ചെങ്കടലിൽ വീണ്ടും ഹൂതി ആക്രമണം; ബ്രിട്ടീഷ് കപ്പലിന് സാരമായ തകരാർ, ജീവനക്കാർ കപ്പലുപേക്ഷിച്ചു

സൻആ: യമനിലെ ഹൂതി വിമതരുടെ ആക്രമണത്തിൽ ബ്രിട്ടീഷ് ചരക്കുകപ്പലിന് സാരമായ തകരാർ സംഭവിച്ചതോടെ ചെങ്കടൽ വഴിയുള്ള ചരക്കുനീക്കത്തിൽ വീണ്ടും പ്രതിസന്ധി. റൂബിമാർ എന്ന കപ്പലിന് നേരെയാണ് ആക്രമണം നടത്തിയത്. മധ്യ അമേരിക്കൻ രാജ്യമായ ബെലീസിന്‍റെ പതാക വഹിച്ചുള്ള കപ്പൽ രജിസ്റ്റർ ചെയ്തത് ബ്രിട്ടനിലാണ്. ഗസ്സയിൽ ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ക്രൂരതകൾ അവസാനിപ്പിക്കാത്തിടത്തോളം ഇസ്രായേലുമായും സഖ്യകക്ഷികളുമായും ബന്ധമുള്ള കപ്പലുകൾ ആക്രമിക്കുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചിരുന്നു.

വളവും അസംസ്കൃത വസ്തുക്കളുമാണ് കഴിഞ്ഞ ദിവസം ആക്രമിച്ച കപ്പലിലുണ്ടായിരുന്നത്. ആക്രമണത്തെ തുടർന്ന് ജീവനക്കാർ കപ്പൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഹൂതികൾ ഇതുവരെ നടത്തിയതിൽ ഏറ്റവും കനത്ത നാശമാണ് കപ്പലിനുണ്ടായതെന്നാണ് വിവരം.

കപ്പൽ ചെങ്കടലിൽ നങ്കൂരമിട്ടിരിക്കുകയാണെന്നും ജീവനക്കാരെല്ലാം സുരക്ഷിതരായി പുറത്തുകടന്നെന്നും യു.കെ മാരിടൈം ട്രേഡ് ഓപറേഷൻസ് അറിയിച്ചു. ചെങ്കടൽ വഴിയുള്ള കപ്പലുകൾ മുൻകരുതൽ സ്വീകരിക്കണമെന്നും സംശയകരമായ സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും ഇവർ അഭ്യർഥിച്ചു. 


അതേസമയം, കപ്പൽ മുങ്ങാൻ പോകുകയാണെന്ന് ഹൂതി വക്താവ് അവകാശപ്പെട്ടു. ആക്രമണത്തിൽ കപ്പലിന് സാരമായ തകരാർ സംഭവിച്ചിട്ടുണ്ട്. യാത്ര നിർത്തിവെച്ചിരിക്കുകയാണ്. കപ്പൽ ഏതുനിമിഷവും മുങ്ങാൻ പോകുകയാണ്. കപ്പൽ ജീവനക്കാരെല്ലാം സുരക്ഷിതമായി പുറത്തുകടന്നിട്ടുണ്ടെന്ന് ഉറപ്പാക്കിയെന്നും ഹൂതി വക്താവ് പറഞ്ഞു.

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന മനുഷ്യത്വരഹിത ആക്രമണത്തിന് മറുപടിയായാണ് യമനിലെ ഹൂതികൾ ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ആക്രമണം ശക്തമാക്കിയത്. ഇതോടെ നേരത്തെ നിരവധി ഷിപ്പിങ് കമ്പനികൾ സർവിസുകൾ നിർത്തിവെച്ചിരുന്നു. ഈയിടെയാണ് വീണ്ടും സർവിസ് തുടങ്ങിയത്.

ഗസ്സയിൽ ആക്രമണം അവസാനിപ്പിക്കാത്തപക്ഷം ഇസ്രായേലിലേക്കുള്ള എല്ലാ കപ്പലുകളെയും അത് ഏതു രാജ്യത്തിൽനിന്നുള്ളതാണെന്നത് പരിഗണിക്കാതെ ലക്ഷ്യമിടുമെന്ന് ഹൂതികളെ ഉദ്ധരിച്ച് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ലോകത്തെ വാണിജ്യ കപ്പൽ ഗതാഗതത്തിന്‍റെ 40 ശതമാനവും ചെങ്കടൽ വഴിയുള്ളതാണ്. ചെങ്കടലിനെയും മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ കപ്പൽപാതയാണ്. ചെങ്കടൽ വഴിയുള്ള കപ്പൽ നീക്കങ്ങൾ പ്രതിസന്ധിയിലാകുന്നത് ഇസ്രായേലിന് മേൽ വലിയ അന്താരാഷ്ട്ര സമ്മർദമുണ്ടാക്കും.

Tags:    
News Summary - Yemen's Houthis say Rubymar cargo ship targeted, could sink

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.