പ്രസീദ് കുമാർ തന്റെ പാടത്ത്

വിത്ത് ലവ്; നെൽവിത്തിനെ പ്രണയിച്ച കഥ...

നെല്ല് നിറക്കാനുള്ള പത്തായമില്ലാത്ത ഒരു വീടും വയനാടിന്റെ ഭൂതകാലത്തിലുണ്ടായിരുന്നില്ല. ഒരാണ്ടിലെ നിത്യ ചെലവിനുള്ള നെല്ല് വീട്ടിലെ പത്തായത്തിലെത്തിക്കഴിയുമ്പോൾ പുറത്തേക്കുവരുന്ന നെടുവീർപ്പിൽനിന്നുണ്ടാകുന്ന ആത്മധൈര്യമായിരുന്നു വയനാടന്‍ കര്‍ഷകരുടെ അന്നത്തെ പ്രതാപം. ബ്രിട്ടീഷ് ഭരണകാലത്തും ജന്മി-കുടിയാന്‍ കാലത്തുമെല്ലാം പിന്തുടര്‍ന്നുവന്ന നെല്‍കൃഷി നാടിന്റെ ഉത്സവവും ജീവതാളവുമായിരുന്നു.

ഭൂതകാല പെരുമയില്‍നിന്ന്‌ നാട് ഏറെ മുന്നോട്ടുപോയതോടെ നെൽപാടവും നെൽകൃഷിയും നെൽവയലുകളും പത്തായങ്ങളുമെല്ലാം ഓർമയായി തുടങ്ങി. ഹെക്ടർ കണക്കിന് നെൽവയലുകൾ കരയായി മാറുകയോ തരിശ്ശാവുകയോ മറ്റു കാർഷികാവശ്യങ്ങൾക്ക് വഴിമാറുകയോ ചെയ്തു. അയല്‍നാട്ടില്‍നിന്നും വരുന്ന അരിവണ്ടികളെ കാത്തിരിക്കുകയാണിപ്പോൾ ഈ നാടും നാട്ടുകാരും.

രാഷ്ട്രപതിയിൽനിന്നും അവാർഡ് സ്വീകരിക്കുന്നു 

മാഞ്ഞുകൊണ്ടിരിക്കുന്ന വയനാടന്‍ നെൽകാഴ്ചകളെ ഓർമകൾക്ക് വിട്ടുകൊടുക്കാതെ നെല്ലും നെൽകൃഷിയും നെൽപാടങ്ങളും ജീവിതത്തിന്റെ ഭാഗമാക്കി നെഞ്ചേറ്റുന്ന അപൂർവം ആളുകളെ മാത്രമേ ഇന്ന് മലയാള ഭൂമികയിൽ പോലും കാണാനുള്ളൂ. കഴിഞ്ഞ 32 വർഷമായി കൃഷിയെ അതിരറ്റ് സ്നേഹിക്കുന്ന സുൽത്താൻ ബത്തേരി സ്വദേശി പ്രസീദ് കുമാറിന്റെ നെല്ല് വിശേഷങ്ങളും പരിപാലനവുമെല്ലാം ഇന്ന് വേറിട്ട കാഴ്ചയാണ്.

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ സഹായത്തോടെ രാജ്യത്തെ 350 ഇനം നെല്ലിനങ്ങളുമായി ബത്തേരിയിൽ മ്യൂസിയം ആരംഭിച്ചതോടെ ഇന്ത്യയിൽതന്നെ ശ്രദ്ധേയമായ സംരംഭകനായി പ്രസീദ് മാറിക്കഴിഞ്ഞു.

നെല്ലിനും ഒരു മ്യൂസിയം

നെൽവിത്തിനങ്ങളെ സംരക്ഷിക്കുകയും പുതുതലമുറക്ക് പരിചയപ്പെടുത്തുകയും ഗവേഷണത്തിന് ഉൾപ്പെടെ ഉപയോഗപ്പെടുത്തുകയുമാണ് നെൽ മ്യൂസിയത്തിന്റെ പ്രധാന ലക്ഷ്യം. കൂടാതെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നേരിട്ട് പോയി ശേഖരിച്ച നൂറോളം നെല്ലിനങ്ങൾ സ്വന്തം പാടത്ത് കൃഷിചെയ്ത് അവയുടെ വിത്തുകളും ആവശ്യക്കാർക്ക് മ്യൂസിയം മുഖേന നൽകി വരുന്നുമുണ്ട്.

വിത്തിന്റെ സമയം കഴിഞ്ഞാൽ ഒൗഷധ ഗുണമുള്ളവയടക്കം നെല്ല് കുത്തി അരിയായും നൽകും. വിത്തുകൾ കൈമാറിയും കൃഷിരീതികൾ പങ്കുവെച്ചും വിദ്യാർഥികൾക്കും അധ്യാപകർക്കും അറിവുകൾ പകർന്നും ഗവേഷകർക്കും വഴികാട്ടിയായും പ്രസീദ് കുമാർ കാർഷിക മേഖലയിൽ ഇന്ന് സജീവമാണ്.

സുൽത്താൻ ബത്തേരിയിലെ നെൽ മ്യൂസിയം

മ്യൂസിയം ആരംഭിച്ചതോടെ തന്നെ കാണാനും നെല്ലിനെക്കുറിച്ച് അറിയാനും വിദേശത്തുനിന്ന് ഉൾപ്പെടെ നിരവധി പേർ എത്തുന്നുണ്ടെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. പുതുതലമുറക്ക് കൃഷിയിൽ മാർഗദർശിയായ ഇദ്ദേഹം പി.എച്ച്ഡിക്ക് ഗവേഷണം നടത്തുന്ന 11 പേർക്ക് ഇപ്പോൾ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകിവരുന്നുണ്ട്.

രാജ്യത്തുതന്നെ അപൂർവവും വംശനാശത്തിന്റെ വക്കിലെത്തിയതുമായ നെൽവിത്തിനങ്ങൾ ഉൾപ്പെടെ 350ലധികം നെല്ലിനങ്ങൾ മ്യൂസിയത്തിൽ പ്രദർശനത്തിന് വെക്കുമ്പോൾ ഇതിൽ നൂറ് ഇനങ്ങളും ഇദ്ദേഹത്തിന്റെ 10 ഏക്കർ നെൽവയലിൽ കൃഷിചെയ്യുന്നതാണെന്നാണ് വലിയ ആശ്ചര്യം.

കൃഷ്ണ, കൗമുദി, ആസാം ബ്ലാക്ക്, ബർമ ബ്ലാക്ക്, കാലപെട്ടി, രക്തശാലി, നവര, വയനാടൻ ഗന്ധകശാല, ജീരകശാല, മുള്ളൻ, കൈമ, വലിച്ചൂരി, അടുക്കൻ തൊണ്ടി, അത്യപൂർവമായ അന്നൂരി തുടങ്ങിയ നെല്ലിനങ്ങളെല്ലാം ഇദ്ദേഹം സ്വന്തമായി കൃഷിചെയ്താണ് വിത്ത് തയാറാക്കുന്നതും ആവശ്യക്കാർക്ക് നൽകുന്നതും. പ്രസീദിന്റെ വിത്തുശേഖരം കൗതുകത്തിനപ്പുറം വിസ്മയലോകം കൂടിയാണ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ 40,000 ഇനം നെൽവിത്തുകളാണ് ഉള്ളതെങ്കിൽ മനിലയിലെ നെല്ല് മ്യൂസിയത്തിൽ ലോകത്തെ 1,27,916 ഇനം നെല്ലുകളുടെ വിത്തുകൾ സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രസീദ് പറയുന്നു. അരി കൂടുതൽ ഉപയോഗിക്കുന്ന കേരളത്തിൽ നൂറിലധികം നെല്ലിനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ 40 ഇനം മാത്രമാണ് കാണുന്നത്.

പാടി ആർട്ട്

ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ കണ്ടുവരുന്ന പാടി ആർട്ടിനെ ഇന്ത്യയിലേക്ക് എത്തിച്ചത് പ്രസീദ്കുമാറാണെന്ന് പറയാം. 11 വർഷമായി വിവിധ നിറങ്ങളിൽ വളരുന്ന നെൽച്ചെടികൾ സ്വന്തം പാടത്ത് നട്ടുവളർത്തിയാണ് അദ്ദേഹം പാടി ആർട്ട് ചെയ്യുന്നത്. ഒരോ വർഷവും വ്യത്യസ്തമായതാണ് അദ്ദേഹം അവതരിപ്പിക്കുക.

30 സെന്റിൽ ഓരോന്നിനും ആവശ്യമായ നിറങ്ങളുള്ള നെൽചെടികൾ വളർത്തി നിശ്ചിത ചിത്രത്തിന്റെ ആകൃതിയിൽ ഞാറ് നട്ടാണ് പാടിആർട്ട് ഒരുക്കുന്നത്. ഇന്ത്യയുടെ ഭൂപടം, ഗുരുവായൂർ കേശവൻ എന്ന ആന, ശ്രീബുദ്ധൻ, യേശുക്രിസ്തു, മക്ക-മദീന, അത്തപ്പൂക്കളം, സ്വാമി വിവേകാനന്ദൻ തുടങ്ങിയ രൂപങ്ങൾ പ്രസീദ് കുമാറിന്റെ കൃഷിയിടത്തിൽ ഒരോ വർഷവും തെളിയുമ്പോൾ നൂറ് കണക്കിന് സന്ദർശകരാണ് ഇതിന്റെ സൗന്ദര്യവും കലാവിരുതും കാണാനെത്തുന്നത്.

നെൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന നെല്ലുകൾ. 350ലധികം നെല്ലിനങ്ങളുണ്ട് ഇവിടെ

ഏറ്റവും അവസാനമായി ഈ വർഷം പ്രധാനമന്ത്രിയുടെ 75ാം ജന്മദിനത്തോടനുബന്ധിച്ചുള്ള ആർട്ട് ഫോമാണ് പ്രസീദ് ഒരുക്കിയത്. ഇതോടെ പ്രധാനമന്ത്രിയുടെ ഓഫിസും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓഫിസുംതന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് പ്രസീദ് പറയുന്നു. ഞാറ് നടാനും വരക്കാനും എല്ലാമായി 22 പേർ പാടത്തിറങ്ങി ഒറ്റ ദിവസംകൊണ്ടാണ് പാടി ആർട്ട് തയാറാക്കുക.

പടശേഖരത്തിലെ പാടി ആർട്ട് 

പത്തേക്കറിലെ പൊന്ന്

പുതുമഴ ഭൂമിയിലേക്ക് അടര്‍ന്നുവീഴുമ്പോഴാണ് വയനാട്ടിലെ കര്‍ഷകരുടെ പാടത്തെ വരണ്ട മണ്ണ് കുതിർന്ന് പ്രതീക്ഷയുടെ ആദ്യത്തെ മുളപൊട്ടുന്നത്. ജൂണിൽ മഴ തിമിർത്തുപെയ്യുന്നതോടെ കാര്‍ഷിക ഉണര്‍വിന്റെ താളമായിരിക്കും വയലുകളിൽനിന്നെല്ലാം ഉയരുക. പിന്നീടങ്ങോട്ട് ഇരുട്ട് പരക്കുന്നതുവരെയും കുടുംബാംഗങ്ങളെല്ലാം പാടത്തും വരമ്പിലുമായിരിക്കും.

കാലം മാറി മോഹക്കച്ചവടവും കൂടുതൽ ലാഭവും തേടിയിറങ്ങിയ മനുഷ്യന് മുന്നിൽ വയലുകൾ ക്ഷയിച്ചെങ്കിലും പ്രസീദിന്റെ ആത്മവിശ്വാസത്തിനും കഠിനാധ്വാനത്തിനും ഒരു പഞ്ഞവുമുണ്ടായില്ല. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് നേരിട്ട് പോയി വിത്തുകൾ ശേഖരിച്ച് വയനാടൻ മണ്ണിൽ വിതച്ച് 100 മേനി കൊയ്തെടുക്കുന്ന പ്രസീദ് കുമാറിന്റെ വിജയഗാഥ കേട്ടറിഞ്ഞ് രാജ്യത്തെ വിവിധ സർവകലാശാലകളിൽനിന്നുള്ള കൃഷി വിദഗ്ധരും ഈ മാതൃകാ കർഷകനെ തേടി നിരന്തരം എത്താറുണ്ട്.

ഏറെ സമയവും വയലിലെ ചേറിൽതന്നെയാണ് പ്രസീദ് കുമാറുണ്ടാവുക. നമ്പിക്കൊല്ലിയിലെയും പണയമ്പത്തെയും നെൽപാടത്ത് അതിരാവിലെ മുതൽ സന്ധ്യവരെ ഒരുദിവസംപോലും വിശ്രമമില്ലാതെ കൃഷിയിൽ വ്യാപൃതനാണ് അദ്ദേഹം. ഔഷധഗുണവും രോഗപ്രതിരോധശേഷിയുമുള്ള നെൽവിത്തിനങ്ങളുടെ ശേഖരണവും ഉൽപാദനവും കൈമാറ്റവുമാണ് പ്രധാന ലക്ഷ്യമെന്നതിനാൽ രാസവസ്തുക്കളും കീടനാശിനികളും ഒഴിവാക്കി ജൈവകൃഷിയോടുള്ള പ്രതിബദ്ധതകൂടിയുണ്ട് ഇദ്ദേഹത്തിന്.

അതുകൊണ്ടുതന്നെ സാധാരണ നെല്ലിനങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ ആവശ്യക്കാരും ഉയർന്ന വിലയും ഇവക്ക് ലഭിക്കുകയും ചെയ്യുന്നുവെന്ന് പ്രസീദ് പറയുന്നു. 11 ഏക്കർ കൃഷി ഭൂമിയാണ് പ്രസീദിനുള്ളത്. ഇതിൽ 10 ഏക്കർ നെൽകൃഷി കഴിച്ച് ബാക്കി ഒരേക്കറിൽ മറ്റു കാർഷിക വിളകളും പ്രസീദ് പരീക്ഷിക്കുന്നുണ്ട്.

നെല്ലിനുമപ്പുറം

നെൽകൃഷി മാത്രമല്ല പ്രസീദിനുള്ളത്. കിഴങ്ങുവർഗങ്ങൾ ഉൾപ്പെടെ വിവിധ കൃഷികളിലും കന്നുകാലി പരിപാലനത്തിലും വ്യാപൃതരാണ് അദ്ദേഹത്തിന്റെ കുടുംബം. ഒരേ മനസ്സോടെ കൃഷിയെ സ്നേഹിക്കുന്നവരാണ് ഇവർ ഓരോരുത്തരും. കാപ്പി, കുരുമുളക്, തെങ്ങ്, കമുക്, വിവിധയിനം മാവുകൾ, പ്ലാവുകൾ, വെണ്ണപ്പഴം, ഇഞ്ചി, വാഴ, ചേമ്പ്, ചേന, മഞ്ഞൾ, കാച്ചിൽ, പച്ചക്കറികൾ തുടങ്ങിയവ ജൈവകൃഷിയിലൂടെ വൻ വിജയം കൊയ്യുന്നത് കാണാൻ പ്രസീദിന്റെ കൃഷിയിടത്തിൽ പോയാൽ മതി. ബി.കോം ബിരുദധാരിയായ ഈ 52കാരനെ കൈമറന്ന് സഹായിക്കാൻ ബിരുദാനന്തര ബിരുദമുള്ള ഭാര്യ വിശ്വപ്രിയയും സദാസമയം റെഡി. കൂടാതെ രണ്ട് പെൺമക്കളും ഒരേ മനസ്സോടെ പാടത്തും വരമ്പത്തും പ്രസീദിന് കൂട്ടായുണ്ട്.

കതിരിട്ടാലുടൻ കഴിക്കാം

കതിരിട്ട അന്നുതന്നെ വിളവെടുപ്പിന് പാകമാകുന്ന അണ്ണൂരി മുതൽ വേവിക്കാതെ കഴിക്കാവുന്ന മാന്ത്രിക അരിയെന്നറിയപ്പെടുന്ന ബൊക്കാസൗൽ വരെയുള്ള നെല്ലിനങ്ങൾ പ്രസീദിന്റെ പാടത്ത് വിളയുന്നുണ്ട്. പല നിറങ്ങളിലും പല രുചികളിലുമുള്ള നെൽവിത്തുകൾ പ്രസീദിന്റെ പക്കലുണ്ട്.

കറുത്ത അരിമണികളുള്ള കൃഷ്ണാ കൗമോദ്, നവര, രക്തശാലി, ശരീരകോശങ്ങളുടെ വളർച്ചക്ക് സഹായകമാകുമെന്ന് അവകാശപ്പെടുന്ന ചക്കുഹോം, പ്രമേഹ രോഗികൾക്ക് ഉപയോഗിക്കാവുന്ന സിന്ധൂര മധുശാല, കവുങ്ങിൻപൂത്താല, കാട്ടുയാനം, വയനാടിന്റെ പരമ്പരാഗത ഇനങ്ങൾ തുടങ്ങിയവയെല്ലാം ഇദ്ദേഹം കൃഷിചെയ്യുന്നു.

കൃഷിതന്നെ ജീവിതം

പാരമ്പര്യ കർഷകനായ അച്ഛൻ വെട്ടിത്തെളിച്ച കൃഷിയുടെ വേറിട്ട വഴികളിലൂടെയാണ് മകന്റെ ജീവിതം. എപ്പോഴാണ് കൃഷിയിലേക്കിറങ്ങിയതെന്ന് പ്രസീദിന് പോലും ഓർമയില്ലെങ്കിലും 16 വർഷമായി വ്യത്യസ്ത നെൽവിത്തുകൾ കൃഷിചെയ്യാൻ തുടങ്ങിയിട്ട്. അച്ഛനുൾപ്പെടെയുള്ള കുടുംബത്തിന്റെ ജീവിതം മുഴുവൻ കൃഷിയിലായിരുന്നു.

ചെറുപ്പകാലം മുതൽ കൃഷിപ്പണികളിലെല്ലാം അച്ഛനെ സഹായിക്കും. നെല്ലും വാഴയുമെല്ലാം കൃഷിയിറക്കുന്നതിനൊപ്പം കന്നുകാലി സംരക്ഷകൻകൂടിയാണ് പ്രസീദ്. വെച്ചൂർ, ചെങ്ങന്നൂർ, ഗിയർ, വയനാടൻ, കാസർകോടൻ തുടങ്ങിയ തനത് കന്നുകാലി ഇനങ്ങളെ അദ്ദേഹം കൂടെക്കൂട്ടിയിട്ടുണ്ട്.

വിത്തുത്സവങ്ങൾ

കേരളത്തിനകത്തും പുറത്തും വിത്തുത്സവങ്ങൾ നടക്കുമ്പോൾ പ്രധാന ശ്രദ്ധാകേന്ദ്രം പ്രസീദിന്റെ നെല്ലിനങ്ങളാവും. വിത്തുകൾ കൈമാറിയും കൃഷിരീതികൾ പങ്കുവെച്ചും വിദ്യാർഥികൾക്കും അധ്യാപകർക്കും അറിവുകൾ പകർന്നും ഗവേഷകർക്കും വഴികാട്ടിയായും പ്രസീദ് കുമാർ എവിടെയും സജീവമാകും.

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലേക്കുള്ള കദളിവാഴ മുതൽ 16 തരം വാഴകൾ കൃഷി ചെയ്തുവരുന്നുണ്ട്. ഗണപതി നാരങ്ങയും ക്ഷേത്രങ്ങളിലേക്കുള്ള നവരനെല്ല്, വരി നെല്ല് എന്നിവയും കൃഷിചെയ്തു നൽകുന്നുണ്ട് പ്രസീദ്. കൂടാതെ ആയുർവേദ മരുന്നുകൾ നിർമിക്കാനുള്ള നെല്ലുകളും ഇദ്ദേഹം കൃഷിയുടെ ലോകത്ത് യഥേഷ്ടമുണ്ട്.

കേരള ജൈവ വൈവിധ്യ ബോർഡ്, കാർഷിക സർവകലാശാല, ഐ.സി.എ.ആർ, തദ്ദേശ സ്ഥാപനങ്ങൾ, കൃഷിഭവനുകൾ, വിവിധ എൻ.ജി.ഒ എന്നിവിടങ്ങളിലെ സ്ഥിരംസാന്നിധ്യമാണ് പ്രസീദ്. അതു കൊണ്ടുതന്നെയാണ് ഒന്നര ലക്ഷം രൂപയുടെ ദേശീയ സസ്യ ജനിതക സംരക്ഷണ പുരസ്കാരം (പ്ലാന്റ് ജിനോം സേവ്യർ അവാർഡ്) അദ്ദേഹത്തെ തേടിയെത്തിയത്.

2023ലാണ് രാഷ്ട്രപതിയിൽനിന്നും പ്രസീദ് ഈ അവാർഡ് ഏറ്റുവാങ്ങിയത്. 2019ൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ ഹരിതവ്യക്തി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2024ൽ ഫാർമേഴ്സ് മീറ്റിൽ കേന്ദ്രമന്ത്രി ആദരിച്ചതും പ്രസീദിന്റെ സമർപ്പണത്തിനുള്ള അംഗീകാരമായിരുന്നു.

Tags:    
News Summary - The story of falling in love with rice seed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.