ചെടികൾ നട്ടു വളർത്താൻ താൽപര്യമുണ്ടായിട്ടും സ്ഥല പരിമിതി മൂലം പിൻമാറുന്നവർക്ക് ഏളുപ്പം തെരഞ്ഞെടുക്കാൻ കഴിയുന്ന ഒന്നാണ് കണ്ടെയ്നർ ഗാർഡനിങ്. ബാൽക്കണിയിലും മതിലിലും പോർച്ചിലുമൊക്കെ ചെറിയ ചട്ടികളിൽ അലങ്കാര ചെടികൾ മുതൽ പച്ചക്കറി കൃഷി വരെ ചെയ്യാം. പക്ഷേ വിചാരിക്കുന്നതുപോലെ എളുപ്പമല്ല ഇത്തരത്തിലുള്ള കൃഷി. ചെടിച്ചട്ടികളിൽ കൃഷി ചെയ്യുമ്പോൾ ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. കണ്ടെയ്നറുകളിൽ വളരുന്ന ചെടികൾക്ക് നിലത്ത് നടുന്ന ചെടികളെക്കാൾ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
കൈയിൽ കിട്ടുന്നതൊക്കെ ചെടി ചട്ടിയാക്കുമ്പോൾ
കാശ് ലാഭിക്കാൻ കയ്യിൽ കിട്ടുന്ന പാത്രങ്ങളൊക്കെ ചെടി നടാൻ ഉപയോഗിക്കുന്ന ശീലം നമുക്കുണ്ട്. എന്നാൽ ഇത്തരത്തിൽ കണ്ടെയ്നറുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. ചെടിയുടെ വലിപ്പത്തിനനുസരിച്ചുള്ള കണ്ടെയ്നറുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. അതുപോലെ വെള്ളം വാർന്നു പോകാനുള്ള സൗകര്യവും ഉണ്ടെന്ന് ഉറപ്പ് വരുത്തണം. വെള്ളം വാർന്നു പോകാനുള്ള ദ്വാരം ഇല്ലെങ്കിൽ അതിൽ വെള്ളം കെട്ടി നിന്ന് ചെടികളുടെ വേര് ചീയും. ചെടികളെ സ്വതന്ത്രമായി വളരാൻ അനുവദിക്കുന്ന വലിയ കണ്ടെയ്നറുകൾ തന്നെ തെരഞ്ഞെടുക്കണം.
മണ്ണ് തെരഞ്ഞെടുക്കൽ
ഏത് മണ്ണ് ഉപയോഗിക്കുന്നു എന്ന് കണ്ടെയ്നർ കൃഷിയിൽ പ്രധാനമാണ്. അനുയോജ്യമല്ലാത്ത മണ്ണ് വേരു ചീയൽ, അപൂർണമായ വളർച്ച തുടങ്ങിയവക്കൊക്കെ കാരണമാകും. ലഭ്യമായ ഏതെങ്കിലും മണ്ണ് എടുത്ത് ചെടി നടാൻ ഉപയോഗിക്കുന്ന പ്രവണത ഒഴിവാക്കാം. ഇത്തരം മണ്ണിൽ ചെടിക്ക് വേണ്ട പോഷക ഘടകങ്ങൾ ഉണ്ടായിരിക്കില്ല. ഒപ്പം ചെടികളെ നശിപ്പിക്കുന്ന കളകളും കീടങ്ങളും ഇവയിലുണ്ടാവും. ഇവയൊഴിവാക്കാൻ മണ്ണിനൊപ്പം കമ്പോസ്റ്റ് കൂടി ചേർത്ത് ചെടി ചട്ടിയിൽ നിറച്ച ശേഷം ചെടികൾ നടാം
ചെടി നന
ചെടി നനയാണ് കണ്ടെയ്നറുകളിൽ ചെടി നടുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. ഇവക്ക് ഇടക്കിടക്ക് നനച്ചു കൊടുക്കേണ്ടി വരും. നിലത്തെ മണ്ണിനെക്കാൾ വേഗത്തിൽ കണ്ടെയ്നർ പ്ലാന്‍റുകളിലെ മണ്ണ് വേഗം ഉണങ്ങും. കാരണം ഇവയിൽ വളരുന്ന ചെടികളുടെ വേരുകൾക്ക് വേഗത്തിൽ വെള്ളം വലിച്ചെടുക്കാൻ കഴിയും. ഓരോ ചെടിക്കനുസരിച്ചാണ് വെള്ളം എത്ര കൊടുക്കണമെന്ന് തീരുമാനിക്കേണ്ടത്. എന്നാൽ ദിവസവും നനക്കുന്നതിൽ വിട്ടു വീഴ്ച വരുത്താൻ പാടില്ല.
കൃത്യമായ വള പ്രയോഗമില്ലെങ്കിൽ
ഗാർഡനിങ് സോയിൽ ഉപയോഗിച്ചാണ് ചെടി നട്ടതെങ്കിൽ ഇനി വളമെ ആവശ്യമില്ലെന്ന് കരുതരുത്. നിലത്ത് വളരുന്ന ചെടികളെക്കാൾ വേഗത്തിൽ ചട്ടികളിൽ വളരുന്നവ വളം വലിച്ചെടുക്കും. മാത്രമല്ല ചട്ടിക്കുള്ളിലായതുകൊണ്ടു തന്നെ അവയുടെ വേരുകൾക്ക് ആവശ്യമായ പോഷകങ്ങൾ തേടിപ്പോകുന്നതിന് പരിമിതിയുണ്ട്.
കൂട്ടിക്കലർത്തൽ
കണ്ടെയ്നറുകളിൽ വിവിധ ഇനം വേണ്ടി ചെടികൾ ഭംഗിക്ക് വേണ്ടി ഇട കലർത്തി നടരുത്. ഓരോ ചെടിക്കും ആവശ്യമായ സൂര്യ പ്രകാശം, ജലം,മണ്ണ്, വളം ഇവയൊക്കെ വ്യത്യസ്തമായിരിക്കും. ഇനി അങ്ങനെയാണ് നിങ്ങൾ ചെടികൾ നട്ടിരിക്കുന്നതെങ്കിൽ ഇപ്പോൾ തന്നെ മാറ്റി നട്ടോളൂ.
ചട്ടിയിലാക്കിയ ചെടികൾ ട്രിം ചെയ്താൽ
ഓരോ ചെടികളും പരിപാലിക്കേണ്ടത് വ്യത്യസ്ത രീതിയിലാണ്. ഉദാഹരണത്തിന് ചെറിയ മരങ്ങളാണ് ചട്ടിയിൽ നടുന്നതെങ്കിൽ അത് ചട്ടിയിൽ ഒതുങ്ങുന്ന തരത്തിൽ ശാഖകൾ വെട്ടി ഒതുക്കി നിർത്തണം. പൂവിടുന്ന ചെടികളുടെ തലപ്പ് വെട്ടി കൊടുക്കുന്നതും മുള നുള്ളുന്നതും വേഗം പൂവിടാൻ സഹായിക്കും.
കൃത്യമായ പരിപാലനം അറിഞ്ഞ് നൽകിയാൽ കണ്ടെയ്നറുകളിലെ കൃഷി വിജയകരമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.