12 മാസവും ചക്കപ്പഴത്തിന്‍റെ മധുരവുമായി പാന്‍റുതി

കടലൂർ ജില്ലയിലെ പാന്‍റുതി എന്ന എന്ന പ്രദേശത്തെക്കുറിച്ച് ഇങ്ങ് കേരളക്കരയിൽ വലുതായൊന്നും കേട്ടിട്ടില്ല. കേരളത്തിന്‍റെ ഔദ്യോഗിക ഫലമായ ചക്കക്കൃഷിക്ക് പ്രസിദ്ധമാണ് ഈ പ്രദേശം. ചക്കക്കു മാത്രമല്ല കശുമാവ് കൃഷിക്കും പേരുകേട്ട തമിഴ്‌നാടൻ പ്രദേശമാണ് കടലൂർ ജില്ലയിലെ ഈ താലൂക്ക്. കടലൂരിനും നെയ്‌വേലിക്കും ഇടയിലായുള്ള ഈ നഗരത്തിന് ഏറെ ചരിത്രവുമുണ്ട്. ഇവിടെ സമൃദ്ധമായി വിളയുന്ന ചക്കയുടെയും കശുവണ്ടിയുടെയും പെരുമ അങ്ങ് കടൽ കടന്ന് യൂറോപ്പിലും അമേരിക്കയിലും വരെ എത്തി നിൽക്കുകയാണ്.

പാൻറുതി എന്ന പ്രദേശത്തിൻറെ വാണിജ്യ കൃഷി ചരിത്രത്തിന് ഇരുന്നൂറ് വർഷത്തെ പഴക്കമുണ്ട്. വർഷം മുഴുവൻ ചക്കയും ഉണ്ട് ഇവിടെ. വര്‍ഷത്തില്‍ 1200 മി.മീ മഴ മാത്രമേ ഇവിടെ ലഭിക്കുന്നുള്ളു. ഇവിടുത്തെ ചക്കച്ചുളക്ക് തേന്‍മധുരം കിട്ടാൻ കാരണവും ഇതാണെന്ന് പറയുന്നു.


1000 ഹെക്ടറിൽ അധികം പ്രദേശത്താണ് ഇവിടെ പ്ലാവ് കൃഷി ചെയ്യുന്നത്. അതിരാവിലെ 4 മണിക്ക് തുറക്കുന്ന രത്തിനം പിള്ള മാര്‍ക്കറ്റിന് ചക്കപ്പഴത്തിന്റെ നറുമണമാണ്. ബോംബെയിലേക്കും ചെന്നൈയിലേക്കും ദിവസം 5-6 ലോഡ് ചക്ക കയറ്റി പോയിരുന്നു കോവിഡ് വരുന്നതിന് തൊട്ടു മുൻപ് വരെ.

സംഗീതം ചിട്ടപ്പെടുത്തൽ എന്നാണത്രെ ചെന്തമിളിൽ പാൻറുതി എന്ന പദത്തിന് അർഥം. തമിഴ് സംഗീത ചരിത്രവുമായി ബന്ധമുള്ള ഈ പ്രദേശത്തിന് ആ പേര് വരാൻ തന്നെ കാരണം അതാണ്. ആയിരം വർഷത്തെ പഴക്കമുള്ള വീരട്ടനേശ്വരർ അമ്പലമാണ് ഇവിടുത്തെ മറ്റൊരു മുഖ്യ ആകർഷണം.


കെടിലം നദിയും തെൻപന്നി ആറും ഈ നഗരത്തെയും ചുറ്റുമുള്ള ഗ്രാമങ്ങളെയും വലം വെച്ച് ഒഴുകുന്നതിനാൽ ജലഷാമം അത്ര രൂക്ഷമല്ല ഇവിടെ. മാഹിയിൽ നിന്ന് പോണ്ടിച്ചേരിക്കുള്ള സർക്കാർ ബസ് സർവീസ് നടത്തുന്നത് ഈ നഗരപ്രാന്തം വഴിയാണ്.


ചക്കയും കശുമാങ്ങയും വരുന്നതിന് മുൻപേ ഈ നഗരത്തിന് പെരുമയുണ്ടായിരുന്നു. ഇവിടുത്തെ പനം ചക്കരയും പനകളുമെല്ലാം ഏറെ പേരുകേട്ടതായിരുന്നു. കണ്ണഞ്ചവടി എന്ന പാൻറുതി താലൂക്കിലെ ഗ്രാമത്തിൽ ഉല്പാദിപ്പിക്കുന്ന പനയിൽ നിന്നുണ്ടാകുന്ന പഴച്ചാറിന് ആവശ്യക്കാർ ഏറെയാണ്. 

Tags:    
News Summary - panruti jack fruit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.