ബിന്യമിൻ നെതന്യാഹുവും മകൻ യായറും

സുരക്ഷാ ഭീഷണി ഭയന്ന് നെതന്യാഹുവിന്റെ മകനെ യുഎസിൽ നിന്ന് തിരിച്ചെത്തിച്ച് ഇസ്രായേൽ

തെൽ അവീവ്: സുരക്ഷാ ഭീഷണി ശക്തമായതിനെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ മകൻ യായർ നെതന്യാഹുവിനെ അമേരിക്കയിൽ നിന്ന് അടിയന്തരമായി ഇസ്രായേലിലേക്ക് തിരിച്ചെത്തിച്ചതായി ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ് സ്ഥിരീകരിച്ചു.

ഫ്ലോറിഡയിൽ കഴിഞ്ഞിരുന്ന യായറിനെ സുരക്ഷാ സംഘത്തോടൊപ്പമാണ് ഇസ്രായേലിലേക്ക് മാറ്റിയത്. സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷമാണ് നടപടിയെടുത്തതെന്ന് ഷിൻ ബെറ്റ് അറിയിച്ചു. എന്നാൽ ഭീഷണിയുടെ സ്വഭാവം എന്താണെന്നോ അതിന് പിന്നിൽ ആരാണെന്നോ ഏജൻസി വ്യക്തമാക്കിയിട്ടില്ല.

യായറിനെതിരെ ഗുരുതരമായ ആക്രമണ ഭീഷണിയുണ്ടായിരുന്നുവെന്നും സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് അദ്ദേഹത്തെയും സുരക്ഷാ സംഘത്തെയും അടിയന്തരമായി ഇസ്രായേലിലേക്ക് എത്തിക്കാൻ തീരുമാനിച്ചതെന്നും ഷിൻ ബെറ്റ് വ്യക്തമാക്കി.

ഭീഷണിക്ക് പിന്നിൽ ഇറാനാണെന്ന് ഷിൻ ബെറ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ 2025 ഡിസംബറിൽ ഫ്ലോറിഡയിൽ യായറിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടിരുന്നതായി ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നുവെന്ന് യു.എസ് മാധ്യമമായ ന്യൂസ്‌മാക്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചതിന് പിന്നാലെ ഇസ്രായേൽ അധികൃതർ യു.എസ് സുരക്ഷാ ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.

ഇറാൻ അനുകൂല പ്രവർത്തകർ മിയാമി മേഖലയിൽ സജീവമായിരുന്നുവെന്നും യായറിന്റെ നീക്കങ്ങൾ നിരീക്ഷിച്ചിരുന്നതായും ന്യൂസ്‌മാക്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ അവകാശവാദങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.

അടിയന്തര സുരക്ഷാ നടപടികളുടെ ഭാഗമായി ന്യൂയോർക്കിലുണ്ടായിരുന്ന ഷിൻ ബെറ്റ് ഉദ്യോഗസ്ഥരെ മിയാമിയിലേക്ക് അയച്ചതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ സന്ദർശനത്തിലായിരുന്ന ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ സുരക്ഷാ സംഘത്തോടൊപ്പം ഇവർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ആഴ്ച ബിന്യമിൻ നെതന്യാഹുവും ഇറാൻ തന്റെ മക്കളിലൊരാളെ വധിക്കാൻ ശ്രമിച്ചതായി പറഞ്ഞിരുന്നു. എന്നാൽ ലക്ഷ്യമിട്ടത് യായറെയാണോ മറ്റൊരു മകനായ അവ്നറെയാണോ എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി യായർ നെതന്യാഹു മിയാമി മേഖലയിലാണ് താമസിച്ചിരുന്നത്. 2023 ഒക്ടോബറിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേലിൽ വലിയ തോതിൽ റിസർവ് സൈനികരെ സേവനത്തിന് വിളിച്ചപ്പോഴും യായർ യു.എസിൽ തുടരുന്നതിനെതിരെ രാജ്യത്ത് വിമർശനം ഉയർന്നിരുന്നു.

Tags:    
News Summary - Yair Netanyahu Returns to Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.