വെണ്ട ഇങ്ങനെ കൃഷി ചെയ്താൽ ഇരട്ടി വിളവ് ഉറപ്പ്

കേരളത്തിലെ കാലാവസ്ഥക്ക് വളരെ അനുയോജ്യമായതും, വീട്ടുവളപ്പിലും ടെറസ്സിലുമെല്ലാം എളുപ്പത്തിൽ കൃഷി ചെയ്യാൻ കഴിയുന്നതുമായ ഒരു വിളയാണ് വെണ്ട. വർഷം മുഴുവൻ കൃഷി ചെയ്യാമെങ്കിലും കൂടുതൽ വിളവ് ലഭിക്കാൻ ജൂൺ-ജൂലൈ, സെപ്റ്റംബർ-ഒക്ടോബർ, ഫെബ്രുവരി-മാർച്ച് മാസങ്ങളാണ് കൃഷി ചെയ്യാൻ ഏറ്റവും നല്ലത്. മൊസേക്ക് രോഗത്തെ പ്രതിരോധിക്കുന്ന അർക്ക അനാമിക, സൽകീർത്തി, അരുണ, സുസ്ഥിര, വർഷ ഉപഹാർ, പഞ്ചാബ് പത്മിനി എന്നിവയും ഉപയോഗിക്കാറുണ്ട്.

വിത്ത് നടുമ്പോൾ

വിത്ത് നടുന്നതിന് മുമ്പ് 6-12 മണിക്കൂർ വെള്ളത്തിൽ കുതിർക്കുന്നത് പെട്ടെന്ന് മുളക്കാൻ സഹായിക്കും. ഒരു ഗ്രാം സ്യൂഡോമോണാസ് പൊടി വിത്തുമായി കലർത്തി വിത്ത് പരിചരിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. ദിവസവും 5-6 മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് കൃഷി ചെയ്യുക. വെള്ളം കെട്ടിനിൽക്കാത്ത, നല്ല നീർവാർച്ചയുള്ള മണ്ണാണ് വെണ്ടക്ക് ആവശ്യം. നിലത്താണ് കൃഷി ചെയ്യുന്നതെങ്കിൽ ചെടികൾ തമ്മിൽ 45-60 സെ.മീ അകലം പാലിക്കണം. ഗ്രോബാഗുകളിലോ ചട്ടികളിലോ കൃഷി ചെയ്യുമ്പോൾ ഒരണ്ണം മാത്രം നടുന്നതാണ് നല്ലത്. വിത്ത് നടുന്നതിന് 10 ദിവസം മുമ്പ് കുമ്മായം ചേർക്കുന്നത് മണ്ണിന്റെ അമ്ലത്വം കുറക്കാൻ സഹായിക്കും. നടുന്ന സമയത്ത്, ചാണകപ്പൊടി, കമ്പോസ്റ്റ്, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങൾ ചേർത്ത് മണ്ണ് നന്നായി ഒരുക്കണം. ട്രൈക്കോഡെർമ ചേർത്ത കമ്പോസ്റ്റ് ഉപയോഗിക്കുന്നത് രോഗങ്ങളെ ചെറുക്കാൻ നല്ലതാണ്.

നട്ട് ഏകദേശം 35-40 ദിവസത്തിനുള്ളിൽ വെണ്ട പൂവിട്ട് തുടങ്ങും. 7-8 ദിവസം പ്രായമായ ഇളം കായ്കൾ വിളവെടുക്കുന്നതാണ് നല്ലത്. കായ്കൾ മൂക്കുന്നതിന് മുമ്പ് വിളവെടുക്കുന്നത് കൂടുതൽ കായ്കൾ ഉണ്ടാകാൻ സഹായിക്കും. 60 ദിവസം വരെ നല്ല വിളവ് ലഭിക്കും. ചാണകം വെള്ളത്തിൽ നേർപ്പിച്ചത്, ബയോഗ്യാസ് സ്ലറി, ഗോമൂത്രം (നാലിരട്ടി വെള്ളത്തിൽ നേർപ്പിച്ചത്) കടലപ്പിണ്ണാക്ക് (വെള്ളത്തിൽ കുതിർത്ത് പുളിപ്പിച്ച് നേർപ്പിച്ചത്) ഈ വളങ്ങൾ രണ്ടാഴ്ചയിൽ ഒരിക്കൽ നൽകുന്നത് നല്ല വിളവിന് സഹായിക്കും. കഞ്ഞിവെള്ളം നേർപ്പിച്ചതും നല്ല വളമാണ്. ചെടിക്ക് 30-45 ദിവസം പ്രായമാകുമ്പോൾ പ്രധാന തണ്ടിന്റെ അഗ്രഭാഗം മുറിച്ചു നീക്കുന്നത് കൂടുതൽ ശാഖകൾ വരാനും, അതുവഴി കൂടുതൽ കായ്കൾ ഉണ്ടാകാനും സഹായിക്കും. ആവശ്യത്തിന് നനച്ചു കൊടുക്കണം. പ്രത്യേകിച്ച് വേനൽക്കാലത്ത് ഈർപ്പം നിലനിർത്തണം.

കീടരോഗ നിയന്ത്രണം

തണ്ട് തുരപ്പനാണ് വെണ്ടയുടെ പ്രധാന ശത്രു. വിത്തുനട്ട് രണ്ടാഴ്ച കഴിയുമ്പോൾ തടത്തിൽ വേപ്പിൻപിണ്ണാക്ക് ഇട്ട് ഇളക്കുക. കീടബാധയേറ്റ തണ്ടുകളും കായ്കളും ഉടൻ മുറിച്ചുമാറ്റി നശിപ്പിക്കുക. ആക്രമണം രൂക്ഷമായാൽ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം അല്ലെങ്കിൽ അഞ്ച് ശതമാനം വീര്യത്തിൽ വേപ്പിൻകുരു സത്ത് തളിക്കുക. ഇലയുടെ അടിഭാഗത്ത് വെള്ളീച്ച, മുഞ്ഞ എന്നീ ചെറുജീവികൾ പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കും. മഞ്ഞക്കെണി സ്ഥാപിക്കുക, രണ്ട് ശതമാനം വീര്യത്തിൽ വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുന്നതാണ് പരിഹാരം. 

Tags:    
News Summary - ladies finger cultivation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.