അടുക്കളത്തോട്ടം എന്ന മാന്ത്രികത്തോട്ടം; വിളവെടുക്കാം പച്ചക്കറിയോടൊപ്പം മാനസികോല്ലാസവും

ടുക്കളത്തോട്ടം ഉണ്ടാക്കൽ സാമ്പത്തിക മെച്ചത്തോടൊപ്പം മാനസിക സംതൃപ്തിയും നൽകുന്ന ഒരു പ്രവൃത്തിയാണ്. ദിവസവും അൽപ്പസമയം മാറ്റവെച്ചാൽ വീട്ടിലേക്ക് വേണ്ട അത്യാവശ്യം പച്ചക്കറികൾ നമുക്ക് തന്നെ ഉൽപ്പാദിപ്പിച്ചെടുക്കാം, അപകടകരമായ വളങ്ങളോ കീടനാശിനികളോ ചേർക്കാതെതന്നെ.

നമ്മുടെ വീട്ടാവശ്യത്തിനുള്ള ഇഞ്ചി, ചുരക്ക, തക്കാളി, പാവയ്ക്കാ, വെണ്ട, വഴുതന,ചേന, ചേമ്പ്, വെള്ളരി, പയർ, അമര, പാവല്‍, പടവലം, മത്തന്‍, പയര്‍, ചീര, തക്കാളി, കപ്പ, മുളക് മുതലായവ നമുക്ക് എളുപ്പത്തില്‍ അടുക്കള തോട്ടത്തിൽ തന്നെ കൃഷി ചെയ്യാം.

ഗ്രോബാഗ് ഉപയോഗിക്കുന്നത് നല്ലത്

ആദ്യമായി ഗ്രോബാഗിലെ കൃഷിക്ക് ആവശ്യമായ മണ്ണ്,വളം, വിത്ത്, വള്ളികള്‍ പടരാനുള്ള കമ്പുകള്‍ മുതലായവ ഒരുക്കുക. ഇതിനായി ചെറിയ ശിഖരങ്ങൾ ഉള്ള കമ്പുകൾ വെട്ടിയെടുക്കാം. പിന്നീട് വിത്തുകൾ ചെറിയ പേപ്പർ കപ്പിലോ, സീഡിംഗ് ട്രേയിലോ നട്ടു മുളപ്പിക്കുക. വിത്ത് മുളച്ചു പറിച്ചു നടറാകുബോൾ ഗ്രോബാഗിൽ മണ്ണ് ഒരുക്കി മാറ്റി നടുക. തൈകള്‍ പറിച്ച് നടുന്നതു വെയില്‍ കുറഞ്ഞ സമയത്താണ് നല്ലത്. അതായത് വൈകുന്നേരങ്ങളില്‍ ആയാൽ വളരെ നല്ലതു. വിത്ത് നടുമ്പോൾ വിത്തിന്റെ അത്രയും തന്നെ ആഴം ഉണ്ടാവണം.

 

കൃഷി ചെയ്യുന്ന ഇനങ്ങളുടെ വളര്‍ച്ചാ സ്വഭാവം, മണ്ണിന്റെ ഫലപുഷ്ടി ചെയ്യുന്ന സമയം എന്നിവ ആശ്രയിച്ച് ചെടികളുടെ അകലം നിജപ്പെടുത്താം. കുറ്റിപ്പയര്‍ ഇനങ്ങള്‍ 25 : 15 സെമീ അകലം വേണം. പടരുന്ന വള്ളിപ്പയര്‍ ഇനങ്ങള്‍ തടങ്ങള്‍ തമ്മില്‍ രണ്ട് മീറ്റര്‍ എങ്കിലും അകലം ആകാം. വഴുതന, വെണ്ട എന്നിവ മൂന്ന്-നാല് അടി അകലം വേണം. വെണ്ട, പയര്‍, പാവല്‍, പടവലം, മത്തന്‍. ചുരയ്ക്ക തുടങ്ങിയ വിത്തുകള്‍ നടുന്നതിന് രണ്ട് മൂന്ന് മണിക്കൂര്‍ എങ്കിലും സൂഡോമോണസ് (Pseudomonas) ലായനിയില്‍ കുതിര്‍ത്ത് വെക്കണം. വിത്തുകള്‍ പെട്ടെന്ന് കരുത്തോടെ മുളച്ച് വരാന്‍ സഹായിക്കും. ഫോര്‍ക്ക് ഉപയോഗിച്ച് മൂന്നാഴ്ചയിലൊരിക്കല്‍ മണ്ണിളക്കുന്നത് വേരിന് വളവും വെള്ളവും പെട്ടന്ന് വലിച്ചെടുക്കാന്‍ സഹായിക്കും. ഇങ്ങനെ ചെയ്യുമ്പോൾ അവയുടെ വേര് ഇളകാതെ നോക്കണം. കൂടാതെ പച്ചക്കറികള്‍ക്ക് ചുറ്റും രണ്ടോ മൂന്നോ തവണകളായി മണ്ണ് നല്‍കുന്നത് ചെടികള്‍ വീണു പോകാതിരിക്കാനും വിളവിനും ഗുണകരവുമാണ്. പച്ചക്കറി തടത്തിലെ കളകളും പുല്ലും സമയാസമയങ്ങളില്‍ പറിക്കണം. പറിച്ച കളകള്‍ തടത്തില്‍ തന്നെ പുതയിട്ടു കൊടുക്കാം.

തടത്തിലെ മണ്ണില്‍ ഈര്‍പ്പം, വായുസഞ്ചാരം, ജൈവാംശം എന്നി നിലനില്‍ക്കാനിത് സഹായിക്കും. വളങ്ങള്‍ പരമാവധി പൊടിച്ചോ, വെള്ളത്തില്‍ കലക്കിയോ മണ്ണില്‍ ചേര്‍ക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്താല്‍ വളങ്ങള്‍ പെട്ടന്നു തന്നെ മണ്ണില്‍ അലിഞ്ഞു വേരുകള്‍ വലിച്ചെടുക്കും. കൂടാതെ വളപ്രയോഗവും കീടനിയന്ത്രണങ്ങളും വൈകുന്നേരങ്ങളിൽ ചെയ്യുന്നതാണ് നല്ലത്. പാവല്‍, പയര്‍, പടവലം തുടങ്ങിയ പന്തലില്‍ വളരുന്നവയ്ക്ക് വള്ളി വീശുപ്പോള്‍ തന്നെ കയറി പന്തലിക്കാനുള്ള സാഹചര്യമൊരുക്കണം. മണ്ണിന്റെ ഘടന, കാലാവസ്ഥ, ജലസേചനരീതി എന്നിവ അനുസരിച്ച് ജലസേചനത്തിന്റെ ഇടവേള മാറികൊണ്ടിരിക്കും. ചരല്‍ കൂടുതലുള്ള മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ കൂടുതല്‍ തവണ ജലസേചനം നടത്തണം. ചെടികള്‍ പൂക്കുന്നതു വരെ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ നനച്ചാല്‍ മതി. പൂവിട്ട് കായ്ഫലമായി തുടങ്ങിയാല്‍ ഒരോദിവസവും നനയ്ക്കണം. നടാനുള്ള വിത്തുകള്‍ ശേഖരിക്കുമ്പോള്‍ നന്നായി മൂത്ത ഏറ്റവും ആദ്യത്തെയും അവസാനത്തെയും ഒഴിവാക്കി രണ്ടാമത്തേയോ മൂന്നാമത്തെയോ ഫലം വിത്തിനായി തെരഞ്ഞെടുക്കണം. ഇങ്ങനെ നല്ല രീതിയിൽ മണ്ണ് ഒരുക്കി വളപ്രയോഗം നൽകി, ദിവസവും കുറച്ചു സമയം കൃഷിക്കായി മാറ്റിവച്ചാൽ വിഷം തളിക്കാത്ത പച്ചക്കറികൾ കഴിക്കാം. 

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

വിത്ത്​

വിത്തുകള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിച്ചാല്‍ കിളിർക്കുന്ന സമയം കൂട്ടാം. വിത്തു പാകുംമുമ്പ് മണ്ണ്, വെയില്‍ കൊള്ളിച്ചോ തടത്തില്‍ തീയിട്ടോ അണുമുക്തമാക്കുക. സങ്കരയിനങ്ങളില്‍നിന്നു വിത്തു ശേഖരിക്കരുത്​, ഒടുവിൽ ഉണ്ടാകുന്ന കായ്കള്‍ വിത്തിനെടുക്കരുത്. വിത്തു നടുന്നതിനുമുമ്പ് 12 മണിക്കൂര്‍ വെള്ളത്തിലിട്ടു കുതിര്‍ത്താൽ പെട്ടെന്ന്​ മുളക്കും. വിത്തു മുളക്കുന്നതാണോ എന്ന്​ അറിയാൽ ഒരു പാത്രത്തിലെടുത്ത വെള്ളത്തിൽ ഇട്ടാൽ മതി. പൊങ്ങിക്കിടക്കുന്ന വിത്തുകള്‍ കളയാം.

നന​ക്കൽ

ആവശ്യാനുസരണം മാത്രം നനക്കുക. കൂടുതല്‍ ജലം നല്‍കലല്ല, ആവശ്യമുള്ള വെള്ളം ആവശ്യമായ സമയങ്ങളില്‍ കൃത്യമായി നല്‍കണം. കോവല്‍, മുരിങ്ങക്ക എന്നിവക്ക്​ ഏറെ വെള്ളം വേണ്ട. കനത്ത മഴയും ഈര്‍പ്പവും തക്കാളിക്ക്​ യോജിച്ചതല്ല. ചീരക്ക്​ നന ചുവട്ടില്‍ മാത്രം. ഇലയില്‍ തളിക്കരുത്. 

 

നടീൽ

ചെടികള്‍ കൃത്യമായ അകലത്തില്‍ നട്ടാൽ വായു ലഭിക്കാനും രോഗകീടബാധ നിയന്ത്രിക്കാനും കഴിയും. ഒരു വിള ഒരു സ്ഥലത്തുതന്നെ തുടര്‍ച്ചയായി കൃഷി ചെയ്യരുത്. മുളക്, വഴുതന, തക്കാളി തുടങ്ങി ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചുനടാതിരിക്കുക. പച്ചക്കറികള്‍ നാലില പ്രായമാകുമ്പോള്‍ പറിച്ചു നടാം. വൈകുന്നേരമാണ് പറിച്ചുനടീലിന്​ നല്ലത്​. പച്ചച്ചീരയും ചുവന്ന ചീരയും ഇടകലര്‍ത്തി നടുന്നത് രോഗബാധ കുറക്കും. വെണ്ട മഴക്കാലത്തും കൃഷി ചെയ്യാം. കോവല്‍ ചെടിയില്‍ ആണ്‍-പെണ്‍ വ്യത്യാസം ഉള്ളതിനാല്‍ മാതൃസസ്യത്തി​െൻറ വള്ളികള്‍ മുറിച്ചാണ് നടേണ്ടത്​. കടുത്ത വേനല്‍ക്കാലത്ത് പാവല്‍, പടവലം, വെള്ളരി, മത്തന്‍ കൃഷി വേണ്ട. പ്രോട്രേ വാങ്ങിക്കാന്‍ കിട്ടും. എളുപ്പത്തില്‍ ഒത്തിരി വിത്തുകള്‍ പാകാനും മുളപ്പിക്കാനും വേരുകള്‍ക്കു ക്ഷതം പറ്റാതെ ​െതെകള്‍ പറിച്ചുനടാനും പ്രോട്രേ മതി. ട്രേയില്‍ മുളപ്പിക്കുന്ന തൈകള്‍ക്ക് ഒരേ വളര്‍ച്ചയാണ്​.

പരിചരണം

ചീര പാകമായാൽ പിഴുതെടുക്കാതെ മുറിച്ചെടുത്തിട്ട് വളമിട്ടാൽ വീണ്ടും വിളവു കിട്ടും. പുതയിടുന്നതു മണ്ണിലെ ഈര്‍പ്പവും വളക്കൂറും നിലനിര്‍ത്തും. വളര്‍ച്ച കൂടിയാല്‍ തലപ്പു നുള്ളിക്കളഞ്ഞാൽ കൂടുതല്‍ ശിഖരങ്ങളുണ്ടാകാനും വിളവ്​ ഏറാനും സഹായിക്കും. ജൈവരീതിയില്‍ ഉൽപാദിപ്പിക്കുന്ന കായ്കള്‍ കൂടുതല്‍ കാലം കേടുകൂടാതിരിക്കും. ഗ്രോബാഗില്‍ പകുതി മിശ്രിതം നിറച്ചാല്‍ മതി. പിന്നീടു ചെടി വളരുന്നതിനനുസരിച്ച്​ ചേര്‍ത്തുകൊടുക്കാം. മണ്ണു പരിശോധിച്ച്​ അമ്ലത്വം അളന്നിട്ടുവേണം കുമ്മായം ചേര്‍ക്കാൻ. ഇടു​മ്പോള്‍ കുമ്മായം ഇലകളില്‍ വീഴരുത്​. കുമ്മായമിട്ട്​ ഒരാഴ്ച കഴിഞ്ഞേ രാസവളം ചേര്‍ക്കാവൂ.

 

വളം

പച്ചക്കറികളുടെ ചുവട്ടില്‍ അഴുകുന്ന ജൈവാവശിഷ്​ടങ്ങള്‍ ഇടരുത്. പച്ചിലവളങ്ങള്‍ വിളവു കൂട്ടും. നടു​േമ്പാൾ 50-100 ഗ്രാം വേപ്പിന്‍പിണ്ണാക്ക് വിള അനുസരിച്ച് തടത്തില്‍ ചേര്‍ക്കുക. ചീരക്ക്​ ചാരം അധികമായാല്‍ പെട്ടെന്നു കതിര്‍ വരും. മണ്ണില്‍ നനവ് ഉറപ്പാക്കി, ചെടിച്ചുവട്ടില്‍നിന്ന് അകറ്റി വേണം വളമിടാന്‍. വളം ചേര്‍ത്ത് വേരിളക്കം തട്ടാതെ മണ്ണിളക്കിക്കൊടുത്താൽ വേരോട്ടവും വളര്‍ച്ചയും കൂടും. 10 ഗ്രാം ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ തെളി ചെടികളില്‍ തളിക്കുന്നത് നല്ലതാണ്.

കടലപ്പിണ്ണാക്ക് കുതിര്‍ത്ത്, തെളി മണ്ണിലൊഴിക്കുന്നത് ചെടികളുടെ ആരോഗ്യം കൂട്ടും. ജീവാണുവളങ്ങളും രാസവളങ്ങളും ഒരുമിച്ച് ഉപയോഗിക്കരുത്​. ജൈവവളങ്ങള്‍ക്കൊപ്പം ട്രൈക്കോ​േഡര്‍മ ചേര്‍ത്താല്‍ നന്ന്. ട്രൈക്കോ​േഡര്‍മ എന്ന മിത്ര കുമിള്‍ മണ്ണില്‍ ചേര്‍ത്താല്‍ രോഗകാരികളായ കുമിളുകളെ നിയന്ത്രിക്കാന്‍ സഹായിക്കും. മണ്ണില്‍ ഈര്‍പ്പം ഉറപ്പാക്കി വേണം ജീവാണുവളങ്ങള്‍, മിത്രകുമിളുകള്‍ എന്നിവ പ്രയോഗിക്കാന്‍.

രോഗ, കീട നിയന്ത്രണം

ജൈവകീടനാശിനികള്‍ രാവിലെയോ വൈകീട്ടോ ഉപയോഗിക്കാം. വൈറസ് രോഗം ബാധിച്ച ചെടികള്‍ പിഴുതുമാറ്റി നശിപ്പിക്കണം. രോഗകീടബാധയേറ്റ സസ്യഭാഗങ്ങള്‍ മുറിച്ചുമാറ്റി നശിപ്പിക്കുക. വിത്തു നടുന്ന തടത്തിലെ ഉറുമ്പുശല്യം ഒഴിവാക്കാന്‍ മഞ്ഞള്‍പ്പൊടി-കറിക്കായ മിശ്രിതം ഉപയോഗിക്കാം. പാവല്‍, പടവലം തുടങ്ങിയവയുടെ കായ്കള്‍ കൂടുകൊണ്ട് പൊതിയുക. പയറിലോ മുളകിലോ ഉറുമ്പിനെ കണ്ടാല്‍ മുഞ്ഞബാധ സംശയിക്കണം. നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിച്ചും വെള്ളം ശക്തിയായി ഇലയുടെ അടിയില്‍ സ്‌പ്രേ ചെയ്തും നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം. നീറ് ചെടികളില്‍ ഉള്ളത്​ കീടനിയന്ത്രണത്തിനു സഹായിക്കും. ബന്തിച്ചെടികള്‍ ഒപ്പം നട്ടാൽ വെണ്ടയിലെ കീടങ്ങളെ നിയന്ത്രിക്കാം. തണ്ടും കായും തുരക്കുന്ന കീടങ്ങളെ നശിപ്പിക്കാന്‍ തുരന്ന ഭാഗത്തിനു താഴെ​െവച്ച് മുറിച്ചു നശിപ്പിക്കുക. നീരൂറ്റിയെടുക്കുന്ന കീടങ്ങള്‍ക്കെതിരെ വെളുത്തുള്ളി-വേപ്പെണ്ണ-സോപ്പുമിശ്രിതം ഉപയോഗിക്കുക. മഞ്ഞക്കെണി/മഞ്ഞ കാര്‍ഡ് എന്നിവ തോട്ടത്തില്‍ ​െവച്ച് വെള്ളീച്ചയെ നിയന്ത്രിക്കാം. ഇലതീനിപ്പുഴുക്കള്‍, തണ്ടും കായും തുരക്കുന്ന കീടങ്ങളെ അകറ്റാൻ വേപ്പിന്‍കുരു സത്ത് ഉപയോഗിക്കുക. 

 

ഗോമൂത്രം നാലിരട്ടി വെള്ളം ചേര്‍ത്തു ചെടികളില്‍ ആഴ്ചയിലൊരിക്കല്‍ തളിക്കുന്നതും ജൈവകീടനാശിനികള്‍ ഇടവിട്ട് തളിക്കുന്നതും കീടങ്ങളെ അകറ്റും. ചെടികള്‍ തിന്നുനശിപ്പിക്കുന്ന കീടങ്ങൾക്കെതിരെ 20 ഗ്രാം ബ്യുവേറിയ ബാസിയാന ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം. രാത്രി എട്ടിനുമുമ്പ് വിളക്കു കെണികള്‍ വെക്കുന്നതും ആഴി കൂട്ടുന്നതും കീടങ്ങളെ ആകര്‍ഷിച്ചു നശിപ്പിക്കും.

ജൈവകീടനാശിനി പ്രയോഗിക്കുമ്പോള്‍ തണ്ടിലും ഇലയുടെ അടിയിലും ചെടിയുടെ ചുവട്ടിലും വീഴണം. 20 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി, 15 ദിവസം ഇടവിട്ട് സ്‌പ്രേ ചെയ്താൽ വാട്ടരോഗം അകലും, വളര്‍ച്ച കൂടും.

Tags:    
News Summary - backyard farming tips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.