ഒരിടവേള കഴിഞ്ഞ് വീടുകളിലും ഫ്ലാറ്റുകളിലും മൈക്രോഗ്രീൻ വീണ്ടും ട്രെൻഡാകുന്നു. പുതുതലമുറയിലുള്ളവർക്ക് പാടത്തിറങ്ങിയുള്ള കൃഷിക്ക് അധികം താൽപര്യമില്ലെങ്കിലും മൈക്രോഗ്രീൻ കൃഷിക്ക് താൽപര്യമേറെയാണെന്നാണ് പഠനങ്ങൾ പറയുന്നത്. 25 മുതൽ 35 വരെ പ്രായത്തിനിടയിലുള്ളവരാണ് കൂടുതലായി ഇപ്പോൾ മട്ടുപ്പാവിലും മറ്റും മൈക്രോഗ്രീൻ പരീക്ഷിക്കുന്നത്. ഡയറ്റും ഫിറ്റ്നസും തന്നെയാണ് ഇതിനു പിന്നിൽ. ധാന്യങ്ങളും പയർവർഗങ്ങളുമെല്ലാം മുളപ്പിച്ച് അവ ചെറുതായി വളർന്നുവരുമ്പോൾ പാചകത്തിന് ഉപയോഗിക്കുന്ന രീതിയാണ് മൈക്രോ ഗ്രീൻ. സ്ഥലം മുടക്കില്ല, മണ്ണ് വേണമെന്നില്ല, പ്രത്യേകിച്ച് ശാരീരികാധ്വാനം ഒന്നും ഈ കൃഷിക്ക് വേണ്ട.
ഉപയോഗശൂന്യമായ പാത്രങ്ങൾ കൃഷിക്കായി തിരഞ്ഞെടുക്കാം. പാർസൽ വാങ്ങിച്ച പാത്രങ്ങളും മറ്റും ഉപയോഗിക്കാം. മണ്ണ് ഉപയോഗിച്ചാണ് കൃഷിയെങ്കിൽ ആദ്യം പാത്രങ്ങളുടെ അടിഭാഗത്ത് ഡ്രെയിനേജിനായി ചെറിയ തുളകൾ ഉണ്ടാക്കണം. ഒട്ടുമിക്ക പയർവർഗങ്ങളും ധാന്യങ്ങളും ഈ രീതിയിൽ വളർത്താം. പയർ വർഗങ്ങൾ, ഉലുവ, ചീര, കടുക്, മല്ലി, ഗോതമ്പ് തുടങ്ങിയവയെല്ലാം വളർത്താം.
മണ്ണുപയോഗിച്ച് വളർത്തുമ്പോൾ മണ്ണോ ചകിരിച്ചോറോ ഈ രീതിയിൽ ഉപയോഗിക്കാം. ടിഷ്യൂ പേപ്പർ ലെയറായി വെച്ചും വിത്തുകൾ പാകാം. മൂന്നോ നാലോ ലെയർ ടിഷ്യൂ പേപ്പർ പാത്രത്തിൽ വെച്ച് ഒന്ന് നനച്ചുകൊടുത്തശേഷം വിത്തുകൾ പാകാം. ശേഷം ഒന്നുകൂടി നനച്ചുകൊടുത്ത് മാറ്റിവെക്കാം. വിത്തുകൾ വെച്ചിരിക്കുന്ന പാത്രങ്ങൾ വിത്തുമുളച്ച് പൊന്തുന്നതുവരെ ചെറുതായി അടച്ചുവെച്ചാൽ നന്നാകും. സൂര്യപ്രകാശം നേരിട്ട് തട്ടാതെ ശ്രദ്ധിക്കണം. എന്നാൽ, വെളിച്ചം കിട്ടണം. വിത്തുകൾ മുളച്ച് രണ്ട് ഇലകളും താഴെ ചെറിയ തളിരിലകളും വന്നശേഷം വിളവെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.