മണ്ണിര കമ്പോസ്റ്റ്; വീട്ടിൽ തന്നെയുണ്ടാക്കാം ഈ വളക്കൂട്ട്

ചെടിയുടെ വളർച്ച വേഗത്തിലാക്കാനും മണ്ണിന്റെ സ്വാഭാവികത നിലനിർത്താനും സഹായിക്കുന്ന വളക്കൂട്ടാണ് മണ്ണിര കമ്പോസ്റ്റ്. മണ്ണിൽ സദാസമയം ഈർപ്പം നിലനിർത്താനും ആവശ്യമായ വായുസഞ്ചാരം ഉറപ്പുവരുത്താനും മണ്ണിര കമ്പോസ്റ്റ് സഹായിക്കും. വളരെ എളുപ്പത്തിൽ മണ്ണിന് ആവശ്യമായ ഈ വളക്കൂട്ട് വീട്ടിൽതന്നെ തയാറാക്കാൻ സാധിക്കും.

മണ്ണിരയെ ഉപയോഗിച്ച് ജൈവമാലിന്യത്തെ ജൈവവളമാക്കുന്ന രീതിയാണ് മണ്ണിര കമ്പോസ്റ്റിങ്. പ്ലാസ്റ്റിക് ഒഴികെയുള്ള അടുക്കള അവശിഷ്ടങ്ങളാണ് മണ്ണിര കമ്പോസ്റ്റിനായി ഉപയോഗിക്കുക. ഏറ്റവും എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്നവയാണ് മണ്ണിര കമ്പോസ്റ്റ്. 30 -35 ദിവസത്തിനുള്ളിൽ മണ്ണിര കമ്പോസ്റ്റ് തയാറാക്കാം. വീഞ്ഞപ്പെട്ടിയോ പ്ലാസ്റ്റിക് പാത്രമോ അടിവിസ്താരമുള്ള ചട്ടിയോ മണ്ണിര കമ്പോസ്റ്റ് തയാറാക്കാനായി ഉപയോഗിക്കാം.

പെട്ടിയുടെ ചുവടെ വെള്ളം വാർന്നുപോകുന്നതിനായി രണ്ടു ദ്വാരങ്ങൾ ഇടണം. അടിയിലായി ആവശ്യ​മെങ്കിൽ അഞ്ചു സെ.മീ. കനത്തിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചുനൽകാം. ശേഷം ഏകദേശം അഞ്ചു സെ.മീ. കനത്തിൽ മണൽ വിരിക്കണം. അതിനു മുകളിലായി മൂന്ന് സെ. മീറ്റർ കനത്തിൽ ചകിരി ഇട്ടു നൽകണം. തുടർന്ന് മൂന്നിഞ്ച് കനത്തിൽ 200 ഗ്രാം/500 എണ്ണം മണ്ണിരയോടുകൂടിയ കമ്പോസ്റ്റ് അഥവാ ചാണകപ്പൊടി നിരത്തുക.

മണ്ണിരയെ ഇട്ട് 20-25 ദിവസം ആകുമ്പോൾ ഒരോ ദിവ​സത്തെയും പാഴ്വസ്തുക്കൾ ഇട്ടുതുടങ്ങാം. പ്ലാസ്റ്റിക് ഇടാൻ പാടില്ല. എല്ലായിടത്തും നിരപ്പായി വിരിച്ച് എട്ടിഞ്ച് കനം എത്തിക്കണം. അടുക്കളയിലെ പാഴ്വസ്തുക്കൾക്കൊപ്പം ഇടക്കിടെ കടലാസ് കഷ്ണങ്ങൾ, പാതി അഴുകിയ ഇലകൾ തുടങ്ങിയവ ഇടുന്നത് നല്ലതാണ്. ശേഷം പെട്ടിക്ക് മുകളിൽ ഒരു ചാക്ക് വിരിച്ച് അനക്കാതെ മാറ്റിവെച്ച ശേഷം ദിവസവും വെള്ളം തളിച്ചു കൊടുക്കാം. പെട്ടി വെയിലത്തുവെച്ചാൽ വിരകൾ അടിയിലേക്ക് പോകും. ഇതോടെ മീതെയുള്ള കമ്പോസ്റ്റ് മാറ്റി വീണ്ടും കമ്പോസ്റ്റ് നിർമിക്കാനായി ഉപയോഗിക്കാം. രണ്ടു കമ്പോസ്റ്റ് പെട്ടികളുണ്ടെങ്കിൽ മാറിമാറി ഉപയോഗിക്കാം. ആഴ്ചയിൽ ഒരിക്കൽ ജൈവാവശിഷ്ടങ്ങൾ ഒരു കമ്പ് ഉപയോഗിച്ച് ഇളക്കിക്കൊടുക്കണം.

​പെട്ടിക്ക് ചുറ്റുമുള്ള ഉറുമ്പ് ശല്യം കുറക്കാൻ മഞ്ഞൾപ്പൊടി, ഉപ്പ് തുടങ്ങിയവ ചുറ്റും വിതറി നൽകാം. പെട്ടിക്ക് മുകളിൽ കമ്പിവല ഇടുന്നത് എലി, കാക്ക എന്നിവയുടെ ആക്രമണങ്ങളിൽനിന്ന് മണ്ണിരയെ രക്ഷിക്കും. ഓരോ ചെടിക്കും മണ്ണിര കമ്പോസ്റ്റ് ചേർക്കേണ്ടത് വ്യത്യസ്ത അളവിലാണ്. ഫലവർഗ വിളകൾക്ക് മരത്തിന് മാസത്തിൽ 200 ഗ്രാം വീതം നൽകാം. വൃക്ഷ വിളകൾക്ക് 400 ഗ്രാം, പച്ചക്കറികൾക്ക് 100 ഗ്രാം എന്ന കണക്കിനും മാസത്തിൽ നൽകാം. മണ്ണിര കമ്പോസ്റ്റിൽ വെള്ളമൊഴിച്ച് ശേഖരിക്കുന്ന തെളിഞ്ഞ ദ്രാവകമാണ് വെർമി വാഷ്. അഞ്ചിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച് വെർമി വാഷ് ചെടികൾക്ക് ഒഴിച്ചുനൽകാം. 

Tags:    
News Summary - Vermi compost for plants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.