വീട്ടുമുറ്റത്ത് വിളഞ്ഞ പഴങ്ങൾ വിളവെടുക്കുന്ന അനസും ഭാര്യ സമീനയും
പത്തിരിപ്പാല: വീട്ടിനകത്തും പുറത്തും വിവിധയിനം പൂന്തോട്ടങ്ങളും പഴത്തോട്ടങ്ങളുമൊരുക്കി പത്തിരിപ്പാലയിലെ യുവ കർഷക കുടുംബം. പത്തിരിപ്പാല കാരക്കുളം വീട്ടിൽ അനസ് സക്കീർ, ഭാര്യ ഷെമീന എന്നിവരാണ് വീട്ടുമുറ്റത്തെ 10 സെന്റ് ഭൂമിയിലും വീട്ടിനകത്തും പൂച്ചെടികളും നിരവധി പഴവർഗങ്ങളുടെ തോട്ടവും ഒരുക്കിയത്. സക്കീറിന്റെ പിതാവ് മായൻകുട്ടി പത്തിരിപ്പാലയിലെ അറിയപ്പെടുന്ന കർഷകനായിരുന്നു. പൂക്കളോടും കൃഷിയോടും മണ്ണിനോടും ഇഷ്ടം മൂത്തതോടെയാണ് ഇവർ വീടും മുറ്റവും മനോഹരമായ കൃഷി തോട്ടവും പൂന്തോട്ടവും പഴത്തോട്ടവുമാക്കി മാറ്റിയത്.
വിദേശത്തും സ്വദേശത്തുമുള്ള വിവിധയിനം പഴച്ചെടികൾ ഇവിടെ കാണാനാകും. വിവിധ തരം ഹോർക്കിഡ് ചെടികൾ. പുലാസാൺ, റംബുട്ടാൻ, റാഗൺ ഫ്രൂട്ട്, വൈറ്റ് ഞാവൽ പഴം, നാഗ്പൂർ ഓറഞ്ച്, മുസമ്പി, അഭിയു, സീതപഴം, ജപ്പാൻ പേര, അമ്പഴങ, റൊളിനിയ, മാങ്കോസ്റ്റിൻ, മരമുന്തിരി, ബുഷ് ഓറഞ്ച്, മിറാക്കിൽ ഫ്രൂട്ട് അങ്ങിനെ നിരവധി പഴങ്ങൾ ഇവിടെയുണ്ട്. വീടിനകത്തും പുറത്തുമായി നൂറിലേറെ വരുന്ന വിവിധയിനം പൂക്കൾ ഉണ്ട്.
അംഗ്ലോഡിമ, അഡീനിയം, ആന്തോറിയം, വിവിധ തരം റോസ് പൂക്കൾ, കടലാസ് പൂക്കൾ തുടങ്ങിയ നൂറിലേറെ പൂച്ചെടികളും വീട്ടിനകത്തും മുറ്റത്തുമായി കാണാനാകും. വീട്ടിൽ നിർമിക്കുന്ന കമ്പോസ്റ്റ് വളമാണ് ചെടികൾക്ക് ഉപയോഗിക്കുന്നത്. മുന്തിരി ഉൾപ്പെടെയുള്ള എല്ല പഴവർഗങ്ങളും ഇവിടെ നിന്ന് തന്നെ വീട്ടുപയോഗത്തിന് ലഭിക്കുന്നതിനാൽ പുറമേ നിന്ന് ഒരു പഴം പോലും വാങ്ങാറില്ല. പഴവർഗങ്ങൾ തന്നെയാണ് ഇവരുടെ ഒരു നേരത്തെ ഭക്ഷണം. അതിഥികൾക്കും പഴവർഗങ്ങൾ നൽകിയാണ് സ്വീകരിക്കാറ്. മായം കലരാത്തവയായതിനാൽ ധൈര്യമായി കഴിക്കാം. ഇരുവരും ചേർന്നാണ് ഇവയെ പരിപാലിക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.