വയമ്പ് ഇന്നും പലർക്കും അപരിചിതം; ഔഷധഗുണമോ വളരെയേറെ

നെടുങ്കണ്ടം: 'തേനും വയമ്പും നാവിൽ തൂകും വാനമ്പാടി...' പാട്ട് കേൾക്കാത്തവരായി ആരെങ്കിലുമുണ്ടോ. എന്നാൽ, യഥാർഥത്തിലുള്ള വയമ്പ് കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചാൽ പലരും കൈമലർത്തും. നിരവധിയായ ഔഷധഗുണങ്ങൾ ഉണ്ടായിട്ടും ഇന്നും പലർക്കും അപരിചിത സസ്യമായി തുടരുകയാണ് വയമ്പ്.

നവജാത ശിശുക്കൾക്ക് വയമ്പും സ്വർണവും തേനിൽ ഉരച്ചെടുത്ത് നാക്കിൽ തേച്ചുകൊടുക്കുന്ന പതിവ് കേരളത്തിൽ പലയിടങ്ങളിലും ഇപ്പോഴും പ്രചാരത്തിലുണ്ട്. നാക്കിലെ പൂപ്പൽ മാറ്റുന്നതിനും സ്ഫുടമായ ഉച്ചാരണ ശേഷി ലഭിക്കുന്നതിനും ഉദരരോഗങ്ങൾ ശമിപ്പിക്കുന്നതിനും വേണ്ടിയാണ് വയമ്പ് ഇപ്രകാരം നൽകുന്നത്.

കഫസംബന്ധമായ രോഗങ്ങൾക്കും അപസ്മാരത്തിന് എതിരെയും ബൗദ്ധികമായ കഴിവുകൾ വർധിപ്പിക്കുന്നതിനും ഒൗഷധ സസ്യമായ വയമ്പ് ഉപയോഗിക്കുന്നു. കേരളത്തിൽ അപൂർവമായെങ്കിലും ചില വീടുകളിൽ വയമ്പ് കൃഷി ചെയ്യുന്നുണ്ട്.




മണ്ണിനടിയിൽ വളരുന്ന കാണ്ഡവും പരന്നു ഒരു മീറ്ററോളം ഉയരത്തിൽ വളരുന്ന ഇലകളുമാണു വയമ്പിനുള്ളത്. ഗ്ലാഡിയോസ് ചെടികളുമായി രൂപസാദൃശ്യമുണ്ട്. ബാലാരിഷ്ടതകൾക്കുള്ള ഒൗഷധങ്ങളിൽ പ്രധാന ഘടകം വയമ്പാണ്. ശീതളപാനീയങ്ങൾക്കു രുചിയും മണവും ഒൗഷധമൂല്യവും നൽകാനും വയമ്പ് ഉപയോഗിക്കാറുണ്ട്.

പാമ്പുകളെ പിൻതിരിപ്പിക്കുന്നതിനുള്ള കഴിവ് വയമ്പിന്‍റെ കിഴങ്ങുകൾക്കുണ്ടെന്നു ചില ഗോത്ര വർഗക്കാർക്കിടയിൽ വിശ്വാസമുണ്ട്. വയമ്പിന്‍റെ പച്ചക്കിഴങ്ങ് ചവച്ചുതിന്നതിനു േശഷമേ ഇവർ പാമ്പു പിടിത്തത്തിലേർപ്പെടൂ. പ്രാണികൾക്കെതിരെ സാധാരണ കീടനാശിനികളെപോലെ നേരിട്ടു പ്രവർത്തിക്കുന്ന ചില ഘടകങ്ങളും വയമ്പിന്‍റെ കിഴങ്ങുകളിലുണ്ട്. എഫിഡുകൾ, വണ്ടുകൾ, ഇൗച്ചകൾ തുടങ്ങി നിരവധി കീടങ്ങൾക്കെതിരെ വയമ്പ് ഫലപ്രദമാണ്.




 

വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും തടാക കരകളിലും കുളങ്ങളുടെ ഒാരങ്ങളിലും സമൃദ്ധിയായി വളരുന്ന വയമ്പ്, ചട്ടികളിലും മണ്ണിൽ നേരിട്ടും പ്രയാസമില്ലാതെ വളർത്താം. അനുയോജ്യമായ സാഹചര്യങ്ങളിൽ വയമ്പ് നട്ടുവളർത്തിയാൽ ഇവയെ വംശനാശത്തിൽ നിന്നും രക്ഷിക്കുന്നതോടൊപ്പം ഒൗഷധ വീര്യമുള്ള കിഴങ്ങുകളുടെ ഉൽപാദനം വർധിപ്പിക്കുകയും ചെയ്യാം.

വയമ്പിന്‍റെ കിഴങ്ങ് രണ്ട് സെൻറിമീറ്റർ നീളത്തിൽ കുറുകെ മുറിച്ചെടുത്ത്, ഇൗർപ്പമുള്ള മണലിൽ പാകിയാൽ രണ്ട് ആഴ്ചക്കകം പല മുളകൾ പൊട്ടിവരും. ചെറിയ പ്ലാസ്റ്റിക് ഉറകളിൽ ഇവ പറിച്ചുനട്ട് മുളകൾക്ക് പത്തു സെൻറിമീറ്റർ ഉയരം വെക്കുമ്പോൾ ചട്ടികളിലോ തടങ്ങളിലോ നട്ടുപിടിപ്പിക്കാം. ഒാരോ കഷണത്തിൽ നിന്നും പല മുളകൾ പൊട്ടിവരും. ഇവ ഒാരോന്നും കിഴങ്ങിൽനിന്നു നീക്കം ചെയ്ത് ഇൗർപ്പമുള്ള മണലിൽ നട്ടു വലുതാകുമ്പോൾ നേരിട്ടു പറിച്ചു നടാം. കൂടുതൽ തൈകൾ തയാറാക്കുന്നതിന് ഇൗ രീതി നല്ലതാണ്.

നാട്ടുമരുന്നായ വയമ്പ് മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഒരു തരത്തിലും ഹാനികരമല്ല. അതുകൊണ്ട് ഇതു വിവിധ കീടങ്ങളെ നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്നെങ്കിൽ തെറ്റില്ല. ഭക്ഷ്യധാന്യങ്ങൾക്കും പയറുവർഗങ്ങൾക്കും കേടുവരുത്തുന്ന വണ്ടുകളെയും മറ്റും നിയന്ത്രിക്കുന്നതിനും വയമ്പിൻ കിഴങ്ങുകൾക്കു ശക്തിയുണ്ട്. പച്ച വയമ്പ് അരച്ചതു വെളിച്ചെണ്ണയിൽ ചാലിച്ച് ഉപയോഗിച്ചാൽ പേനുകളെ നിയന്ത്രിക്കാമെന്നു പറയപ്പെടുന്നു.

പയറിനങ്ങൾ, വെണ്ട എന്നിവയുടെ വിത്തുകൾ സംഭരിച്ചു വെക്കുമ്പോഴുണ്ടാകുന്ന കീടബാധ കുറക്കുന്നതിനു നൂറുഗ്രാം വിത്തിൽ മൂന്നുഗ്രാം ഉണക്കിപ്പൊടിച്ച വയമ്പു കലർത്തിയശേഷം വിത്ത് പ്ലാസ്റ്റിക് ഉറകളിൽ സീൽചെയ്തുവച്ചിരുന്നാൽ മതി. ഇതിനു പകരം വയമ്പുപൊടി വെളിച്ചെണ്ണയിൽ കലർത്തിയതിനുശേഷം വിത്തിന്‍റെ പുറത്ത് ഒരു നേരിയ പാടയായി പുരട്ടിക്കൊടുത്താലും മതി. മൂടിയുള്ള പ്ലാസ്റ്റിക് ഭരണികളിൽ വിത്തും വയമ്പും കലർന്ന വെളിച്ചെണ്ണയും എടുത്തു നന്നായി കുലുക്കിയാൽ വിത്തിൻെറ പുറമേ എണ്ണ എളുപ്പത്തിൽ പുരട്ടിയെടുക്കാം.

കമ്പിളിവസ്ത്രങ്ങൾ കേടുവരുത്തുന്ന പുഴുക്കളിൽനിന്നു സംരക്ഷണം ലഭിക്കുന്നതിന് ഇവക്കിടയിൽ ഉണങ്ങിയ വയമ്പിെൻറ കഷണങ്ങൾ ചേർത്തുവച്ചിരുന്നാൽ മതിയാവും. സിൽക്ക് സാരികളിൽ ഉറുമ്പിന്‍റെയും മറ്റു ചില പ്രാണികളുടെയും ഉപദ്രവമുണ്ടാകാതിരിക്കുന്നതിനും ഇവ ഉപയോഗിക്കാറുണ്ട്. കാർപ്പെറ്റുകൾക്കു കേടു വരുത്തുന്ന വണ്ടുകളെ നിയന്ത്രിക്കുന്നതിനു വയമ്പിെൻറ നേർത്തപൊടി തൂവിയാൽ മതിയാവും.




വ്യാവസായികാടിസ്ഥാനത്തിൽ വയമ്പ് കൃഷി ലാഭകരമല്ലെന്നാണ് ആയുർവേദ മരുന്ന് നിർമാതാക്കൾ പറയുന്നത്.

എന്നാൽ പുഴയോരങ്ങളിലും ചതുപ്പ് നിലങ്ങളിലും പരിചരണമൊന്നുമില്ലാതെ പോലും വളരുന്നതിനാൽ ഇൗ ഒൗഷധ സസ്യത്തിന് ഉൽപാദനച്ചെലവ് തീരെയില്ല. പുഴയോരങ്ങളിൽ വയമ്പ് നടുന്നത് മണ്ണൊലിപ്പ് തടയുന്നതിന് ഉത്തമമാണ്. ധാരാളം ജല ലഭ്യതയുള്ള കിണറുകളുടെ സമീപത്തും ടാപ്പ് സ്ഥാപിച്ചിട്ടുള്ള സ്ഥലത്തും വയമ്പ്് നടാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.