മാത്തൂരിൽ മുഞ്ഞ ബാധിച്ച് നശിച്ച നെൽകൃഷി
പാലക്കാട്: സപ്ലൈകോ നെല്ല് സംഭരണം തുടങ്ങി ആഴ്ചകൾ പിന്നിട്ടിട്ടും താങ്ങുവില നൽകിത്തുടങ്ങിയില്ല. 25000 ത്തോളം കര്‍ഷകരില്‍നിന്ന് 35,000 മെട്രിക് ടണ്‍ നെല്ലാണ് ഇതുവരെ സംഭരിച്ചത്. ജില്ലയിലെ സംഭരണം 40 ശതമാനമായിട്ടും നെല്ല് വില ലഭിക്കാൻ കർഷകർ കാത്തിരിപ്പ് തുടരുകയാണ്. കടം വാങ്ങിയും വായ്പ തരപ്പെടുത്തിയും രണ്ടാം വിള ഒരുക്കേണ്ട അവസ്ഥയിലാണ് കർഷകർ.
പി.ആർ.എസ് വായ്പ പദ്ധതി അവസാനിപ്പിച്ച് ഈ വർഷം മുതൽ പണം നേരിട്ട് കർഷകർക്ക് നൽകുന്നതിനായി സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് ബാങ്കുകളുടെ കൺസോർട്യം രൂപവത്കരിച്ചിരുന്നു. സപ്ലൈകോ ഇതിൽനിന്ന് 2,500 കോടി രൂപ വായ്പയെടുത്തിട്ടുണ്ട്. ഈ തുകയാണ് നെല്ലിന്റെ വിലയായി കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകുക. താങ്ങുവില കിലോഗ്രാമിന് 28.20 രൂപയെന്ന് നിശ്ചയിച്ച് കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിരുന്നു. 28.20 രൂപയ്ക്ക് പുറമേ കിലോഗ്രാമിന് 12 പൈസ കൈകാര്യ ചെലവുകൂടി കർഷകർക്ക് ലഭിക്കും. എ.ടി.എം കാർഡ്, ചെക്ക്, പണം പിൻവലിക്കൽ ഫോം എന്നിവ ഉപയോഗിച്ച് തുകയെടുക്കാം.
2017ൽ ആരംഭിച്ച പി.ആർ.എസ് വായ്പ പദ്ധതി ഇനി ഉണ്ടാവില്ല. തുടക്കത്തിൽ ഒമ്പത് പൊതുമേഖല ബാങ്കുകളും കേരള ബാങ്കും പദ്ധതിയിൽ ഉണ്ടായിരുന്നു.
സപ്ലൈകോ പാഡി മാർക്കറ്റിങ് ഓഫിസർ നൽകുന്ന പി.ആർ.എസ് ബാങ്കുകളിൽ ഹാജരാക്കിയാൽ ഒരാഴ്ചക്കുള്ളിൽ അളന്ന നെല്ലിന്റെ സംഖ്യ കർഷകരുടെ അക്കൗണ്ടിലേക്ക് വായ്പയായി നൽകും. ഈ സംഖ്യ പിന്നീട് സർക്കാർ 9.5 ശതമാനം പലിശ സഹിതം ധനകാര്യ സ്ഥാപനങ്ങൾക്കും അനുവദിക്കും. പണം നൽകുന്ന കർഷകന്റെ പേരിൽ വായ്പയായിട്ടാണ് ബാങ്കുകൾ ഇത് കണക്കാക്കിയിരുന്നത്. കർഷകർക്ക് ബാങ്കുകൾ നൽകിയ തുക സർക്കാർ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വന്നതോടെ കർഷകർ ഊരാക്കുടുക്കിലായി.
ബാങ്കുകൾ കർഷകന്റെ പേരിൽ വായ്പയായിട്ടാണ് നൽകിയത് എന്നതിനാൽ വായ്പ കുടിശ്ശികയായതോടെ കർക്ഷകർക്ക് ബാങ്കുകളിൽനിന്ന് നേരിട്ട് വായ്പയെടുക്കാനും പറ്റാത്ത അവസ്ഥയായി. കുടിശ്ശികയായ വായ്പയിൽ തിരിച്ചടവ് ഉണ്ടാകുന്നതുവരെ പുതിയ വായ്പ അനുവദിക്കേണ്ടെന്നും ബാങ്കുകൾ തീരുമാനിച്ചു.
മാത്രമല്ല വായ്പ അനുവദിക്കാനുള്ള മാനദണ്ഡമായ സിബിൽ റേറ്റിലും കർഷകന് തിരിച്ചടിയായിരുന്നു. തിരിച്ചടവ് നീണ്ടുപോയതോടെ പല ധനകാര്യസ്ഥാപനങ്ങളും ഇതിൽനിന്ന് പിൻമാറി. ഇതോടെയാണ് ബാങ്കുകളുടെ കൺസോർട്യം രൂപവത്കരിച്ച് പണം നൽകുന്ന പദ്ധതി ആരംഭിച്ചത്.
പുതിയ പദ്ധതി പ്രകാരം നെല്ല് അളന്ന ശേഷം നൽകുന്ന പി.ആർ.എസ് കൃഷി ഓഫിസറും പാഡി മാർക്കറ്റിങ് ഓഫിസറും ഓൺലൈനിൽ അംഗീകരിക്കുന്ന മുറയ്ക്ക് കർഷകരുടെ അക്കൗണ്ടിലേക്ക് പണം വരും. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാം വിളയുടെ നെല്ല് സംഭരിച്ചത് കിലോഗ്രാമിന് 28 രൂപ നിരക്കിലാണ്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ കിലോഗ്രാമിന് 20 പൈസ സർക്കാർ വർധിപ്പിച്ചു. രാജ്യത്ത് ഏറ്റവും ഉയർന്ന താങ്ങുവില നെല്ലിന് ലഭിക്കുന്ന സംസ്ഥാനം കേരളമാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രം നൽകുന്ന താങ്ങുവില മാത്രമാണ് കൊടുക്കുന്നത്. കേരളത്തിൽ മാത്രം ഇതിനൊപ്പം ഇൻസെന്റീവ് ബോണസ് കൂടി നൽകുന്നുണ്ട്. പണം നൽകുന്നതിനുള്ള നടപടിക്രമം വളരെ വേഗം പൂർത്തിയാകുമെന്നും ഇതോടെ പണം നൽകിത്തുടങ്ങുമെന്നും സപ്ലൈകോ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.