'ഒരുകുടുംബം ഒരുസംരംഭം'; പുതിയ പലിശ സബ്സിഡി പദ്ധതി

സംസ്ഥാന സർക്കാർ 2022-23 സംരംഭക വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഒരുവർഷം കൊണ്ട് ഒരുലക്ഷം സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുക എന്നതാണ്‌ ലക്ഷ്യം. ഇതിന്റെ ഭാഗമായി 'ഒരുകുടുംബം ഒരുസംരംഭം' പേരിൽ പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നു.

2011 ജനസംഖ്യ കണക്കുപ്രകാരം 78.5 ലക്ഷം കുടുംബങ്ങളാണ്‌ സംസ്ഥാനത്തുള്ളത്. ഒരോ കുടുംബത്തിലും ഒരു വ്യവസായ അനുബന്ധ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും വനിതകളെ സ്വയംപര്യാപ്തരാക്കുന്നതിനുമുള്ള പ്രോത്സാഹന സഹായപിന്തുണ നൽകുക എന്നതാണ്‌ 'ഒരുകുടുംബം ഒരുസംരംഭം' പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടത്തിപ്പിന് 400 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തും.

ഒരോ കുടുംബത്തിലും ഒരു സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്‌ സർക്കാർ സഹായം നല്കും. പലിശ സബ്സിഡി രൂപത്തിലാണ്‌ സഹായം. ധനകാര്യസ്ഥാപനത്തിൽനിന്ന് സംരംഭകൻ ലഭിച്ച വായ്പ തുകയുടെ പലിശക്കാണ്‌ സബ്സിഡി.

പദ്ധതിയുടെ 50 ശതമാനം ഗുണഭോക്താക്കൾ വനിതകളായിരിക്കും. അംഗപരിമിതർ, വിമുക്തഭടൻ, എസ്.സി/എസ്.ടി, എൻ.ആർ.കെ, 45 വയസ്സിൽ താഴെയുള്ള യുവതീ യുവാക്കൾ എന്നിവർക്ക് മുൻഗണന നല്കും.

ആരെല്ലാമാണ്‌ യോഗ്യർ?

പുതുതായി ആരംഭിക്കുന്ന സംരംഭമായിരിക്കണം. ഉല്പാദന, സർവിസ്, ബോ വർക്ക്, കച്ചവടമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും യോഗ്യരാണ്‌. യൂനിറ്റിന്റെ ആസ്തി വികസന മൂലധനത്തിനോ പ്രവർത്തന മൂലധനത്തിനോവേണ്ടി ധനകാര്യ സ്ഥാപനത്തിൽനിന്ന് വായ്പ നേടിയിട്ടുണ്ടാകണം.

പദ്ധതി ചെലവ് ഫിക്സഡ് ക്യാപിറ്റലും വർക്കിങ് ക്യാപിറ്റലുമുൾപ്പടെ പത്തുലക്ഷം രൂപ കവിയാൻ പാടില്ല. കേന്ദ്ര-സംസ്ഥാന, തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് ഗ്രാന്റോ സഹായമോ കൈപ്പറ്റിയവരാകരുത്. ഫാം സെക്ടർ മേഖല പദ്ധതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അഞ്ചുശതമാനം വരെ സബ്സിഡി

യൂനിറ്റിന്റെ ആസ്തിവികസന മൂലധനത്തിനോ പ്രവർത്തന മൂലധനത്തിനോവേണ്ടി ധനകാര്യ സ്ഥാപനത്തിൽ നിന്നെടുത്ത വായ്പക്കാണ്‌ പലിശ സബ്സിഡി ആനുകൂല്യം. ഫിക്സഡ് ക്യാപിറ്റലും വർക്കിങ് ക്യാപിറ്റലുമടക്കം പത്തുലക്ഷം രൂപ വരെയുള്ള വായ്പ തുകക്ക് മാത്രമേ സബ്സിഡി ലഭിക്കൂ.

പരമാവധി അഞ്ചുശതമാനമായിരിക്കും പലിശ സബ്സിഡി. ഫലത്തിൽ സംരംഭകൻ നാല്‌ ശതമാനം മാത്രമായിരിക്കും വായ്പ പലിശയായി അടക്കേണ്ടിവരുക. വാർഷികാടിസ്ഥാനത്തിലാണ്‌ സർക്കാർ ബാങ്കുകൾക്ക് പലിശ സബ്സിഡി അനുവദിക്കുന്നത്. വായ്പ ലഭിച്ച് തുടർന്നുള്ള അഞ്ചുവർഷ കാലാവധിയിൽ മാത്രമായിരിക്കും സബ്സിഡി.

പ്ലാന്റ്, മെഷിനറികൾ, ഇലക്ട്രിഫിക്കേഷൻ, ടൂൾ, ജിഗ്സ്, ഫിക്സ്ചർ, ഓഫിസ് ഉപകരണങ്ങൾ, ഫർണിച്ചർ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ്‌ പദ്ധതിച്ചെലവ് കണക്കാക്കുന്നത്. പ്രവർത്തന മൂലധന ചെലവ് പദ്ധതി ചെലവിന്റെ 50 ശതമാനത്തിൽ അധികരിക്കാൻ പാടില്ല.

ഓൺലൈൻവഴി അപേക്ഷ

ഓൺലൈൻ വഴിയാണ്‌ അപേക്ഷിക്കേണ്ടത്. സംരംഭകന്റെ കെ.വൈ.സി, ഉദ്യം രജിസ്ട്രേഷൻ, പദ്ധതി രൂപരേഖ, ബാങ്ക് വായ്പ അനുവദിച്ച കത്ത്, ബാങ്ക് വായ്പ പാസ്ബുക്ക് കോപ്പി എന്നിവ സമർപ്പിക്കണം. ബാങ്കിന്റെ വായ്പ തിരിച്ചടവ്വ് സ്റ്റേറ്റ്മെന്റ്, ബാങ്ക് കൺഫർമേഷൻ സ്റ്റേറ്റ്മെന്റ്, ബാങ്ക് ശിപാർശ എന്നിവ ഓരോ വർഷവും തുടർ ആനുകൂല്യത്തിന് സമർപ്പിക്കണം.

വായ്പ ലഭിച്ച് മൂന്നുമാസത്തിനുള്ളിൽ അപേക്ഷ സമർപ്പിച്ചവർക്കായിരിക്കും മുൻഗണന. ജില്ല വ്യവസായകേന്ദ്ര ജനറൽ മാനേജർക്ക് അധിക മൂന്നുമാസംകൂടി അനുവദിച്ച് നൽകാനുള്ള അധികാരമുണ്ട്. ഒരുവർഷത്തിലധികരിച്ച അപേക്ഷ നിരുത്സാഹപ്പെടുത്തും.

താലുക്ക് വ്യവസായ ഓഫിസറാണ്‌ സംരംഭകന്റെ പദ്ധതി ശിപാർശ ചെയ്ത് ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർക്ക് നൽകുന്നത്. ജനറൽ മാനേജറാണ്‌ സബ്സിഡി അനുവദിക്കുന്ന അധികാരി. പദ്ധതിയുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുക്കുന്നത്.

പൂർണമായ അപേക്ഷ ലഭിച്ച് 15 ദിവസത്തിനുള്ളിൽ തീർപ്പാക്കണമെന്ന് ഉത്തരവിൽ നിഷ്കർഷിക്കുന്നുണ്ട്. ജനറൽ മാനേജറുടെ തീരുമാനത്തിൽ അതൃപ്തിയുണ്ടെങ്കിൽ 30 ദിവസത്തിനകം വ്യവസായ-വാണിജ്യ ഡയറക്ടർക്ക് പരാതി സമർപ്പിക്കാം.

Tags:    
News Summary - A family is an enterprise-New Interest Subsidy Scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.