ഭയം ​വേണ്ട, തക്കാളി വില 100 കടന്നോട്ടെ; പരിഹാരം ഇതാ ഇവിടെയുണ്ട്...

ഭക്ഷ്യവസ്തുക്കളുടെ വില നമ്മെ ദിനം പ്രതി പ്രയാസപ്പെടുത്തുകയാണ്. ഇതിൽ, പച്ചക്കറി വില ഭയപ്പെടുത്തുന്ന നിലയിൽ വർധിക്കുകയാണ്.  അടുത്തകാലത്തായി തക്കാളി വില വലിയതോതിൽ വർധിക്കുകയാണ്. ഈ വർഷം തന്നെ 100 കടന്നിരുന്നു. നിലവിൽ കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലാണ് വില.

എന്നാൽ, വലിയ സമയം ചെലവഴിക്കാതെ തക്കാളി വിലയെ അതിജീവിക്കാം. ഇത്, ശരിവെക്കുന്ന അനുഭവങ്ങൾ അടുക്കള കൃഷി ചെയ്യുന്നവർ നമുക്ക് ചുറ്റുമുണ്ട്. വീട്ടാവശ്യത്തിനുള്ള തക്കാളി നമുക്ക് വിളയിച്ചെടുക്കാം. വളരെ ചെറിയ പരിപാലനത്തിലൂടെ...സ്ഥലമേറെയുള്ളവർക്ക് നിലത്ത് കുഴിയിൽ തൈ നടാം. അല്ലാത്തയവസരത്തിൽ ടെറസ്സിൽ ചട്ടിയിലും ചാക്കിലും മണ്ണിട്ട് തൈ സുഖമായി നട്ടുവളർത്താം. ​പുതിയ സാഹചര്യത്തിൽ പരമാവധി പച്ചക്കറികൾ വീട്ടുവളപ്പിൽ വിളയിക്കുന്നതോടെ സാമ്പത്തിക നഷ്ടം ഒഴിവാക്കുന്നതിനു പുറമെ, വിഷ രഹിത ഭക്ഷണം സ്വന്തമാക്കാം. 

തക്കാളി കൃഷി രീതി

എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ് തക്കാളി. ചെടിച്ചട്ടികളില്‍ , ചാക്കുകളില്‍ , ഗ്രോബാഗുകളില്‍ ഇതിലെല്ലാം നടീല്‍ മിശ്രിതം നിറച്ചശേഷം തക്കാളി നടാം. വിത്ത് പാകി മുളപ്പിച്ച ശേഷം പറിച്ചു നടുന്നതാണ്‌ ഉത്തമം. തക്കാളി ഒരു ഉഷ്ണകാല സസ്യമാണ് , ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. ബാക്ടീരിയാ വാട്ടമില്ലാത്ത ഇനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ശക്തി, മുക്തി, അനഘ, വെള്ളായണി വിജയ്, മനുലക്ഷ്മി എന്നിവ ബാക്ടീരിയാ വാട്ടം ചെറുക്കാന്‍ കഴിവുള്ള തക്കാളിയിനങ്ങളാണ്. കേരള മണ്ണിനിണങ്ങിയ ചില തക്കാളിയിനങ്ങൾ ശക്തി, മുക്തി, അനഘ, വെള്ളായണി, വിജയ് എന്നിവയാണ്.

തക്കാളി വിത്തുകള്‍ പാകി മുളപ്പിക്കുക, വിത്തുകള്‍ ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം. നടുന്നതിന് മുന്‍പ് സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് നല്ലതാണ്. നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കി, കല്ലും കട്ടയും കളഞ്ഞു അടി വളമായി ഉണങ്ങിയ, ചാണകം, കമ്പോസ്റ്റ് ഇവ ചേര്‍ക്കാം. കുമ്മായം ചേര്‍ത്ത് മണ്ണിന്റെ പുളിപ്പ് കുറയ്ക്കുന്നതും നല്ലതാണ്. ചാക്ക് / ഗ്രോ ബാഗ്‌ ആണെങ്കില്‍ മണ്ണ് / ചാണകപ്പൊടി / ചകിരിചോറ് ഇവ തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കി നടാം.

കടല പിണ്ണാക്ക്/കപ്പലണ്ടി പിണ്ണാക്ക് വെള്ളത്തില്‍ ഇട്ടു പുളിപ്പിച്ചത് നാലിരട്ടി വെള്ളം ചേര്‍ത്ത് ഒഴിച്ച് കൊടുക്കാം. ഫിഷ്‌ അമിനോ ആസിഡ് , പഞ്ചഗവ്യം , ജീവാമൃതം, ഇവയൊക്കെ ഒരാഴ്ച ഇട വിട്ടു കൊടുക്കാം. ചെടി വളര്‍ന്നു വരുമ്പോള്‍ താങ്ങ് കൊടുക്കണം. സ്യുഡോമോണാസ് ലായനി 10 ദിവസം അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്. രാസ വളം ഒഴിവാക്കുന്നതാണ് നല്ലത്, അളവ് കൂടിയാല്‍ ചെടി കരിഞ്ഞു ഉണങ്ങി പോകും. തക്കാളിയെ ബാധിക്കുന്ന പ്രധാന രോഗങ്ങൾ – ഇലച്ചുരുൾ രോഗം, വേരുചീയൽ, ഫലം ചീയൽ, പലവിധ കുമിളു രോഗങ്ങൾ, ബാക്ടീരിയൽ വാട്ടം എന്നിവയാണ്. വാട്ടം ഉള്ള ചെടികള്‍ വേരോടെ നശിപ്പിക്കുക.

തണ്ടുമുറിച്ചു നട്ട് പുതിയ ചെടി

തക്കാളിയുടെ തണ്ടുമുറിച്ചു നട്ട് പുതിയ ചെടികൾ ഉണ്ടാക്കാവുന്നതാണ്. വെള്ളത്തിലോ ചകിരിച്ചോറിലോ തണ്ടുകൾ കുത്തി നിർത്തി വേരുപിടിപിച്ച് മാറ്റി നടാവുന്നതാണ്.

Tags:    
News Summary - Tomatoes can be grown and harvested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.