നെ​ൽ​കൃ​ഷി നാ​ശം സം​ഭ​വി​ച്ച തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ ജെ-​ബ്ലോ​ക്ക് , തി​രു​വാ​യി​ക്ക​ര പാ​ട​ശേ​ഖ​ര​ങ്ങ​ൾ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ സ​ന്ദ​ർ​ശി​ക്കു​ന്നു

വേനല്‍മഴ: കോട്ടയം ജില്ലയില്‍ 21.58 കോടിയുടെ കൃഷിനാശം

കോട്ടയം: വേനല്‍മഴയിൽ ജില്ലയിലെ കാര്‍ഷികമേഖലയില്‍ 21.58 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രിൻസിപ്പൽ കൃഷി ഓഫിസർ ബീന ജോർജ് അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ 12 വരെയുള്ള പ്രാഥമിക കണക്കാണിത്. കനത്തകാറ്റിലും വെള്ളക്കെട്ടിലുമകപ്പെട്ട് 1271.72 ഹെക്ടറിലായി 3819 കര്‍ഷകരുടെ കൃഷികളാണ് നശിച്ചത്. നെല്ല്, വാഴ, റബര്‍, അടയ്ക്ക, കൊക്കോ, കുരുമുളക്, ജാതിക്ക, കുരുമുളക്, വെറ്റില, കപ്പ, പച്ചക്കറികള്‍ തുടങ്ങിയവക്കാണ് നാശം സംഭവിച്ചത്. കൂടുതല്‍ നാശം സംഭവിച്ചത് നെല്‍കൃഷിക്കാണ്. 1071.52 ഹെക്ടറിലെ നെല്‍കൃഷി നശിച്ചു.

നെല്‍കൃഷിയില്‍ മാത്രമായി 16.07 കോടി രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. പായിപ്പാട്, വാഴപ്പള്ളി, ഏറ്റുമാനൂര്‍- ചെറുവാണ്ടൂര്‍, പേരൂര്‍, വാകത്താനം, വൈക്കം മേഖലകളിലാണ് നെല്‍കൃഷിയില്‍ ഏറ്റവുമധികം നാശമുണ്ടായിട്ടുള്ളത്. 54723 കുലച്ച വാഴകളും 32073 കുലക്കാത്ത വാഴകളും നശിച്ചു. 4.56 കോടിയുടെ വാഴകൃഷി നശിച്ചു. 27.38 ഹെക്ടറിലെ പച്ചക്കറികള്‍ നശിച്ചതില്‍ 12.04 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. ടാപ്പിങ് ഉള്ള 2431 ഉം ടാപ്പിങ് ചെയ്യാത്ത 995 റബർ മരങ്ങളും നശിച്ചു. 4.58 ഹെക്ടറിലെ തെങ്ങ്, 4.48 ഹെക്ടര്‍ കുരുമുളക്, 303 ജാതി മരങ്ങൾ, 2.60 ഹെക്ടറിൽ കപ്പ കൃഷി തുടങ്ങിയവയും നശിച്ചു. :മാടപ്പള്ളിയിലാണ് ഏറ്റവുമധികം കൃഷിനാശം സംഭവിച്ചത്. 685.01 ഹെക്ടറിലായി 10.30 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

നെല്‍കൃഷി നാശം: മന്ത്രി പാടശേഖരങ്ങൾ സന്ദര്‍ശിച്ചു

കോട്ടയം: നെല്‍കൃഷി നാശം സംഭവിച്ച തിരുവാര്‍പ്പ് പഞ്ചായത്തിലെ ജെ-ബ്ലോക്ക് (ഒന്‍പതിനായിരം പാടശേഖരം), തിരുവായിക്കര പാടശേഖരങ്ങള്‍ മന്ത്രി വി.എന്‍. വാസവന്‍ സന്ദര്‍ശിച്ചു. 1850 ഏക്കര്‍ വരുന്ന ജെ-ബ്ലോക്ക് പാടശേഖരത്തിലും 860 ഏക്കര്‍ വരുന്ന തിരുവായിക്കര പാടശേഖരത്തിലും കൊയ്തുപാകമായ നെൽച്ചെടികൾ വെള്ളത്തിൽ വീണുകിടക്കുകയാണ്. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അടിയന്തര ഇടപെടലുണ്ടാക്കുമെന്ന് മന്ത്രി അറിയിച്ചു. നഷ്ടം വിലയിരുത്തി നിവേദനം തയാറാക്കി നല്‍കാന്‍ പാടശേഖരസമിതി ഭാരവാഹികളോട് ആവശ്യപ്പെട്ടു. നിവേദനം മുഖ്യമന്ത്രിയുടെയും കൃഷിമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവായിക്കര പാടശേഖരത്ത് മടവീഴ്ച തടയുന്നതിനും പുറംബണ്ട് ബലപ്പെടുത്തുന്നതിനും പദ്ധതി നടപ്പാക്കും. രണ്ടാം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പഴുക്കാംനില കായല്‍ ശുചീകരണപദ്ധതിയിൽ മീനച്ചിലാര്‍, കോടൂരാര്‍ നദികളില്‍നിന്ന് ഒഴുകിയെത്തിയ എക്കലും ചളിയും മണ്ണും നീക്കംചെയ്ത് തോടുകളുടെ ആഴം വർധിപ്പിക്കും. നദികളിലെ ജലം സുഗമമായി വേമ്പനാട്ടുകായലിലേക്ക് ഒഴുകുന്നതോടെ തിരുവാർപ്പ് പ്രദേശത്ത് വെള്ളപ്പൊക്കം നിയന്ത്രിക്കാനാകും. നീക്കം ചെയ്യുന്ന ചളിയും മണ്ണുമുപയോഗിച്ച് തിരുവായിക്കരപാടത്തിനു ചുറ്റും വാഹനസൗകര്യം ഉറപ്പാക്കുന്ന റോഡും പാടശേഖരത്തിന് പുറംബണ്ടും നിര്‍മിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

നെല്ലുസംഭരണത്തിനായി കര്‍ഷകര്‍ ആശ്രയിക്കുന്ന കാഞ്ഞിരം-മലരിക്കല്‍ റോഡ് ഉന്നതനിലവാരത്തിലാക്കും. തിരുവായിക്കര പാടശേഖരങ്ങളിലെ വെള്ളം പമ്പുചെയ്യുന്നതിന് അവശ്യമായ വോൾട്ടേജില്‍ വൈദ്യുതി ലഭ്യമല്ലാത്തതിനാല്‍ മോട്ടോര്‍പമ്പുകള്‍ കേടാവുന്ന സാഹചര്യം തടയുന്നതിന് 100 കെ.വി ശേഷിയുള്ള ട്രാന്‍സ്‌ഫോർമർ നെടുങ്കേരിത്തറയില്‍ സ്ഥാപിക്കുന്നതിന് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇല്ലിക്കല്‍ പാലത്തിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കോട്ടയം പോര്‍ട്ട് വഴി വാഹനങ്ങള്‍ കടത്തിവിട്ട് നെല്ലുസംഭരണം നടത്തുന്നതിന്‍റെ തടസ്സങ്ങള്‍ മന്ത്രി നേരിട്ട് സംസാരിച്ച് പരിഹരിച്ചു.

തിരുവാര്‍പ്പ് പഞ്ചായത്ത് പ്രസിഡന്‍റ് അജയന്‍ കെ.മേനോന്‍, പഞ്ചായത്ത് അംഗം അനീഷ്‌കുമാര്‍, കൃഷിഓഫിസര്‍ എ.ആര്‍. ഗൗരി, തിരുവായിക്കര പാടശേഖര സമിതി പ്രസിഡന്‍റ് അനിരുദ്ധന്‍, സെക്രട്ടറി എം.എസ്. സുഭാഷ്‌കുമാര്‍ തുടങ്ങിയവർ മന്ത്രിയെ അനുഗമിച്ചു.

Tags:    
News Summary - Summer rains: 21.58 crore crop damage in Kottayam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.