നാരങ്ങത്തട്ടിലെ കശുമാവ് തോട്ടത്തിൽ ഉപയോഗശൂന്യമായി കൂട്ടിയിട്ടിരിക്കുന്ന കശുമാങ്ങ
കേളകം: മൂല്യവർധിത ഉത്പന്നങ്ങൾ വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കാമായിരുന്നിട്ടും കശുമാങ്ങകൾ പാഴാക്കിക്കളയുന്നു. പ്രതിവർഷം 36,000 ടൺ കശുവണ്ടി ലഭിക്കുന്ന കേരളത്തിൽ ഇതിന്റെ എട്ടിരട്ടിയോളം കശുമാങ്ങയും ലഭിക്കുന്നുണ്ട്. എന്നാൽ കാര്യക്ഷമമായ സംസ്കരണ സംവിധാനമില്ലാത്തതിനാൽ കശുമാങ്ങ മുഴുവനും പാഴാവുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോര കശുമാവിൻ തോട്ടങ്ങളിൽ കശുമാങ്ങകൾ കുമിഞ്ഞുകൂടുമ്പോഴും ഇതുപയോഗപ്പെടുത്താൻ കഴിയുന്നില്ല.
ഇതരസംസ്ഥാനങ്ങളിൽ കർഷകരെ സഹായിക്കുന്നതിന് കശുമാങ്ങ സംസ്കരിച്ച് ജ്യൂസ്, ജാം, കാഷ്യു കേക്ക്, ഫെനി, കാൻഡി തുടങ്ങിയ ഉത്പന്നങ്ങൾ നിർമിക്കുന്നതിന് സംസ്കരണ യൂനിറ്റുകൾ ഉള്ളപ്പോൾ കേരളത്തിലെ ഭൂരിഭാഗം കർഷകർക്കും ഇവ തീർത്തും അന്യമാണ്. കശുവണ്ടി കിലോയ്ക്ക് നിലവിൽ 162 രൂപയുണ്ട്. ഉൽപാദനക്കുറവു വൻ തിരിച്ചടിയാണ് കർഷകർക്ക് സമ്മാനിച്ചത്. ഇത്തവണയെങ്കിലും കശുവണ്ടി, കശുമാങ്ങ സംഭരണ കേന്ദ്രങ്ങൾ തുറന്ന് മെച്ചപ്പെട്ട വില ലഭിക്കുമെന്നു കരുതി കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് കർഷക സംഘടനകളും പരാതിപ്പെടുന്നു.
കർഷകർക്ക് കിലോയ്ക്ക് മൂന്ന് രൂപ നൽകി കശുമാങ്ങ സംഭരിക്കാൻ മുമ്പ് സർക്കാർ പദ്ധതിയിട്ടിരുന്നെങ്കിലും നടപ്പായില്ല. കശുമാങ്ങയിൽ നിന്ന് ജ്യൂസ്, സ്ക്വാഷ്, ഫെനി, അച്ചാറുകൾ, മറ്റു വിവിധ ഉൽപന്നങ്ങൾ എന്നിവ തയാറാക്കി കുടുംബശ്രീ വഴിയും മറ്റും വിൽപന നടത്താനായിരുന്നു തീരുമാനം. നിലവിൽ ലോഡുകണക്കിന് കശുമാങ്ങ തോട്ടങ്ങളിൽ നശിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കശുമാങ്ങ സംസ്കരണ കേന്ദ്രങ്ങളും ഉൽപന്ന നിർമാണ വിതരണ കേന്ദ്രങ്ങളും തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും ഒന്നും യാഥാർഥ്യമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.