പ്രതീക്ഷകൾ അസ്തമിച്ചു; വിലയിടിവിൽ തകർന്ന്​ ഏത്തവാഴ കർഷകർ

പാമ്പാടി: വിലവർധിക്കുമെന്ന അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടതോടെ ജില്ലയിലെ ഏത്തവാഴ കർഷകർ ദുരിതത്തിൽ. പ്രതീക്ഷയോടെ ഏത്തവാഴ കൃഷി നടത്തിയ ജില്ലയിലെ നല്ലൊരു വിഭാഗം കർഷകരാണ് വിലയിടിവിന്‍റെ പ്രതിസന്ധിയിൽ ഇപ്പോൾ കണ്ണീർ കുടിക്കുന്നത്. ഉൽപാദിപ്പിച്ച വാഴക്കുലകൾ എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ് അവർ. വാഴക്കുലകൾ പലയിടത്തും കിടന്ന് നശിക്കുകയാണെന്ന് കർഷകർ പരാതിപ്പെടുന്നു. കൃഷിവകുപ്പിന്‍റെ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് നീങ്ങേണ്ടിവരുമെന്നും അവർ പരാതിപ്പെടുന്നു.

ആഘോഷ വേളകളിൽ ഉപയോഗം വർധിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതും നഷ്ടപ്പെട്ടെന്ന് കർഷകർ പറയുന്നു. ക്രിസ്മസുമായി ബന്ധപ്പെട്ടും വിലവർധനയുണ്ടായില്ലെന്നും അവർ പരിതപിക്കുന്നു. ഈ വർഷത്തെ അവസാന പ്രതീക്ഷയുംനശിച്ച് വിലയിടിവ് മൂലം ഏത്തവാഴ കർഷകർ കനത്ത സാമ്പത്തിക ബാധ്യതയിലായിരിക്കുകയാണെന്ന് കർഷകനും കർഷക കോൺഗ്രസ്‌ ജില്ല നേതാവുമായ എബി ഐപ്പ് പറഞ്ഞു. കൃഷി വകുപ്പിന്‍റെയും ഹോർട്ടികോർപ്പിന്‍റെയും ഇടപെടൽ വിഷയത്തിലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓണം വിപണി ലക്ഷ്യമാക്കിയാണ് ജില്ലയിലെ ഭൂരിഭാഗംവാഴകൃഷി കർഷകരുംകൃഷിചെയ്യുന്നത്. മഴയിൽ നാശനഷ്ടമുണ്ടായെങ്കിലും അതിനെ അതിജീവിച്ച് കാര്യമായ ഉൽപാദനമുണ്ടാക്കാനും സാധിച്ചു. വലിയ വിലയാണ് പ്രതീക്ഷിച്ചതെങ്കിലും ഈ വർഷം 40 രൂപയിൽ താഴെ മാത്രമാണ് ഒരു കിലോ ഏത്തക്കായ്ക്ക് ലഭിച്ചത്. ജില്ലയുടെ ജലലഭ്യത കുറഞ്ഞ പ്രദേശങ്ങളിൽ നവംബർ, ഡിസംബർ മാസങ്ങളിൽ വിളവെടുക്കുന്ന രീതിയിലാണ് കൃഷിചെയ്യുന്നത്. ശബരിമല സീസൺ ആയതിനാൽ സാധാരണഗതിയിൽ നല്ല വില ലഭിക്കേണ്ടതാണ്. എന്നാൽ, ഈ വർഷം 30 രൂപയായി വില കൂപ്പുകുത്തിയിരിക്കുകയാണ്.

മൊത്തക്കച്ചവടക്കാർക്കും ഇത് വലിയ നഷ്ടമാണുണ്ടാക്കിയത്. ചെറുകിട കച്ചവടക്കാർ മാത്രമാണ് ഏത്തപ്പഴ വിൽപനയിലൂടെ അത്യാവശ്യം ലാഭമുണ്ടാക്കുന്നത്. കർഷകർക്ക് അതിന്‍റെ നേട്ടമൊന്നും ലഭിക്കുന്നുമില്ല. ഏത്തവാഴ കർഷകർക്ക് കനത്ത നഷ്ടംവരുത്തിവെച്ചാണ് ഈവർഷം കടന്നുപോകുന്നത്. ജനുവരി പകുതിയോടെ ജില്ലയിലെ ഏത്തവാഴ വിളവെടുപ്പ് പൂർണമായും തീരും. അതോടെ വില കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷ. അതുകൊണ്ട് തങ്ങൾക്ക് പ്രത്യേക പ്രയോജനമൊന്നുമില്ലെന്ന് കർഷകർ പറയുന്നു. നിലവിൽ ഉൽപാദിപ്പിച്ചവ സംഭരിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

നിലവിലെ സാഹചര്യം പരിഗണിച്ച് പ്രദേശിക തലത്തിൽ വലിയ സംഭരണശേഷിയുള്ള ശീതീകരണ സംവിധാനങ്ങൾ സർക്കാർ ഒരുക്കിയാൽ വിപണിയിൽ വിലയുള്ള സമയത്ത് വിൽപന നടത്താൻ സാധിക്കുമെന്നും പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ടുവരുന്ന ഭരണസമിതികൾക്ക് ഇതുസംബധിച്ച് നടപടി സ്വീകരിക്കാൻ സാധിക്കും. അതിനുള്ള ശ്രമം നടത്താനാണ് കർഷകരുടെ നീക്കം. ഏത്തക്കുലകൾ സംഭരിക്കാൻ തദ്ദേശ, കൃഷി വകുപ്പിനുമേൽ സമ്മർദ്ദം ചെലുത്താൻ കർഷക കോൺഗ്രസ്‌ മുന്നിട്ടിറങ്ങുമെന്ന് എബി ഐപ്പും പറഞ്ഞു.

Tags:    
News Summary - Banana farmers devastated by price drop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.