ലോങ്ങൻ പഴം

കേരളത്തിൽ ഇടംപിടിച്ച് ലോങ്ങൻ പഴം; മണ്ണറിഞ്ഞ് നട്ടാൽ നന്നായി വിളയും

അടുത്തിടെ പഴവിപണികളിൽ ഇടംപിടിച്ച പഴവർഗമാണ് ലോങ്ങൻ. കണ്ടാൽ ചെറിയ ചിക്കുവിനെപ്പോലെയും ഉൾഭാഗം നമ്മുടെ സ്വന്തം റമ്പൂട്ടാനെപ്പോലെയും തോന്നിക്കും. അസാധ്യമായ രുചി കാരണം ഇഷ്ടക്കാർ ചോദിച്ചുവാങ്ങുന്നതിനാൽ കേരളത്തിന്റെ വിപണികളിലും ഈ പഴം നിലവിൽ സജീവമാണ്. ലോങ്ങൻ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതും തായ്‌ലൻഡിലാണെങ്കിലും ഇന്ത്യയിൽ വടക്കൻ ബീഹാറിലെയും പശ്ചിമ ബംഗാളിലെയും എക്കൽ മണ്ണിൽ ലോങ്ങൻ നന്നായി കൃഷി ചെയ്യുന്നുണ്ട്. കേരളത്തിലും ഇതിന്റെ കൃഷി സാധ്യത അറിയുകയും വിദഗ്ധരായ കർഷകർ നട്ടുപിടിപ്പിച്ച് പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ വിളയിപ്പിച്ചെടുത്ത ഒരാളാണ് മലപ്പുറം കോ‍ഡൂരിലുള്ള അബ്ദുൽ റഷീദ് എന്നുപേരുള്ള കർഷകൻ.

നമ്മുടെ മണ്ണിലും നടാം

കേരളത്തിലെ സമതലങ്ങൾക്കും ഹൈറേഞ്ചിനും ഒരുപോലെ യോജിച്ച പഴവർഗവിളയായാണ് ലോങ്ങൻ. സ്വാഭാവിക സാഹചര്യത്തിൽ 10 മുതൽ 12 അടി വരെ ഉയരത്തിൽ വളരുന്ന വൃക്ഷമാണിത്. ഉയർന്ന ഈർപ്പനിലയും ചൂടുമുള്ള കാലാവസ്ഥയിൽ ലോങ്ങൻ നന്നായി വളർന്ന് വിളയുന്നതിനാൽ കേരളത്തിൽ വിളയിക്കാമെന്നതിൽ സംശയമില്ല.

റംബുട്ടാൻ കൃഷി ചെയ്യുന്നതുപോലെത്തന്നെയാണ് ലോങ്ങനും നടേണ്ടത്. ചാണകപ്പൊടിയും ചകിരിച്ചോറും മണ്ണും ചേർത്തുള്ള നടീൽ മിശ്രിതം ഉപയോഗിക്കാം. ചെടികൾ തമ്മിൽ 30 അടി അകലമാണ് വേണ്ടത്. നല്ല സൂര്യപ്രകാശ ലഭ്യതയുള്ളിടത്തു വേണം നടാൻ. നല്ല രീതിയിൽ വളപ്രയോഗവും നടത്തണം. ഗ്രാഫ്റ്റിങ്ങിലൂടെയാണ് പൊതുവേ പുതിയ തൈകൾ ഉൽപാദിച്ചിരുന്നതെന്നും രണ്ട്– മൂന്ന് അടി താഴ്ചയുള്ള കുഴിയെടുത്ത് അടിവളമായി ജൈവങ്ങൾ നൽകിയാണ് നട്ടിരുന്ന രീതിയാണ് മലപ്പുറംകാരൻ റഷീദ് അവലംബിച്ചത്. വളർന്നുകഴിയുമ്പോൾ റമ്പൂട്ടാനെപ്പോലെ ലോങ്ങനും കൊമ്പുകോതലും അത്യാവശ്യമാണ്.

വർഷത്തിൽ ഒന്നിലേറെ തവണ പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന പല ഇനങ്ങളും ലോങ്ങനിലുണ്ട്. പൊതുവിൽ ഫെബ്രുവരി–മാർച്ച് മാസമാണ് പൂവിടുന്നത്. നാലു വർഷം പ്രായമെത്തിയ ഒരു മരത്തിൽനിന്ന് ശരാശരി അഞ്ച് കിലോ പഴം വിളവെടുക്കാം. 10 വർഷം പ്രായമെത്തുന്നതോടെ ശരാശരി 100 കിലോ വരെ ഉൽപാദനം എത്തിയോക്കാം. നിലവിൽ കിലോ 300 മുതൽ 450 രൂപ വരെ വിലയാണ് ഇന്ത്യൻ വിപണിയിൽ. മികച്ച പോഷകഗുണങ്ങളുള്ളതും ജ്യൂസായി നിരവധി രാജ്യങ്ങളിൽ സുലഭമായി വിൽക്കുന്നതും പതിവാണ്.

ഇനങ്ങൾ പലതരം

മലേഷ്യയും തായ്‌ലൻ‍ഡും പോലുള്ള രാജ്യങ്ങളിലാണ് കൂടുതലായും വിളയുന്നത്. ചുവപ്പും പിങ്കും തവിട്ടും വെളുപ്പുമെല്ലാമായി വ്യത്യസ്ത നിറങ്ങളുള്ള ലോങ്ങൻ ഇനങ്ങളുണ്ട്. ഡബിൾ ലോങ്ങൻ, പിങ്‌പോങ് റൂബി, എഡോസ്റ്റാർ, ഈഡോ, വൈറ്റ് ലോങ്ങൻ, കൊഹ്‌ല, ഡയമണ്ട് റിവർ, ഫോർ സിസൺ, ന്യൂക്രിസ്റ്റൽ, പോൻതോങ്, വിയറ്റ്നാം ട്രോപ്പിക്കൽ, ഷോഗൺ, വെതർ ലീഫ്, ചുലിയാൻ, അരോമ ദുരിയോ തുടങ്ങിയവ മികച്ച ഇനങ്ങളാണ്. നിലവിൽ കേരളത്തിൽ സജീവമായി കൃഷിചെയ്യാൻ ആരംഭിച്ചതിനാൽ പല നഴ്സറികളിലും തൈകൾ ലഭ്യമാണ്. വിശ്വാസ യോഗ്യമായ നഴ്സറികളിൽ നിന്നും കർഷകരിൽനിന്നും തൈകൾ ശേഖരിക്കാവുന്നതാണ്.

Tags:    
News Summary - Longan fruit has found its place in Kerala; it will grow well if planted in loose soil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.