ദീര്‍ഘകാലം വിളവ് നല്‍കുന്ന വെള്ളരിവര്‍ഗ്ഗവിളയാണ് കോവല്‍ അഥവാ കോവയ്ക്ക. പടര്‍ന്നുവളരുന്ന ഇതിന്‍റെ തണ്ടുകളാണ് നടുന്നതിനായി ഉപയോഗിക്കുന്നത്. വിത്തുകള്‍ നടുന്നതിനായി ഉപയോഗിക്കാറില്ല. സാധാരണ വെള്ളരിവര്‍ഗ്ഗവിളകളില്‍ ഒരുചെടിയില്‍തന്നെ ആണ്‍പൂക്കളും പെണ്‍പൂക്കളും കണ്ടുവരുന്നു. എന്നാല്‍ കോവലില്‍ ആണ്‍-പെണ്‍ ചെടികള്‍ വെവ്വേറെയാണ് കാണപ്പെടുന്നത്. പ്രകൃതിദത്തമായ ഇന്‍സുലിന്‍ ധാരാളമുള്ള വിളയാണ് കോവല്‍. അതിനാല്‍ത്തന്നെ, പ്രമേഹരോഗികള്‍ക്ക് കോവല്‍ പച്ചയായി തന്നെ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. കൂടാതെ ഇതിന്‍റെ വേരും തണ്ടും ഇലയുമൊക്കെ ഔഷധഗുണവുമുള്ളതാണെന്ന പ്രത്യേകതയുമുണ്ട്.
നമ്മുടെ അടുക്കളത്തോട്ടത്തിൽ കോവൽ ഉൾപ്പെടുത്തി വിഷമില്ലാത്ത, ആരോഗ്യകരമായ ഈ പച്ചക്കറി നമുക്ക് ഉൽപാദിപ്പിക്കാം. ഏതു കാലാവസ്ഥയിലും ചെയ്യാവുന്ന ആദായകരമായ കൃഷിയാണിത്.
ആർക്കും വീട്ടു തൊടിയിൽ കോവൽ നിഷ്പ്രയാസം വളർത്താൻ കഴിയും. കോവയ്ക്ക ഒരു പടർന്നു കയറുന്ന വള്ളിച്ചെടിയാണ്. വള്ളി മുറിച്ചു നട്ടാണ് കോവൽ കൃഷി ചെയ്യുന്നത്. തുടർച്ചയായി വലിപ്പമുള്ള കായ് ഫലം തരുന്ന തായ് വള്ളികളിൽ നിന്നാണ് വള്ളി ശേഖരിക്കേണ്ടത്. നാലു മുട്ടുകൾ എങ്കിലുമുള്ള വള്ളിയാണു നടീലിനു നല്ലത്. കവറിൽ നട്ടുപിടിപ്പിച്ചു പിന്നീട് കുഴിയിലേക്കു നടാം.
ഉണങ്ങിയ കാലിവളം, തരിമണൽ, മേൽമണ്ണ് എന്നിവ സമം കൂട്ടിയിളക്കിയത് പോളിത്തീൻ കവറിന്റെ മുക്കാൽ ഭാഗം വരെ നിറക്കുക. വള്ളിയുടെ രണ്ടു മുട്ടുകൾ മണ്ണിൽ പുതയാൻ പാകത്തിൽ വള്ളികൾ നടുക. ഇവ തണലിൽ സൂക്ഷിക്കുക. ആവശ്യത്തിനു മാത്രം നനക്കുക. ഒരു മാസത്തിനുള്ളിൽ തൈകൾ മാറ്റി നടാം. പോളിത്തീൻ കവറിന്റെ ചുവടു കീറി കുഴിയിലേക്കു വെക്കുക. അര മീറ്റർ വീതിയും താഴ്ചയും ഉള്ള കുഴികളിലാണു നടേണ്ടത്.
അടിവളമായി ഉണങ്ങിയ ചാണകപ്പൊടി, കുറച്ചു എല്ല് പൊടി, വെപ്പിൻ പിണ്ണാക്ക് ഇവ വേണമെങ്കിൽ ഇടാം. വള്ളി പടർന്നു തുടങ്ങിയാൽ പന്തലിട്ടു വള്ളി കയറ്റിവിടാം. മരങ്ങളിൽ കയറ്റി വിടുന്നത് ഒഴിവാക്കുക, നമുക്ക് കയ്യെത്തി കായ്‌കൾ പറിക്കാൻ പാകത്തിൽ പന്തൽ ഇട്ടു അതിൽ കയറ്റുന്നതാണ് ഉചിതം.
വെർമിവാഷ്, അല്ലെങ്കിൽ ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ ചേർത്തു രണ്ടാഴ്ചയിൽ ഒരിക്കൽ തടത്തിൽ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്. രാസവളം ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം. തണുത്ത കഞ്ഞി വെള്ളം ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്.
വേനൽക്കാലത്ത് ഇടയ്ക്കിടയ്ക്ക് നനയ്ക്കുന്നത് വിളവു വർധിപ്പിക്കാൻ ഇടയാക്കും. കോവൽച്ചെടിക്ക് പ്രത്യേക ശുശ്രൂഷകളൊന്നും തന്നെ വേണ്ട. സാധാരണ വളപ്രയോഗങ്ങളായ ചാണകപ്പൊടിയും ചാരവും മതിയാകും. കീടങ്ങളുടെ ആക്രമണം കുറവാണെന്നും പ്രത്യേകതയുണ്ട്. അതിനാൽ കാര്യമായ കീടനാശിനി പ്രയോഗം ആവശ്യമില്ല.
മുഞ്ഞ: കോവലിന്‍റെ വിളവിനെ ബാധിക്കുന്ന പ്രധാന കീടാക്രമണമാണ് മുഞ്ഞയുടേത്. ഇലകളുടെ അടിയിലിരുന്ന് നീരൂറ്റിക്കുടിക്കുന്നതിനു പുറമേ മൊസൈക്ക് എന്ന വൈറസ് രോഗവും പരത്തുന്നു. മുഞ്ഞകളും അവയുടെ കുഞ്ഞുങ്ങളും നീരൂറ്റിക്കുടിക്കുന്നതുമൂലം ചെടിയുടെ വളര്‍ച്ച മുരടിച്ചുവരുന്നു. ഇവയെ നിയന്ത്രിക്കുവാന്‍ വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതമോ കഞ്ഞിവെള്ളം നേര്‍പ്പിച്ചതോ ഉപയോഗിക്കാം.
കായീച്ച: കോവലില്‍ ആദ്യവിളവ് തുടങ്ങുമ്പോഴാണ് കായീച്ചയുടെ ശല്യമുണ്ടാകുന്നത്. കായീച്ചയുടെ പുഴുക്കള്‍ കോവയ്ക്കയില്‍ ആക്രമണം നടത്തുന്നു. തല്‍ഫലമായി മൂപ്പെത്തുന്നതിനു മുമ്പേ കോവയ്ക്ക വീണുപോകുന്നു. ഫിറമോണ്‍ കെണികള്‍ ഉപയോഗിച്ച് കായീച്ചകളെ നിയന്ത്രിക്കാവുന്നതാണ്. ബ്ലൂവേറിയ ബാസ്സിയാന എന്ന ജീവാണുകീടനാശിനി 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കുറച്ച് ശര്‍ക്കരയും കലര്‍ത്തി തളിക്കാവുന്നതാണ്.
കോവക്ക അധികം മൂക്കുന്നതിനു മുമ്പേ വിളവെടുക്കാൻ ശ്രദ്ധിക്കണം. മഴക്കാലത്തും ഒരു മടിയുമില്ലാതെ ഇഷ്ടം പോലെ വിളവു തരും. കോവക്ക ഉപയോഗിച്ചു സ്വാദിഷ്ടമായ മെഴുക്കുപുരട്ടി/ഉപ്പേരി, തോരൻ, തീയൽ തുടങ്ങിയവ ഉണ്ടാക്കാം. അവിയൽ, സാമ്പാർ തുടങ്ങിയ കറികളിൽ ഇടാനും കോവക്ക നല്ലതാണ്. തോരൻ ഉണ്ടാക്കാൻ ഇലകളും ഉപയോഗിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.