കൊടുംതണുപ്പൊന്നും വേണ്ട; ബീൻസ് ഇവിടേയും വളരും

തണുപ്പാണ് വേണ്ടത്. കൊടുംതണുപ്പ് വേണ്ട. ചെറിയ തണുപ്പിനുള്ള സാഹചര്യമൊരുക്കിയാൽ നാട്ടിലും ബീൻസ് നടാം. നാട്ടില്‍ നവംബര്‍-ഫെബ്രുവരി മാസങ്ങള്‍ ബീന്‍സ് കൃഷിക്ക് അനുയോജ്യമാണ്. നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണില്‍ നന്നായി വളരും. തണുത്ത കാലാവസ്ഥയാണ് ഫ്രഞ്ച് ബീന്‍സ് വളരാന്‍ അനുയോജ്യമെങ്കിലും കൂടുതല്‍ തണുപ്പ് വേണ്ട.

ബീന്‍സ് രണ്ടു തരം ഉണ്ട്. പടരുന്നവയും കുറ്റിച്ചെടിയും. ബട്ടര്‍ ബീന്‍സും കെന്‍റക്കി വണ്ടറും പടര്‍ന്നുവളരുന്ന ഇനങ്ങളാണ്. പൂസ പാർവതിയും അര്‍ക്കാ കോമളവും കുറ്റിച്ചെടികളാണ്.



മൂന്നാറിലെ കുണ്ടള സാന്‍ഡോസ് കോളനിയില്‍ ആദിവാസി വിഭാഗത്തിൽപെട്ട മുതുവാന്‍ സമുദായക്കാര്‍ അരക്കൊടി, മുരിങ്ങ ബീന്‍സ്, പട്ടാണി, ബട്ടര്‍ എന്നിവ വളർത്തുന്നു. ഇടുക്കി വട്ടവടയിൽ 400 ഹെക്ടര്‍ സ്ഥലത്ത് ബീന്‍സ് കൃഷിയുണ്ട്. വട്ടവടയിൽ ചാണകവും പച്ചിലവളവുമാണ് അടിവളം നൽകുന്നത്. സാധാരണ കാണുന്നത് സെലക്ഷന്‍ ബീന്‍സ് ആണ്. ചൈനീസ് ലോങ് ബീന്‍സ്, ഫ്രഞ്ച് ഗ്രീന്‍ ബീന്‍സ് എന്നിവ വ്യത്യസ്ത ഇനങ്ങളാണ്. ഇറ്റാലിയന്‍ അഥവാ റൊമാനോ വീതിയുള്ള ഇനമാണ്. പര്‍പ്പിള്‍ ബീന്‍സ്, സ്‌നാപ് ബീന്‍സ്, യെല്ലോ വാക്‌സ് ബീന്‍സ്, ബീന്‍ മാസ്‌കോട്ട് എന്നിവയാണ് മറ്റിനങ്ങൾ.


വിത്തുപാകിയാണ് കൃഷി. ഗ്രോബാഗിലോ ചട്ടിയിലോ ഉണങ്ങിയ ആട്ടിന്‍കാഷ്ഠവും ഒരുപിടി വേപ്പിന്‍പിണ്ണാക്കും ചേര്‍ത്ത മണ്ണിൽ വിത്തുപാകി മണ്ണിട്ട് മൂടാം. പിന്നീട് തൈകള്‍ പറിച്ചുനടാം. വരികള്‍ തമ്മില്‍ ഒരടിയും ചെടികള്‍ തമ്മില്‍ അരയടിയുമാണ് നടീല്‍ അകലം.



ആദ്യം മണ്ണ് നന്നായി കിളച്ചിളക്കി നനക്കണം. സെന്‍റൊന്നിന് രണ്ട് കിലോഗ്രാം കുമ്മായം ചേര്‍ത്ത് മണ്ണിളക്കണം. രണ്ടാഴ്ചക്കുശേഷം 80 കിലോ ജൈവവളം അടിവളമായി നല്‍കാം. രണ്ടാഴ്ചയിലൊരിക്കല്‍ കളകള്‍ നീക്കി മണ്ണ് കൂട്ടണം. ബീന്‍സിന്റെ വള്ളികള്‍ വളരാന്‍ ഏകദേശം 30 മുതല്‍ 40 ദിവസം വരെ വേണ്ടിവരും. വള്ളികള്‍ക്ക് താങ്ങുനല്‍കണം.

രണ്ടാഴ്ചത്തെ ഇടവേളകളില്‍ മേല്‍വളം നൽകണം. നട്ട് ഒരുമാസമാകുമ്പോൾ പൂക്കാന്‍ തുടങ്ങും. കുറ്റിയിനങ്ങള്‍ വിത്തു പാകി 45-60 ദിവസങ്ങള്‍ക്കകവും പടരുന്നവ 70-80 ദിവസങ്ങള്‍ കൊണ്ടും വിളവെടുക്കാറാകും. ബീന്‍സിന് കേരളത്തില്‍ കീടരോഗമില്ല എന്ന് പറയാം. 

Tags:    
News Summary - Beans farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.