കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ലുലു ഗ്രൂപ് ചെയർമാൻ യൂസഫ് അലി എന്നിവരോടൊപ്പം ബഹ്റൈൻ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു
മനാമ: കൊച്ചിയിൽ കേരള സർക്കാർ നടത്തുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുത്ത് ബഹ്റൈൻ. വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സമ്മിറ്റിൽ ബഹ്റൈന്‍റെ പ്രതിനിധികളായി പങ്കെടുത്തത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സമ്മിറ്റിൽ ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ചരിത്രപരമായ പങ്കാളിത്തത്തിന്‍റെ ഖ്യാതി ബഹ്റൈനെ പ്രതിനിധീകരിച്ച് സംസാരിച്ച ആദിൽ ഫഖ്റു പറഞ്ഞു. ഇരു രാജ്യങ്ങളുടെയും വളർന്നുവരുന്ന വികസനത്തിനും ജനങ്ങളുടെ പ്രയോജനത്തിനുതകുന്ന നവീകരണവും സംരംഭകത്വവും വർധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ബഹ്റൈന്‍റെ ആഗ്രഹവും മന്ത്രി അറിയിച്ചു.
അറേബ്യൻ ഗൾഫിന്‍റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ബഹ്റൈൻ, മിഡിൽ ഈസ്റ്റിലേക്കും ലോക വിപണികളിലേക്കുമുള്ള ഒരു പ്രധാന കവാടമാണ്. അതിനാൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും വ്യാവസായിക മേഖലകളെ വൈവിധ്യവൽക്കരിക്കുന്നതിനും ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിനുമുള്ള മികച്ച ഇടമാണ് ബഹ്റൈൻ. 100 ശതമാനം വിദേശ ഉടമസ്ഥാവകാശം പ്രാപ്തമാക്കുക, വാണിജ്യ നടപടിക്രമങ്ങൾ ലഘൂകരിക്കുക, വ്യവസായ സൗഹൃദ അന്തരീക്ഷം നൽകുക എന്നീ രാജ്യത്തിന്‍റെ ആകർഷകമായ നിയമങ്ങളെ മന്ത്രി ആദിൽ ഫഖ്റു എടുത്തു പറഞ്ഞു.
ബഹ്റൈന്‍റെ സാമ്പത്തിക ദർശനം 2030ന്‍റെ നേട്ടത്തിനായി വാഗ്ദാനം ചെയ്ത വിപുലമായ ഉൽപ്പാദനം, സാമ്പത്തിക സാങ്കേതികവിദ്യ, സുസ്ഥിര ഊർജം, നിർമാണ വ്യവസായങ്ങൾ തുടങ്ങിയ സാമ്പത്തിക മേഖലകളിലെ അവസരങ്ങൾ മന്ത്രി തന്റെ പ്രസംഗത്തിൽ അവലോകനം ചെയ്തു. സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും തന്ത്രപരമായ പങ്കാളിത്തങ്ങൾ സൃഷ്ടിക്കാനും ഇത് ലക്ഷ്യമിടുന്നതായും വിപുലമായ അടിസ്ഥാന സൗകര്യങ്ങളും സ്വതന്ത്ര വ്യാപാര കരാറുകളുമുള്ള വ്യവസായ മേഖലകളെ പ്രയോജനപ്പെടുത്താൻ കേരളത്തിൽ നിന്നുള്ള സംരംഭകരേയും നിക്ഷേപകരെയും അദ്ദേഹം രാജ്യത്തേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ഇന്ത്യയുമായും, പ്രത്യേകിച്ച് കേരളവുമായി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ബഹ്റൈന്‍റെ താൽപര്യം അറിയിച്ചാണ് അബ്ദുല്ല ആദിൽ ഫഖ്റു പ്രസംഗം അവസാനിപ്പിച്ചത്.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ സംസാരിക്കുന്ന ബഹ്റൈൻ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു
ശേഷം കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്, ലുലു ഗ്രൂപ് ചെയർമാൻ യൂസഫ് അലി എന്നിവരുമായി അബ്ദുല്ല ആദിൽ ഫഖ്റു കൂടിക്കാഴ്ച നടത്തി.
22 സെഷനുകളായാണ് സമ്മിറ്റ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ വ്യവസായ മേഖലകളിൽ നിലവിലുള്ള ആവാസ വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള ചർച്ചകളും കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള തുടർ പദ്ധതികളും ഈ സെഷനുകളിൽ ചർച്ചചെയ്യും. സസ്‌റ്റെയ്‌നബൾ ടെക്നോളോജിസ്, ഇന്നോവേഷൻ ആൻഡ് ഇൻഡസ്ട്രി 4.0, സ്ട്രാറ്റജിക് ഇൻഡസ്ട്രീസ്, ഇന്നോവേഷൻ ഇൻ ഹെൽത്ത്, ഫിൻടെക്, ടൂറിസം, ഫുഡ് പ്രോസസ്സിങ് തുടങ്ങിയ വിവിധ ഫോക്കസ് സെക്ടറുകളിലൂന്നിയാണ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് നടത്തുന്നത്. വിവിധ മേഖലകളിലുള്ള ഏകദേശം നൂറോളം പ്രഭാഷകരാണ് സമ്മിറ്റിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.