എം.ജി.എ. റഹ്മാൻ വീട്ടിലെ തന്റെ പച്ചക്കറിത്തോട്ടത്തിൽ
മൊഗ്രാൽ: വിഷരഹിത പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവെടുപ്പ് നടത്തി മൊഗ്രാലിലെ മുൻ പ്രവാസിയും സാമൂഹികപ്രവർത്തകനുമായ എം.ജി.എ. റഹ്മാൻ മാതൃകയാവുന്നു.
മൂന്നു പതിറ്റാണ്ട് ദുബൈയിൽ ഒരു കമ്പനിയിൽ പി.ആർ.ഒ ആയി ജോലിചെയ്ത് പ്രവാസജീവിതം അവസാനിപ്പിച്ച് റഹ്മാൻ നാട്ടിൽ തിരിച്ചെത്തിയപ്പോൾ വീട്ടിൽ വിശ്രമിക്കുന്നതിനിടയിൽ ഒരു കൈത്തൊഴിൽ എന്തെങ്കിലും വേണമല്ലോ എന്ന് മനസ്സിലുദിച്ചപ്പോഴാണ് അടുക്കളത്തോട്ടം ഉണ്ടാക്കിയാൽ എന്തേയെന്ന് തോന്നിയത്.
കച്ചകെട്ടി ഇറങ്ങി അതു വലിയ വിജയമായതിലുള്ള സന്തോഷത്തിലാണ് ഇപ്പോൾ അദ്ദേഹം. അടുക്കളയിലെ ചാരമാണ് കൃഷിയിലെ വളം. കക്കിരി, ചീര, കോവക്ക, തക്കാളി, ബസള, ചീര, മറ്റു ഇലവർഗങ്ങൾ തുടങ്ങിയ പച്ചക്കറികളാണ് എം.ജി.എ. റഹ്മാന്റെ അടുക്കളത്തോട്ടത്തിലുള്ളത്. വിത്ത് മുളപ്പിച്ചെടുത്താണ് ചീരപോലുള്ള കൃഷിചെയ്യുന്നത്.
കുപ്പി കമ്പോസ്റ്റടക്കം കൃഷിയിൽ വളരെ കുറഞ്ഞ ചെലവിൽ വളമൊരുക്കാൻ നൂതന കൃഷിമാർഗങ്ങൾ, കീടങ്ങളെ അകറ്റാനുള്ള ചെലവു കുറഞ്ഞ മാർഗങ്ങൾ നടത്തി ആർക്കു വേണമെങ്കിലും തങ്ങളുടെ അടുക്കള ഉപയോഗപ്പെടുത്തി ജൈവകൃഷിയിലൂടെ വിഷരഹിത പച്ചക്കറി ഒരുക്കാമെന്ന് കാണിച്ചുതരുകയാണ് ഈ മുൻ പ്രവാസി.
റഹ്മാൻ വീട്ടുപറമ്പ് പച്ചക്കറിത്തോട്ടമാക്കിയപ്പോൾ ഇത് നേരിട്ടു കാണാൻ കുമ്പള കൃഷിഭവനിൽനിന്ന് ഉദ്യോഗസ്ഥരും മൊഗ്രാൽ സ്കൂളിൽനിന്ന് അധ്യാപകരടങ്ങുന്ന പി.ടി.എ കമ്മിറ്റികളും വന്നിരുന്നു. റഹ്മാന്റെ പിതാവ് പരേതനായ അബ്ദുൽ ഖാദർ മൊഗ്രാലിലെ പഴയകാല കൃഷിക്കാരനിലൊരാളായിരുന്നു.
മൊഗ്രാൽ കടപ്പുറത്ത് വിശാലമായ പന്തലൊരുക്കി ഒരേക്കർ വരുന്ന സ്ഥലത്ത് കോവക്ക കൃഷിചെയ്യുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.