കൊച്ചി: യൂറോപ്പിനായി രണ്ട് കപ്പൽ നിർമിക്കാൻ കൊച്ചി കപ്പൽ നിർമാണശാലക്ക് 1050 കോടിയുടെ കരാർ. യൂറോപ്യൻ ഉൾക്കടലിലെ കാറ്റാടിപ്പാടങ്ങളുടെ അറ്റകുറ്റപ്പണി ലക്ഷ്യമിട്ട് സൈപ്രസിലെ പെലാജിക് വിൻഡ് സർവിസസ് എന്ന കമ്പനിക്ക് വേണ്ടിയുള്ള കപ്പലുകളുടെ നിർമാണത്തിന് കഴിഞ്ഞ ദിവസം തുടക്കമിട്ടു. കൊച്ചി കപ്പൽശാലക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ കരാറുകളിൽ ഒന്നാണിത്.
ഉൾക്കടലിലെ കാറ്റാടിപ്പാടങ്ങളിലെത്തി അവയുടെ നിർമാണവും അറ്റകുറ്റപ്പണിയും കാര്യക്ഷമമായി നടത്താൻ ശേഷിയുള്ളതാകും രണ്ട് കപ്പലും. കൂറ്റൻ കാറ്റാടിയന്ത്രങ്ങളിലേക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ നടപ്പാത, 150 പേർക്ക് യാത്ര ചെയ്യാനും താമസിക്കാനും സൗകര്യം എന്നിവ ഈ കപ്പലുകളുടെ സവിശേഷതയാണ്. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന കാറ്റാടിപ്പാടങ്ങൾ യൂറോപ്പിലെ ഉൾക്കടലുകളിൽ വ്യാപകമായി സ്ഥാപിക്കപ്പെടുന്നുണ്ട്.
ഇവയുടെ നിർമാണത്തിനും അറ്റകുറ്റപ്പണിക്കും ഉപയോഗിക്കാവുന്ന കപ്പലുകൾ നിലവിൽ ചൈനയിലും യൂറോപ്പിലുമാണ് പ്രധാനമായും നിർമിക്കുന്നത്. കൊച്ചി കപ്പൽശാലയുടെ കുതിപ്പിന് കരാർ കൂടുതൽ ഗുണം ചെയ്യും. ഇത്തരം കപ്പലുകൾ നിർമിക്കാനുള്ള കൂടുതൽ കരാറുകൾ വരും വർഷങ്ങളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനകം 40 കപ്പലുകൾ നിർമിച്ച് കയറ്റുമതി ചെയ്ത കൊച്ചി കപ്പൽശാലയുടെ പരിചയസമ്പത്ത് തന്നെയാണ് ഈ രംഗത്തെ ഏറ്റവും വലിയ മുതൽക്കൂട്ട്.
അന്താരാഷ്ട്ര കപ്പൽ നിർമാണ ഭൂപടത്തിൽ രാജ്യത്തിന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാൻ സഹായിക്കുന്നതാണ് കരാറെന്ന് കൊച്ചിൻ ഷിപ്യാർഡ് സി.എം.ഡി മധു എസ്. നായർ പറഞ്ഞു. കപ്പൽ നിർമാണത്തിന് തുടക്കമിട്ട് നടന്ന സ്റ്റീൽ പ്ലേറ്റ് മുറിക്കൽ ചടങ്ങിൽ കേന്ദ്ര തുറമുഖ-ഷിപ്പിങ് സഹമന്ത്രി ശ്രീപദ് യശോ നായിക് ഓൺലൈനായി നംസാരിച്ചു. വലിയ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായാണ് അദ്ദേഹം കരാറിനെ വിശേഷിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.