റബർ വിലസ്ഥിരത പദ്ധതി വീണ്ടും; രണ്ടരമാസം വൈകി സർക്കാർ ഉത്തരവ്

കോട്ടയം: റബർ വില കുത്തനെ കുറയുന്നതിനിടെ കർഷകർക്ക് ആശ്വാസമായി റബർ വിലസ്ഥിരത പദ്ധതി പുനരാരംഭിച്ച് സർക്കാർ ഉത്തരവ്. കാലാവധി നീട്ടി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കാത്തതിനാൽ പദ്ധതി അനിശ്ചിതത്വത്തിലായിരുന്നു. ജൂലൈ ഒന്നുമുതൽ ജൂൺ 30 വരെ നിശ്ചയിച്ചിരിക്കുന്ന പദ്ധതിയുടെ കാലാവധി വർഷംതോറും നീട്ടിനൽകുകയാണ് പതിവ്. ഇത്തവണ ആഴ്ചകൾ പിന്നിട്ടിട്ടും ഉത്തരവിറക്കാത്തതിനാൽ ജൂലൈ ഒന്നിന് തുടക്കമാകേണ്ട പദ്ധതിയുടെ എട്ടാംഘട്ടം ആരംഭിക്കാനായില്ല. കഴിഞ്ഞ മാസങ്ങളിൽ വില കുത്തനെ താഴ്ന്നിട്ടും കർഷകർക്ക് ബില്ല് സമർപ്പിക്കാനുമായില്ല. പദ്ധതിയുടെ വെബ്സൈറ്റും പ്രവർത്തനരഹിതമായി. ഇതിൽ പ്രതിഷേധം ശക്തമായിരിക്കെയാണ്, സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ജൂലൈ മുതൽ മുൻകാല പ്രാബല്യവുമുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

റബറിന് നിശ്ചിത വില ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി 2015 ജൂലൈ ഒന്നിനാണ് ആരംഭിച്ചത്. ഓരോ ദിവസവും റബർ ബോർഡ് പ്രഖ്യാപിക്കുന്ന വിലയും 170 രൂപയും തമ്മിലുള്ള വ്യത്യാസം കർഷകന് ധനസഹായമായി നൽകുന്നതാണ് പദ്ധതി. നേരത്തേ 150 രൂപയായിരുന്നു പദ്ധതി തുക. അടുത്തിടെയാണ് 170 ആയി ഉയർത്തിയത്. ഇതനുസരിച്ച് കിലോക്ക് 170 രൂപയിൽ കുറവാണെങ്കിൽ ബാക്കി തുക സർക്കാർ കർഷകന്‍റെ അക്കൗണ്ടിലേക്ക് നൽകും.

പുതുതായി പദ്ധതിയിൽ അംഗങ്ങളാകാനും അവസരമുണ്ടെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്ക് നവംബർ 30വരെ നിശ്ചിത ഫോറത്തിൽ അടുത്തുള്ള റബർ ഉൽപാദകസംഘത്തിൽ അപേക്ഷ നൽകാം. അപേക്ഷയോടൊപ്പം ഫോട്ടോ, റബർ നിൽക്കുന്ന സ്ഥലത്തിന്‍റെ തന്നാണ്ട് കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്‍റെ കോപ്പി എന്നിവയും ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവയിൽ ഏതിന്‍റെയെങ്കിലും കോപ്പിയും ഹാജരാക്കണം. പുതുതായി പദ്ധതിയിൽ ചേരുന്നവരുടെ, ജൂലൈ ഒന്നുമുതലുള്ള പർച്ചേസ്/സെയിൽസ് ബില്ലുകൾ മാത്രമേ സഹായധനത്തിന് പരിഗണിക്കുകയുള്ളൂവെന്നും ധനവകുപ്പ് വ്യക്തമാക്കി.

പദ്ധതിയിൽ നേരത്തേ രജിസ്റ്റർ ചെയ്തവർ സ്ഥലത്തിന്‍റെ തന്നാണ്ട് കരമടച്ചതിന്‍റെ രസീത് ഹാജരാക്കി രജിസ്ട്രേഷൻ പുതുക്കണമെന്ന് റബർ ബോർഡ് അറിയിച്ചു. ഇതിനുശേഷം ഇവർക്ക് ബില്ലുകൾ സമർപ്പിക്കാം. ഇതിനായി ഉടൻ വെബ്സൈറ്റ് പ്രവർത്തനം പുനരാരംഭിക്കും. കർഷകർ സമർപ്പിക്കുന്ന ബില്ലുകൾ റബർ ബോർഡ് പരിശോധിച്ച് സർക്കാറിന് സമർപ്പിക്കും. തുടർന്ന് ധനവകുപ്പാണ് തുക അനുവദിക്കുക.

കർഷകർ ഷീറ്റ് നിർമാണത്തിലേക്ക് തിരിയണം -റബർ ബോർഡ്

കോട്ടയം: റബർ വിലസ്ഥിരത പദ്ധതിയുടെ എട്ടാമത്തെ ഘട്ടത്തിന് തുടക്കമാകുന്ന സാഹചര്യത്തിൽ ഇതിന്‍റെ പ്രയോജനം പരമാവധി നേടിയെടുക്കാൻ കർഷകർ റബർ ഷീറ്റ് നിർമാണത്തിലേക്ക് തിരിയണമെന്ന് റബർ ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ പറഞ്ഞു.

റബർപാൽ വിപണനം ചെയ്യുന്നവർക്ക് ഷീറ്റ് നിർമാണത്തിന് ആവശ്യമായി വരുന്ന ഒമ്പത് കുറച്ച് 161 രൂപയായിരിക്കും പദ്ധതിപ്രകാരം ഉറപ്പുവരുത്തുക. പാലിന്‍റെ വില ഷീറ്റ് റബറിനെക്കാൾ കുറഞ്ഞുനിൽക്കുമ്പോൾ പാൽ വിപണനം നടത്തുന്ന കർഷകർക്ക് പദ്ധതി പൂർണമായി പ്രയോജനപ്പെടുത്താൻ കഴിയില്ല. ഉൽപാദനം വർധിക്കുന്ന മാസങ്ങളാണ് കടന്നുവരുന്നത്. ഈ സമയത്ത് റബർപാൽ വിപണനം തുടരുന്ന കർഷകർക്ക് വലിയ നഷ്ടം ഉണ്ടായേക്കാം.

അതിനാൽ റബർപാൽ സംസ്കരണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യമുള്ള കർഷകർ ഷീറ്റ് നിർമാണത്തിലേക്ക് തിരിയുന്നത് ഗുണകരമാകും. സമൂഹ സംസ്കരണശാലകളുള്ള റബർ ഉൽപാദക സംഘങ്ങൾ ഇക്കാര്യത്തിൽ കർഷകരെ സഹായിക്കാൻ മുന്നോട്ടുവരണമെന്നും ഡോ. രാഘവൻ പറഞ്ഞു.

Tags:    
News Summary - Rubber Price Stabilization Scheme Again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.