രത്തൻ ടാറ്റക്ക് 'അസം ബൈഭവ്' സിവിലിയൻ ബഹുമതി

ഗുവാഹത്തി: അസമിന്‍റെ ഉന്നത സിവിലിയൻ ബഹുമതിയായ 'അസം ബൈഭവ്' വ്യവസായി രത്തൻ ടാറ്റക്ക്. തലസ്ഥാനമായ ഗുവാഹത്തിയിൽ ജനുവരി 24ന് നടക്കുന്ന ചടങ്ങിൽ ബഹുമതി സമ്മാനിക്കും. ഗവർണർ പ്രഫ. ജഗദീഷ് മുഖിയും മുഖ്യമന്ത്രി ഹെമന്ത ബിശ്വ ശർമ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.

കോവിഡ് പശ്ചാത്തലത്തിൽ രത്തൻ ടാറ്റ ചടങ്ങിൽ നേരിട്ട് പങ്കെടുക്കില്ല. പകരം ബഹുമതി ഏറ്റുവാങ്ങാൻ പ്രതിനിധിയെ അസമിലേക്ക് അയക്കും. അസം സൗരവ്, അസം ഗൗരവ് എന്നീ സിവിലിയൻ ബഹുമതികളും ജനുവരി 24ന് സമ്മാനിക്കും.

അസമീസ് ജനതയുടെ ക്ഷേമത്തിനായുള്ള രത്തൻ ടാറ്റയുടെ വ്യക്തിഗത പ്രതിബദ്ധതയെ ആദരിക്കുന്നതിന്‍റെ ഭാഗമായാണ് ബഹുമതിയെന്ന് ഹെമന്ത ബിശ്വ വ്യക്തമാക്കി.

സംസ്ഥാനത്ത് അർബുദ ചികിത്സാ സൗകര്യങ്ങൾ സ്ഥാപിക്കുന്നതിൽ രത്തൻ ടാറ്റയുടെ സംഭാവന പരിഗണിച്ചാണ് ബഹുമതി. ഈ പദ്ധതിക്ക് സാമ്പത്തിക നൽകി കൊണ്ട് 2018ൽ അസം സർക്കാരുമായി ടാറ്റ ട്രസ്റ്റ് ധാരണാപത്രം ഒപ്പുവെച്ചിരുന്നു.

പ്രഫ. കമലേന്തു ദേബ്ക്രോരി, ഡോ. ലക്ഷ്മണൻ എസ്, പ്രഫ. ദീപക് ചന്ദ് ജെയിൻ, നീൽ പവൻ ബറുവ, ലോവ് ലിന ബൊർഗോഹൈൻ എന്നിവർക്കാണ് അസം സൗരവ് ബഹുമതി. ലോവ്‌ലിന ബോർഗോഹൈൻ ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയിരുന്നു. പ്രശസ്ത അസമീസ് കലാകാരനാണ് നീൽ പവൻ ബറുവ.

മുനീന്ദ്രനാഥ് നാറ്റേ, മനോജ് കർ ബസുമതരി, ഹെമോപ്രഭ ചുട്ടിയ, ദരണീധരൻ ബോറോ, ഡോ. ബസന്ത ഹസാരിക, ഖോർസിങ് തെരഗ്, നമിത കലിത, കൗശിക് ബൊറുവ, ബോബി ഹസാരിക, ആകാശ് ജ്യോതി ഗൊഗോയ്, ഡോ. അസിഫ് ഇഖ്ബാൽ, കൽപന ബോറോ, ബൊർനിത മോമിൻ എന്നിവർക്കാണ് അസം ഗൗരവ് ബഹുമതി. ഹേമോപ്രഭ ചുട്ടിയ റെക്കോർഡ് നേടിയ നെയ്ത്തുകാരിയാണ്.

Tags:    
News Summary - Assam Highest Civilian Award 'Asom Baibhav' To Ratan Tata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.