നഗരത്തെ പ്രതിരോധിക്കാൻ ശ്രമിക്കാത്തതിന് ഖാർകിവ് സുരക്ഷ മേധാവിയെ പുറത്താക്കി സെലൻസ്കി

ഖാർകിവ്: യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി വടക്കുകിഴക്കൻ മേഖലയിലെ സുരക്ഷ മേധാവിയെ പരസ്യ ശാസനക്ക് ശേഷം പുറത്താക്കിയതായി പ്രഖ്യാപിച്ചു. യുക്രെയ്നിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം ആദ്യമായി ഖാർകിവ് സന്ദർശിക്കവെയാണ് നടപടി.

യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ റഷ്യൻ സൈന്യത്തിൽനിന്ന് നഗരത്തെ പ്രതിരോധിക്കാൻ അദ്ദേഹം പ്രവർത്തിച്ചില്ല. സ്വയം സംരക്ഷിക്കുന്നതിൽ മാത്രമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത്. എല്ലാവരും നഗരത്തെ സംരക്ഷിക്കുന്നതിനായി പരമാവധി ശ്രമിച്ചെങ്കിലും സുരക്ഷ മേധാവി അത് ചെയ്യാത്തതിനാലാണ് അദ്ദേഹത്തെ പുറത്താക്കിയത്- സെലൻസ്കി പറഞ്ഞു.

ഖാർകിവിൽ തകർക്കപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുന്നതിനിടെ ബുള്ളറ്റ് പ്രൂഫ് ധരിച്ച സെലൻസ്കിയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. യുദ്ധത്തിന്‍റെ ആദ്യ ഘട്ടങ്ങളിൽ യുക്രെയ്ൻ തലസ്ഥാനമായ കിയവ് പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് റഷ്യൻ സൈന്യം കിഴക്കൻ ഡോൺബോസ് മേഖലകൾ കേന്ദ്രീകരിച്ച് ആക്രമണം ശക്തമാക്കിയത്.

ഖാർകിവിന്‍റെ മൂന്നിലൊന്ന് ഭാഗവും ഇപ്പോൾ റഷ്യൻ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്. എന്നാൽ, മുഴുവൻ പ്രദേശങ്ങളും സ്വതന്ത്രമാക്കുമെന്നും ആക്രമണം തടയുന്നതിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സെലൻസ്കി പറഞ്ഞു. അവസാനത്തെ ആളും അവശേഷിക്കുന്നത് വരെ ഞങ്ങളുടെ ഭൂമി ഞങ്ങൾ സംരക്ഷിക്കുമെന്ന് റഷ്യ ആദ്യമേ മനസ്സിലാക്കേണ്ടതായിരുന്നുവെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.

Tags:    
News Summary - Zelensky Fires Kharkiv Security Chief For "Not Working To Defend City"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.