ടിബറ്റുകാർ പോസ്റ്റ് ചെയ്ത നേപ്പാൾ ദുരന്തത്തിന്‍റെ വിഡിയോകൾ നീക്കം ചെയ്ത് ചൈന

ബെയ്ജിങ്: നേപ്പാൾ ദുരന്തത്തിന്‍റെ നാശ നാശനഷ്ടങ്ങളുടെ വ്യാപ്തി കാണിച്ച് പ്രാദേശിക ടിബറ്റുകാർ പോസ്റ്റ് ചെയ്ത വിഡിയോകൾ സോഷ്യൽ മീഡിയയിൽ നിന്ന്  ചൈനീസ് ഭരണ കൂടം നീക്കം ചെയ്തെന്ന് റിപ്പോർട്ട്. പകരം സർക്കാറിന്‍റെ രക്ഷാപ്രവർത്തനങ്ങളുടെ ദൃശ്യങ്ങൾ മാത്രമാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് ദുരന്തം കൈകാര്യം ചെയ്യുന്നതിലെ ചൈനയുടെ നിലപാടിനെ സംശയത്തിന്‍റെ നിഴലിലാക്കിയിരിക്കുകയാണ്.

നേപ്പാൾ അതിർത്തിയിലെ ചൈനീസ് ഭാഗത്ത് നിന്നുള്ള വിവരങ്ങൾ സർക്കാർ നിയന്ത്രിത മാധ്യമങ്ങളിലൂടെയാണ് പുറത്തുവരുന്നത്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം, ഗൈറോങ് അതിർത്തിയിലെ പ്രളയബാധിത മേഖലയുടെ വിഡിയോകൾ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സെൻസർ ചെയ്തിട്ടുണ്ട്.

ആഗസ്റ്റ് 26നാണ് നേപ്പാൾ-ടിബറ്റ് അതിർത്തി പ്രദേശത്തെ ലെൻഡെ ഖോല നദിയിൽ ഹിമാനി തകർന്ന് മിന്നൽ പ്രളയമുണ്ടായത്. തകർന്നുവീണ മഞ്ഞും അവശിഷ്ടങ്ങളും മലവെള്ളപ്പാച്ചിലായി നേപ്പാളിലെ ഭോട്ടെ കോശി, തൃശൂലി നദീതടങ്ങളിലേക്ക് കുത്തിയൊലിക്കുകയായിരുന്നു.

നിലവിൽ നേപ്പാളിൽ മരണസംഖ്യ 675 ആയി ഉയർന്നിട്ടുണ്ട്. ഒപ്പം 2,400 ലധികം ആളുകളെ കാണാതാവുകയും ചെയ്തു. എന്നാൽ ചൈനയുടെ ടിബറ്റ് സ്വയംഭരണ പ്രദേശത്ത് അഞ്ച് മരണം മാത്രമാണ് ഉണ്ടായാതെന്നാണ് ചൈനയുടെ സർക്കാർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

ദുരന്തത്തെക്കുറിച്ചുള്ള വിവരങ്ങൾ ചൈന സെൻസർ ചെയ്യുകയാണെന്ന് നയതന്ത്ര വിദഗ്ധനായ ബ്രഹ്മ ചെലാനിയും എക്‌സിൽ ആരോപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് നിർണായകമാകുന്ന കൃത്യമായ വിവരങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ചെലാനി മുന്നറിയിപ്പ് നൽകി. കോവിഡ് 19 കാലത്തുെം ചൈന ഇത്തരത്തിൽ സെൻസറിങ് ഏർപ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ചൈനയുടെ കണ്ടന്‍റ് സെൻസർഷിപ്പ് രക്ഷാപ്രവർത്തനങ്ങൾക്ക് ഭീഷണിയോ?

ദുരന്തത്തിന്‍റെ ദൃശ്യങ്ങൾ സെൻസർഷിപ്പ് ചെയ്യുന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ തടസപ്പെടുത്തും. ശിക്ഷാ നടപടി ഭയന്ന് ആളുകൾ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിനാൽ ആളുകൾ എവിടെയൊക്കെ കുടുങ്ങി കിടക്കുന്നു എന്ന് അറിയാൻ കഴിയാതെ പോകുമെന്ന് ഇന്റർനാഷണൽ കാമ്പെയ്ൻ ഫോർ ടിബറ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ റയാൻ ഫിയോറെസി പറയുന്നു.

ചൈനീസ് നിർമാണ പ്രവർത്തനങ്ങൾ ദുരന്തത്തിന് നേരിട്ട് കാരണമായി എന്നതിന് നിലവിൽ തെളിവുകളൊന്നുമില്ല. അതിർത്തിയുടെ നേപ്പാൾ ഭാഗത്ത് നിന്നാണ് ദുരന്തം ഉണ്ടായതെന്നാണ് ചൈനീസ് അധികൃതർ പറയുന്നത്. ചൈനീസ് ഭാഗത്തെ ഡാം തകർന്നതാണ് താഴെ പ്രദേശങ്ങളിൽ നാശനഷ്ടത്തിന് കാരണമായതെന്ന വാദം നേപ്പാളിലെ ചൈനീസ് എംബസി തള്ളി. ഈ വാദവും, മുന്നറിയിപ്പ് നൽകുന്നതിൽ ചൈന പരാജയപ്പെട്ടു എന്ന ആരോപണവും വ്യാജ വാർത്തയാണെന്ന് എംബസി പറയുന്നത്.

Tags:    
News Summary - China censors videos of Nepal disaster posted by Tibetans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.