കോട്ടയം: കർഷക സമൂഹത്തിന്‍റെ ആവശ്യ സാക്ഷാത്കാരമായി റംബുട്ടാൻ അടക്കം ചെറുഫല വിളകളും വിള ഇൻഷുറൻസ് പദ്ധതി പരിധിയിൽ. അടുത്തിടെയായി മധ്യകേരളത്തിന്‍റെ ഇടനാടൻ മേഖലയിൽ വ്യാപകമായ പാഷൻഫ്രൂട്ട്, സപ്പോട്ട, അവക്കാഡോ, ഡ്രാഗൻഫ്രൂട്ട്, ലിച്ചി, പേര എന്നിവയും പപ്പായയും അടക്കം ഇൻഷുറൻസ് പരിധിയിലാക്കി മാർച്ച് 13നാണ് സർക്കാർ ഉത്തരവായത്. നിലവിൽ ഉൾപ്പെട്ട വിളകളുടെ ആനുകൂല്യ മാനദണ്ഡങ്ങളിൽ ഭേദഗതികളും അനുവദിച്ചിട്ടുണ്ട്.
നെല്ലിന് 50 ശതമാനത്തിലധികമുണ്ടാകുന്ന നാശം പൂർണനഷ്ടമായി കണക്കാക്കി നിലവിൽ ആനുകൂല്യം നൽകുന്നുണ്ട്. ഉപ്പുവെള്ളം കയറിയുണ്ടാകുന്ന നാശനഷ്ടത്തിനും ഇതേ മാനദണ്ഡ പ്രകാരം തുക അനുവദിക്കും. ആന്തൂറിയം, മുല്ല, ഓർക്കിഡ് കൃഷികൾക്കും തേനീച്ചകൃഷിക്കും ഇനി ഇൻഷുറൻസ് സംരക്ഷണം ലഭിക്കും.
ഒരു കൂടിന് 750 രൂപ നിരക്കിലാവും തേനീച്ച കൃഷിയുടെ നഷ്ടപരിഹാരം. കീടരോഗബാധ മൂലമുണ്ടാകുന്ന പൂർണ നാശത്തിന് മാവിന് 1000 രൂപ വീതം നൽകും. അഞ്ചു മരങ്ങൾ ഉണ്ടെങ്കിലാണ് മാവ് ഇൻഷുർ ചെയ്യാൻ കഴിയുക. മരമൊന്നിന് വർഷം 10 രൂപയാണു പ്രീമിയം.
റംബുട്ടാൻ അടക്കം ചെറു ഫല വിളകൾ കുറഞ്ഞത് 10 എണ്ണമുണ്ടെങ്കിൽ ഇൻഷുർ ചെയ്യാം. കായ്ഫലമുള്ള മരത്തിന് 500 രൂപ വീതമാണു നഷ്ടപരിഹാരം. പപ്പായ ഒരു മരത്തിന് 300 രൂപ വീതം അനുവദിക്കും. ഇൻഷ്വർ ചെയ്യാൻ 10 മരമെങ്കിലും വേണം. കിഴങ്ങ് വിളകളിൽ ചേന, മധുരക്കിഴങ്ങ് എന്നിവക്കൊപ്പം ചേമ്പ്, കാച്ചിൽ, കൂർക്ക എന്നിവയും ഉൾപ്പെടുത്തി. ചേമ്പിനും കാച്ചിലിനും ഹെക്ടറിന് 35,000 രൂപ വീതവും കൂർക്ക ഹെക്ടറിന് 15,000 രൂപയുമാണു നഷ്ടപരിഹാരം.
അതിസാന്ദ്രത രീതിയിൽ കൃഷി ചെയ്യുന്ന വാഴ ഇനങ്ങൾക്കും ഇനി ഇൻഷുറൻസ് സംരക്ഷണം ലഭിക്കും. 2x3 മീറ്റർ അകലത്തിൽ ഒരു കുഴിയിൽ രണ്ടു വീതം 3332 വാഴ അല്ലെങ്കിൽ ഇടയകലം കുറച്ച് ഹെക്ടറിൽ 3265 വാഴ എന്ന രീതിയിലാണ് അതി സാന്ദ്രത കൃഷി. നേന്ത്രൻ, കപ്പ വാഴകൾക്ക് കുലച്ചതിന് 300 രൂപയും കുലയ്ക്കാത്തതിന് 150 രൂപയും ലഭിക്കും. ഞാലിപ്പൂവന് കുലച്ചതിന് 200 രൂപയും കുലയ്ക്കാത്തതിന് 100 രൂപയുമാണ് ആനുകൂല്യം.
ടോമിച്ചൻ സ്കറിയ ഐക്കര, സെക്രട്ടറി, കർഷക വേദി
കൃഷി മന്ത്രിക്ക് നേരിട്ടും സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ മുഖേനയും നൽകിയ നിവേദനങ്ങളും കൃഷി വകുപ്പിൽ നടത്തിയ നിരന്തര ഇടപെടലുകളുമാണ് റംബുട്ടാൻ അടക്കം പുതിയ ഇനങ്ങൾ വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കാരണമായത്. നിയമസഭയിൽ അടക്കം വിഷയം ഉന്നയിക്കുകയും കൂടെ നിൽക്കുകയും ചെയ്ത എം.എൽ.എക്കും അനുഭാവ നടപടി സ്വീകരിച്ച കൃഷി മന്ത്രി പി. പ്രസാദിനും കർഷക വേദിയുടെ നന്ദി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.