ഒരു ഗ്ലാസ് വെള്ളം മാത്രം മതി; മുളകുപൊടിയിൽ മായമുണ്ടോ എന്ന് തിരിച്ചറിയാം -VIDEO

ടകളിൽ നിന്ന് വാങ്ങുന്ന മുളകുപൊടി ഉൾപ്പെടെയുള്ള പൊടികളും പാക്കറ്റ് ഉൽപ്പന്നങ്ങളും മായം കലർന്നതാണോയെന്ന സംശയം എല്ലാവർക്കുമുണ്ടാകാം. എളുപ്പം മായം കലർത്താൻ പറ്റുമെന്നതും ഇത്തരം ഉൽപ്പന്നങ്ങളുടെ പ്രത്യേകതയാണ്.

മുളകുപൊടിയിൽ ഇഷ്ടികപ്പൊടി ചേർക്കുന്നതായും കൃത്രിമ നിറവും രാസവസ്തുക്കളും ചേർക്കുന്നതായും പരാതികൾ ഇടക്കിടെ ഉയരാറുണ്ട്. പുറത്തുനിന്ന് വാങ്ങുകയാണെങ്കിൽ, വിശ്വാസ്യയോഗ്യവും ആരോഗ്യ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതുമായ ബ്രാൻഡുകളുടെ പൊടി തിരഞ്ഞെടുത്ത് വാങ്ങുകയാണ് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ഒരു മാർഗം.

വീട്ടിലേക്ക് വാങ്ങിയ മുളകുപൊടിയിൽ മായമുണ്ടോ എന്ന് തിരിച്ചറിയാനും ചില പരിശോധനകളുണ്ട്. ലബോറട്ടറികളിലെ പരിശോധനയിൽ പൊടിയിലെ ഘടകങ്ങൾ കൃത്യമായി തിരിച്ചറിയാനാകും. എന്നാൽ, ലാബിൽ കൊണ്ടുപോയി പരിശോധിക്കൽ എപ്പോഴും പ്രായോഗികമല്ലല്ലോ. അങ്ങനെ വരുമ്പോൾ മുളകുപൊടിയുടെ കാര്യത്തിൽ ലളിതമായൊരു പരിശോധനയിലൂടെ മായം കണ്ടെത്താനാകും.

ഒരു ഗ്ലാസ്സും അതിൽ വെള്ളവും മാത്രമാണ് ഈയൊരു പരിശോധനക്ക് ആവശ്യമുള്ളത്. ഗ്ലാസിൽ വെള്ളമെടുത്ത് അതിലേക്ക് കടയില്‍ നിന്ന് വാങ്ങിയ മുളകുപൊടി ഒരു ടീസ്പൂണ്‍ ചേര്‍ക്കാം. അല്‍പസമയത്തിനകം ഗ്ലാസിലെ വെള്ളത്തില്‍ അടിഭാഗത്തായി പൊടി അടിഞ്ഞുവരും. ഇങ്ങനെ അടിയുന്ന മട്ട് അല്‍പമെടുത്ത് കൈവെള്ളയില്‍ വെക്കുക.

ഇനിയിത് വിരലറ്റം കൊണ്ട് പതിയെ ഉരച്ചുനോക്കാം. ഉരക്കുമ്പോള്‍ കടുപ്പമുള്ള തരിയായി തോന്നുന്നുവെങ്കില്‍ മുളകുപൊടിയിൽ ഇഷ്ടികപ്പൊടി ചേര്‍ത്തിട്ടുണ്ടാകാം. മറിച്ച്, വല്ലാതെ പേസ്റ്റ് പോലെ തോന്നുന്നുവെങ്കില്‍ ഫ്രഞ്ച് ചോക്ക് അല്ലെങ്കില്‍ സോപ്പുകല്ല് ചേര്‍ത്തിരിക്കാം. വല്ലാതെ ചുവന്ന നിറം വെള്ളത്തിൽ പടരുന്നുണ്ടെങ്കിൽ നിറം ചേർത്തിരിക്കുന്നുവെന്നും അനുമാനിക്കാം. ഫുഡ് സേഫ്റ്റി സ്റ്റാൻഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഈ പരിശോധന എങ്ങിനെ നടത്താമെന്നത് സംബന്ധിച്ച് ഒരു വിഡിയോ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.


മായമുണ്ടോയെന്ന് കണ്ടെത്താനുള്ള പ്രാഥമിക പരിശോധന മാത്രമാണിത്. വിദഗ്ധമായ ലബോറട്ടറി പരിശോധനയിലൂടെ മാത്രമേ മായവും അതിന്‍റെ അളവും സ്വഭാവവും കൃത്യമായി കണ്ടെത്താനാവുകയുള്ളൂ. 

Tags:    
News Summary - Your chilli powder may be adulterated; this simple test will help you find out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.