ഫെബ്രുവരി 28ന് യു.എസ്-ഇസ്രായേൽ സംയുക്ത സേന ‘ഓപറേഷൻ എപിക് ഫ്യൂരി’ എന്ന പേരിൽ ഇറാനെതിരെ ആക്രമണം തുടങ്ങിയ നിമിഷം മുതൽ ലബനാൻ ഏത് നിമിഷവും ആക്രമിക്കപ്പെടുമെന്ന ഭീതി ശക്തമായിരുന്നു. കാരണം, അതാണ് ചരിത്രം. മൂന്നാം നാൾ പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. മാർച്ച് രണ്ടിന് ഇസ്രായേൽ സൈന്യം തലസ്ഥാനമായ ബൈറൂത്ത് ലക്ഷ്യമാക്കി മിസൈലുകൾ പായിച്ചുതുടങ്ങിയതതോടെ ലബനാൻ ഒരിക്കൽകുടി സയണിസ്റ്റ് സേനയുടെ അധിനിവേശ ഭൂമിയായി മാറി. ആക്രമണം അഞ്ച് ദിവസം പിന്നിട്ടപ്പോൾ ലബനാനിൽ 294 പേർ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്. രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗര മേഖലയായ ദക്ഷിണ ലബനാൻ ഇപ്പോൾ പ്രേതഭൂമിയായി മാറിയിരിക്കുന്നുവെന്നാണ് അവിടെനിന്നുള്ള വാർത്തകൾ. അഞ്ച് ലക്ഷം പേർ ഇവിടെ നിന്ന് പലായനം ചെയ്തു.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ ലക്ഷ്യമിട്ട് ‘ഓപറേഷൻ എപിക് ഫ്യൂരി’യുടെ ആദ്യ നിമിഷങ്ങളിൽതന്നെ സംയുക്ത സേന മിസൈൽ വർഷം നടത്തിയിരുന്നു. എന്നാൽ, ആ ദിവസം അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചിരുന്നില്ല. തൊട്ടടുത്ത ദിവസം ഖാംനഈയുടെ മരണ വാർത്ത പുറത്തുവന്നപ്പോൾ അതിനോട് ഏറെ വൈകാരികമായിട്ടായിരുന്നു ഹിസ്ബുല്ലയുടെ പ്രതികരണം. തൊട്ടുടനെ തെൽ അവീവ് ലക്ഷ്യമാക്കി മിസൈലുകൾ തൊടുത്തു. ചെറിയ നാശം വിതക്കാനായെങ്കിലും, 2025 നവംബറിൽ താൽക്കാലികമായി നിർത്തിവെച്ച അധിനിവേശം ഇസ്രായേലിന് പുനരാരംഭിക്കാനുള്ള ഒരു കാരണമായി അത് മാറി. പ്രതീക്ഷിക്കപ്പെട്ടതുപോലെത്തന്നെ, ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) വ്യോമാക്രമണത്തിന് തുടക്കമിടുകയും ചെയ്തു. ആദ്യ ദിവസം വ്യോമാക്രമണം മാത്രമായിരുന്നുവെങ്കിൽ രണ്ടാം നാൾ കരയുദ്ധത്തിന്റെ സൂചനകൾ പുറത്തുവന്നു. തുടക്കത്തിൽ ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽനിന്ന് (കുപ്രസിദ്ധമായ ബ്ലൂ ലൈൻ) ഒഴിഞ്ഞുപോകാനായിരുന്നു സൈന്യത്തിന്റെ നിർദേശം. പിന്നീട് അത് ദക്ഷിണ ബൈറൂത്തിലേക്ക് വ്യാപിച്ചു. ലബനാൻ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലാണിത്. അഞ്ച് ദിവസത്തിനടെ, ഈ മേഖലയിലെ 80 ലധികം ഗ്രാമങ്ങളിൽനിന്ന് ആളുകൾ പൂർണമായും ഒഴിഞ്ഞുപോയി. പലരും രാജ്യത്തിന്റെ തീര ദേശങ്ങളിൽ അഭയം തേടിയിരിക്കുകയാണ്. സൗർ പോലുള്ള തുറമുഖ നഗരങ്ങളിലേക്ക് പോയവർക്ക് അവിടെയും രക്ഷയില്ല. കഴിഞ്ഞദിവസങ്ങളിൽ അവിടെയും ഇസ്രായേലിന്റെ ബോംബുകൾ വർഷിച്ചു.
2023 ഒക്ടോബർ ഏഴിന് ഗസ്സയിൽ ഇസ്രായേൽ ആക്രമണം നടത്തിയപ്പോൾ ഹമാസിനൊപ്പം നിലയുറപ്പിച്ച് പോരാട്ടം നടത്തിയിട്ടുണ്ട് ലബനാനിലെ ഹിസ്ബുല്ല. ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിക്കുമ്പോൾ സമാന്തരാമായി ലബനാനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളും ഐ.ഡി.എഫ് ലക്ഷ്യമിട്ടിരുന്നു. അങ്ങനെയാണ്, ഹിസ്ബുല്ലയുടെ നേതാവ് ഹസ്സൻ നസ്റുല്ല ഉൾപ്പെടെയുള്ള നേതാക്കൾ കൊല്ലപ്പെട്ടത്. 2024 സെപ്റ്റംബർ 27നായിരുന്നു അത്. ഹസ്സൻ നസറ്ല്ലുയുടെയും ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെയും വധത്തോടെ ഹിസ്ബുല്ലയും ആക്രമണം ശക്തമാക്കി. ഇതിന് ഇറാന്റെ പിന്തുണയും ലഭിച്ചതോടെ ഇസ്രായേലിലേക്ക് തുടർച്ചയായി മിസൈലുകൾ പാഞ്ഞു. 2024 സെപ്റ്റംബർ 30ന് 180 ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ തൊടുത്തത്. ഇതോടെ, ഒക്ടോബർ മൂന്ന് മുതൽ ഇസ്രായേൽ സൈന്യം ലബനാനിലേക്ക് കടന്നു തുടങ്ങി. അതിർത്തിയിൽ കുടുതൽ സൈന്യത്തെ വിന്യസിക്കുന്നുവെന്നായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ പ്രസ്താവന. പക്ഷെ, രണ്ട് നാളുകൾക്കുള്ളിൽ അതൊരു ലക്ഷണമൊത്ത അധിനിവേശമായി പരിണമിച്ചു. ഇറാന്റെ ആക്രമണത്തെ അപലപിച്ചില്ലെന്ന് ആരോപിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് ഇസ്രായേലിലേക്ക് പ്രവേശനം നിഷേധിക്കുന്നിടം വരെ കാര്യങ്ങൾ എത്തി.
ഇറാന്റെ ആക്രമണത്തിന് പിറകെ, ലബനാനിൽ കരയുദ്ധം ശക്തിപ്പെടുത്തിയ ഇറാന് ആദ്യം തിരിച്ചടിയാണുണ്ടായത്. എട്ട് സൈനികർ കൊല്ലപ്പെട്ടു. തുടർന്ന്, വ്യോമസേനയുടെയും പീരങ്കിപ്പടയുടെയും പിന്തുണയോടെ 36ാം ഡിവിഷനിലെ മൂന്ന് ബ്രിഗേഡുകളെ അധികമായി അയച്ച് ലിത്വാനി നദിയും കടന്ന് അവർ ദക്ഷിണ ബൈറൂത്തിലേക്ക് കുതിച്ചു. ആദ്യ 24 മണിക്കൂറിനിടെ, ലബനാനിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 55 പേരായിരുന്നു. ദക്ഷിണ ലബനാൻ, ബികാ താഴ്വര, മൗണ്ട് ലബനാൻ എന്നിവിടങ്ങളിലെ ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതേസമയംതന്നെ ഇസ്രായേലിലേക്ക് 100ഓളം റോക്കറ്റുകൾ ഹിസ്ബുല്ലയും തൊടുത്തു. ഏതാണ്ട് 40 ദിവസത്തോളം കരയുദ്ധം നീണ്ടു. ഇതിനിടയിൽ 2720 ലബനീസ് പൗരന്മാർ കൊല്ലപ്പെട്ടു. നൂറുകണക്കിന് കെട്ടിടങ്ങളും തകർന്നു. 60 ഇസ്രായേലി സൈനികരും ലബനാനിൽ കൊല്ലപ്പെട്ടു.
നവംബർ 27ന് യു.എസിന്റെയും ഫ്രാൻസിന്റെയും ഇടപെടലിൽ വെടിനിർത്തൽ പ്രഖ്യാപിക്കുംവരെയൂം യുദ്ധം തുടർന്നു. 60 ദിവസത്തെ താൽക്കാലിക വെടിനിർത്തലാണ് പ്രഖ്യാപിച്ചത്. കരാറിന് ഹിസ്ബുല്ലയും അംഗീകാരം നൽകിയതോടെ അഭയാർഥികൾ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിത്തുടങ്ങി. നവംബർ 27നു തന്നെ ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റവും ആരംഭിച്ചു. തെക്കൻ ലബനാനിൽ ഇസ്രായേൽ സേന നിലയുറപ്പിച്ച ഭാഗങ്ങളിൽ പ്രവേശിക്കരുതെന്നും ഒഴിഞ്ഞുപോകാൻ ഉത്തരവിട്ട ഭാഗങ്ങളിലേക്ക് പൗരന്മാർ മടങ്ങരുതെന്നുമടക്കം ഉപാധികളോടെയായിരുന്നു വെടിനിർത്തൽ. ലബനാൻ- ഇസ്രായേൽ അതിർത്തിയിൽനിന്ന് 28 കിലോമീറ്റർ അകലെയൊഴുകുന്ന ലിത്വാനി പുഴയുടെ വടക്കുഭാഗത്തുള്ള ഹിസ്ബുല്ല പോരാളികൾ പിൻവാങ്ങണമെന്നായിരുന്നു കരാറിലെ ഹൈലൈറ്റ്. അഥവാ, അതിർത്തിയോട് ചേർന്ന് ഹിസ്ബുല്ലയുടെ സാന്നിധ്യം ഇല്ലാതാക്കുക എന്നതായിരുന്നു ഈ കരാറിലൂടെ ഇസ്രായേലും യു.എസും ലക്ഷ്യമിട്ടത്. പകരം, അതിർത്തിയിൽ 5000 ലബനാൻ സൈനികരെ വിന്യസിക്കണമെന്നും നിർദേശിച്ചു. ഇതോടെ, ഹിസ്ബുല്ലയുടെ സജീവ സാന്നിധ്യം ദക്ഷിണ ബൈറൂത്തിൽ പരിമിതമായി.
2024ലെ അധിനിവേശത്തിൽ ഹിസ്ബുല്ല കേന്ദ്രങ്ങളായിരുന്നു ഇസ്രായേലന്റെ മുഖ്യലക്ഷ്യമെങ്കിൽ ഇത്തവണ അത് ജനവാസ കേന്ദ്രങ്ങൾ തന്നെയാണ്. കഴിഞ്ഞ തവണ 30 ഗ്രാമങ്ങളാണ് ഒഴിപ്പിച്ചത്. ഇക്കുറി, ദക്ഷിണ ലബനാനിൽ മാത്രം 80 ലധികം ഗ്രാമങ്ങൾ ഒഴിപ്പിച്ചു. ഇവിടെ ഏകദേശം ഒമ്പത് ലക്ഷം പേർ താമസിക്കുന്നുണ്ട്. രണ്ട് നാളുകൾക്കുള്ളിൽ ഇവരെല്ലാം പലായനം ചെയ്യാൻ നിർബന്ധിതരാകുമെന്നുറപ്പാണ്. ഈ കൂട്ടക്കുടിയൊഴിപ്പിക്കലിന് ഒരൊറ്റ ലക്ഷ്യം മാത്രമാണുള്ളത്. അത് വിശാല ഇസ്രായേൽ രൂപവത്കരണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതെന്തായാലും, ഒരുപക്ഷെ ഇറാനേക്കാൾ ഭീതിതമായൊരു ദുരന്തമാണ് ലബനാൻ ജനതയെ കാത്തിരിക്കുന്നതെന്ന് വ്യക്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.