാനം ഉയർന്നു.

ഡിസംബർ പാദത്തിൽ കമ്പനി നേടിയത് 1441 കോടി രൂപയുടെ വരുമാനമാണ്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11.3 ശതമാനം വർധന. മാത്രമല്ല, ഇന്ത്യയിലും വിദേശത്തുമുള്ള സ്റ്റോറുകളുടെ എണ്ണവും കുതിച്ചുയർന്നു. 11.8 ശതമാനം വർധിച്ച് സ്റ്റോറുകളുടെ എണ്ണം 2,279 ആയി. ഈ പാദത്തിലെ വളർച്ചയുടെ പ്രധാന ഘടകം കെ.എഫ്‌.സിയോ പിസ ഹട്ടോ അല്ല, മറിച്ച് കമ്പനിയുടെ സ്വന്തം ബ്രാൻഡുകളായ വാങ്കോ, ബിരിയാണി ബൈ കിലോ, ഗോയില ബട്ടർ ചിക്കൻ എന്നിവയാണ്.

ഡിസംബർ പാദത്തിലെ മൊത്തം വരുമാനത്തിൽ ഏഴ് ശതമാനം സ്വന്തം ബ്രാൻഡുകളുടെ സംഭാവനയാണ്. കഴിഞ്ഞ വർഷം ഇത് രണ്ട് ശതമാനമായിരുന്നു. ഇവയുടെ വരുമാനം 20 കോടിയിൽ നിന്ന് 94 കോടിയായി ഉയർന്നു. മാത്രമല്ല, ദേവയാനിയുടെ വരുമാന വളർച്ചയിൽ പകുതിയോളം സ്വന്തം ബ്രാൻഡുകളാണ് സംഭാവന ചെയ്തത്. സ്വന്തം സ്റ്റോറുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ 96ൽനിന്ന് 218 ആയി ഉയർന്നു. പ്രവർത്തന ചെലവ് നികത്താൻ കഴിയുന്ന അത്രയും വരുമാനം ബിരിയാണി ബൈ കിലോക്ക് ലഭിച്ചു.

ദീർഘകാല നിക്ഷേപകരെ സംബന്ധിച്ച് ബിരിയാണി ബൈ കിലോയുടെ വളർച്ച മികച്ച അവസരമാണെന്നാണ് വിപണിയിലെ വിദഗ്ധർ പറയുന്നത്. ഇന്ന് നേടിയ ലാഭം ചെറുതാണെങ്കിലും നാളെ ഗണ്യമായ വർധനക്ക് സാധ്യതയുണ്ടെന്ന് അവർ വിലയിരുത്തുന്നു. കെ.എഫ്.സിയും പിസ ഹട്ടുമാണ് ദേവയാനിയുടെ മുഖ്യ ബ്രാൻഡുകൾ. എന്നാൽ, ഫ്രൈഡ് ചിക്ക​ന്റെയും പിസയുടെ ബിസിനസ് പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കെ.എഫ്.സിയുടെ വിൽപന 2.9 ശതമാനവും പിസ ഹട്ടിന്റെ വിൽപന 9.1 ശതമാനവും ഇടിഞ്ഞു. വിൽപനയിൽ തുടർച്ചയായ ഇടിവുണ്ടാകുന്നത് ഏറെ ആശങ്കക്കിടയാക്കുന്നുണ്ട്. ക്വിക് സർവിസ് റസ്റ്ററന്റുകളിൽനിന്നുള്ള മത്സരമാണ് കെ.എഫ്.സിയുടെയും പിസ ഹട്ടിന്റെ വിൽപന ഇടിച്ചത്. സ്റ്റോറുകളിലേക്ക് കൂടുതൽ ഉപഭോക്താക്കൾ വരികയും കൂടുതൽ പണം ചെലവഴിക്കുകയും ചെയ്താൽ മാത്രമേ കമ്പനിക്ക് സുസ്ഥിര വളർച്ച നേടാൻ കഴിയൂ​വെന്നാണ് റിപ്പോർട്ട്. 

Tags:    
News Summary - Biryani boosts Devyani more than fried chicken or pizza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.