ബംഗളൂരു: അർബുദം അടക്കമുള്ള ജീവിത ശൈലി രോഗങ്ങളുടെ കേന്ദ്രമായി മാറിയ കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ കോടികൾ നിക്ഷേപിച്ച് വൻകിട കമ്പനികൾ. രണ്ട് വർഷത്തിനുള്ളിൽ 700 ദശലക്ഷം ഡോളർ അതായത് 7000 കോടി രൂപയാണ് നിക്ഷേപിച്ചത്. 2023 ഒക്ടോബറിന് ശേഷം കേരളത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പത്തോളം കമ്പനികൾ നിക്ഷേപം നടത്തിയെന്നാണ് റിപ്പോർട്ട്. കുറഞ്ഞ കാലത്തിനിടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ പോലും പ്രധാനപ്പെട്ട ആശുപത്രികൾ സാന്നിധ്യം ശക്തമാക്കിയതോടെയാണ് നിക്ഷേപം ഒഴുകിയത്.
ടി.പി.ജി, ബ്ലാക്സ്റ്റോൺ, കെ.കെ.ആർ തുടങ്ങിയ യു.എസ് കമ്പനികളും ഐ.സി.ഐ.സി.ഐ വെഞ്ച്വർ, സി.എസ് പാർട്ണേസ് തുടങ്ങിയ ആഭ്യന്തര കമ്പനികളുമാണ് പ്രധാനമായും നിക്ഷേപം നടത്തിയത്. മഹാരാഷ്ട്ര, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ആശുപത്രികൾ പലതും ലയിപ്പിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്നതിനിടെയാണ് കേരളത്തിലേക്ക് നിക്ഷേപം ഒഴുകുന്നത്.
സംസ്ഥാനത്തെ പല മികച്ച ആശുപത്രികളും നടത്തുന്നത് ലാഭേച്ഛയില്ലാത്ത സംഘങ്ങളാണ്. ഇതാണ് പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകരെ ആകർഷിക്കുന്നത്. മാത്രമല്ല, ഡോക്ടർമാരും അവരുടെ കുടുംബങ്ങളും നടത്തുന്ന നിരവധി ആശുപത്രികളും സംസ്ഥാനത്തുണ്ട്. അന്താരാഷ്ട്ര ഗുണമേന്മ ഉറപ്പുനൽകുന്ന ചികിത്സ സൗകര്യങ്ങളുള്ള കേരളത്തിന്റെ ആരോഗ്യ മേഖലയിൽ നിക്ഷേപിക്കുന്നതിലൂടെ കോടികളുടെ ലാഭം കൊയ്യാമെന്നതാണ് സ്വകാര്യ കമ്പനികളുടെ ലക്ഷ്യം. ഗുണമേന്മയുള്ള ചികിത്സക്ക് സ്വകാര്യ ആശുപത്രികളിൽ പണം മുടക്കാൻ മലയാളികൾക്ക് മടിയില്ലെന്നതും ആരോഗ്യ മേഖലയുടെ ശക്തമായ വളർച്ച സാധ്യതയാണ് സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ ഉയർന്ന വരുമാനവും ആരോഗ്യ ബോധവുമാണ് ആരോഗ്യ മേഖലയുടെ വളർച്ചയുടെ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി.
ലോകത്തെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപ കമ്പനിയായ ബ്ലാക്സ്റ്റോൺ വൻതുക നിക്ഷേപിച്ച് മലപ്പുറത്തെ കിംസ് അൽഷിഫ ആശുപത്രിയാണ് ഏറ്റെടുത്തിരിക്കുന്നത്. ബ്ലാക്സ്റ്റോണിന്റെ ഹൈദരാബാദ് ആസ്ഥാനമായ ക്വാളിറ്റി കെയർ കമ്പനി തിരുവനന്തപുരത്തെ കിംസ് ഹെൽത് മാനേജ്മെന്റിൽ 300 ദശലക്ഷം ഡോളർ (2,697 കോടി രൂപ) നിക്ഷേപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തെ ആരോഗ്യ മേഖല സ്വകാര്യ നിക്ഷേപകരുടെ ശ്രദ്ധയിൽപെട്ടത്. യു.എസിലെ ടെകസസ് ആസ്ഥാനമായ ടി.പി.ജി ഐ.എൻ.സിയും 100 ദശലക്ഷം ഡോളർ (899 കോടി രൂപ) കിംസിൽ നിക്ഷേപിച്ചിട്ടുണ്ട്.
കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രി (ബി.എം.എച്ച്) യുടെ 70 ശതമാനം ഓഹരികൾ ന്യൂയോർക്ക് ആസ്ഥാനമായ കെ.കെ.ആറാണ് സ്വന്തമാക്കിയത്. മാക്സ് ഹെൽത് കെയറിൽനിന്ന് അഞ്ച് മടങ്ങ് ലാഭം നേടിയ ശേഷമാണ് ബി.എം.എച്ചിനെ കെ.കെ.ആർ ഏറ്റെടുത്തത്. കഴിഞ്ഞ വർഷം ജൂലായിലായിരുന്നു ഏറ്റെടുക്കൽ. മാത്രമല്ല, കോഴിക്കോട്ടെ മെയ്ത്ര ആശുപത്രിയും തൊടുപുഴയിലെ 350 കിടക്കകളുള്ള ചാഴിക്കാട്ട് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയും കെ.കെ.ആർ സ്വന്തമാക്കിയിട്ടുണ്ട്.
നിക്ഷേപത്തിന് മുന്നോടിയായി കെ.കെ.ആർ സഹസ്ഥാപകൻ ഹെൻട്രി ക്രവിസും ബെയ്ൻ കാപിറ്റൽ, ബ്ലാക്സ്റ്റോൺ തുടങ്ങിയ കമ്പനികളിലെ മുതിർന്ന ഉദ്യോഗസ്ഥരും കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിച്ചിരുന്നു. 2027 ഓടെ രാജ്യത്തെ ആശുപത്രികളുടെ വരുമാനം 219 ബില്ല്യൻ ഡോളർ അതായത് 19.66 ലക്ഷം കോടി രൂപയാകുമെന്നാണ് സർക്കാർ ഏജൻസിയായ ഇൻവെസ്റ്റ് ഇന്ത്യയുടെ കണക്കുകൂട്ടൽ. 2021ലെ വരുമാനത്തിന്റെ ഇരട്ടിയിലേറെയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.