ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പ്രമുഖ എജ്യു-ടെക് കമ്പനി ബൈജൂസുമായി ഒത്തുതീർപ്പുണ്ടാക്കാനും അവർക്കെതിരായ പാപ്പരത്ത നടപടികൾ അവസാനിപ്പിക്കാനുമുള്ള ബി.സി.സി.ഐയുടെ അപേക്ഷയിൽ ഒരാഴ്ചക്കകം തീരുമാനമെടുക്കാൻ ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രൈബ്യൂണൽ (എൻ.സി.എൽ.എ.ടി) ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനോട് (എൻ.സി.എൽ.ടി)നിർദേശിച്ചു. ബൈജൂസിന്റെ കടക്കാരുടെ കമ്മിറ്റിയിൽ ഗ്ലാസ് ട്രസ്റ്റിനെയും ആദിത്യ ബിർല ഫിനാൻസിനെയും വീണ്ടും ഉൾപ്പെടുത്താനുള്ള നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ മുൻ ഉത്തരവ് ചോദ്യംചെയ്ത് റിജു രവീന്ദ്രൻ നൽകിയ ഹരജിയിലാണ് എൻ.സി.എൽ.എ.ടിയുടെ രണ്ടംഗ ചെന്നൈ ബെഞ്ചിന്റെ ഉത്തരവ്. ബൈജൂസിന്റെ മുൻ പ്രമോട്ടറും ഉടമ ബൈജു രവീന്ദ്രന്റെ സഹോദരനുമാണ് റിജു രവീന്ദ്രൻ.
എൻ.സി.എൽ.ടിയുടെ ബംഗളൂരു ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് റിജു രവീന്ദ്രൻ അപ്പലറ്റ് ട്രൈബ്യൂണലിനെ സമീപിച്ചത്. കടക്കാരുടെ കമ്മിറ്റി രൂപവത്കരിക്കുന്നതിന് മുമ്പുതന്നെ ബി.സി.സി.ഐയുമായി ഒത്തുതീർപ്പിലെത്തിയിരുന്നുവെന്നാണ് റിജു രവീന്ദ്രന്റെ വാദം. എന്നാൽ, വിഷയത്തിന്റെ വസ്തുതകളെക്കുറിച്ച് നിരീക്ഷണം നടത്തുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
നേരത്തെ ബൈജൂസും ബി.സി.സി.ഐയും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പ് കരാർ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ബി.സി.സി.ഐക്ക് 158 കോടി രൂപ നൽകിയ കരാർ അംഗീകരിച്ച ദേശീയ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ ബൈജൂസിന് കടം നൽകിയവർ സമർപ്പിച്ച ഹരജിയിലായിരുന്നു വിധി. അമേരിക്കയിലെ ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ് ബൈജൂസ് ബി.സി.സി.ഐക്ക് 158 കോടി രൂപ നൽകിയത് ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. മറ്റ് കടക്കാർക്ക് 15000 കോടിയോളം രൂപ നൽകാനുള്ളപ്പോൾ ബൈജൂസ് ബി.സി.സി.ഐയുടെ കടം മാത്രം നൽകിയതിന്റെ കാരണവും കോടതി ആരാഞ്ഞിരുന്നു.
പാപ്പരത്ത നടപടികൾ സ്വീകരിക്കുന്ന ദേശീയ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണൽ (എൻ.സി.എൽ.എ.ടി) എന്തുകൊണ്ടാണ് പാപ്പരത്ത നടപടികൾ അവസാനിപ്പിക്കുമ്പോൾ വേണ്ടത്ര ശ്രദ്ധ പുലർത്താതിരുന്നതെന്നും കോടതി ചോദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.