ന്യൂയോർക്ക്: ഭാരതത്തിന്റെയും അമേരിക്കയുടെയും ഡി.എൻ.എയിൽ ഐക്യവും വൈവിധ്യവുമൂന്നിക്കിടപ്പുണ്ടെന്ന് രാഷ്ട്രീയ സ്വയംസേവക സംഘ് (ആർ.എസ്.എസ്) സർസംഘചാലക് മോഹൻ ഭാഗവത്. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്മെന്റ് ആൻഡ് ഡയലോഗ് (എഹെഡ്) എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘യൂണിവേഴ്സൽ ഒൺനെസ് സെലിബ്രേഷൻ’ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിവിധ മതവിഭാഗങ്ങളിൽപ്പെട്ട നേതാക്കളുടെയും പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു പരിപാടി.
രാഷ്ട്രങ്ങൾ കേവലം ഭൂപ്രദേശങ്ങൾ മാത്രമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പ്രപഞ്ചത്തിന്റെ രൂപകൽപനയിൽ ഓരോ രാഷ്ട്രത്തിനും നിർവഹിക്കാൻ കൃത്യമായ കടമകളുണ്ടെന്ന് ഓർമിപ്പിച്ചു. സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ഭാരതത്തിന് പ്രത്യേകമായൊരു നിയോഗമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഐക്യവും വൈവിധ്യവുമാണ് ഭാരതത്തിന്റെ ഡി.എൻ.എയിലുള്ളതെന്നും, നാം ഒന്നാണെന്നും എന്നാൽ വൈവിധ്യങ്ങളിലൂടെ ആ ഏകത്വം കൂടുതൽ മനോഹരമാക്കപ്പെടുന്നുവെന്നും ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഭാരതത്തിന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
വൈവിധ്യങ്ങളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ആഘോഷിക്കുകയും വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മനുഷ്യർക്കിടയിൽ ഭാഷകളിലും മതങ്ങളിലും വ്യത്യസ്തതകളുണ്ട്.
മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മൃഗങ്ങൾ സ്വാഭാവികമായ ചോദനകളാൽ മാത്രം ജീവിക്കുമ്പോൾ, മനുഷ്യർക്ക് ചിന്തിക്കാനുള്ള ശേഷിയുണ്ട്. എന്നാൽ ശരിയായ രീതിയിൽ ചിന്തിച്ചാൽ ദൈവത്തോടും, തെറ്റായ രീതിയിൽ ചിന്തിച്ചാൽ മൃഗതുല്യമായ അവസ്ഥയോടും അടുത്തേക്ക് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂയോർക്കിൽ നടന്ന മറ്റൊരു ചടങ്ങിൽ, മുസ്‌ലിം വിഭാഗത്തിൽപ്പെട്ട ഒരു സംഘം തന്നോട് ഹിന്ദുത്വയെക്കുറിച്ച് ചോദിച്ച വിഷയം അദ്ദേഹം അനുസ്മരിച്ചു. എല്ലാ വഴികളും ചെന്നെത്തുന്നത് ഒരേ ലക്ഷ്യത്തിലേക്കാണെന്നും എല്ലാ മനുഷ്യർക്കും തുല്യ അന്തസ്സുണ്ടെന്നും വിശ്വസിക്കുന്നവനാണ് യഥാർഥ ഹിന്ദുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാരതത്തിൽ മുസ്‌ലിംകൾ ഉണ്ടാകരുത് എന്ന് ചിന്തിക്കുന്ന ഒരാൾക്ക് ഒരിക്കലും ഹിന്ദുവായി തുടരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയം ഇന്ന് സ്വാർഥതയുടെ കളിയായി മാറിയിട്ടുണ്ടെന്നും എന്നാൽ ആർ.എസ്.എസിൽ യാതൊന്നും പ്രതീക്ഷിക്കാതെ കൊടുക്കാൻ മാത്രമാണ് പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനാഭിപ്രായത്തിന് എതിരായി പ്രവർത്തിക്കാൻ ഒരു രാഷ്ട്രീയക്കാരനും ധൈര്യപ്പെടില്ലെന്നും, അതിനാൽ പ്രാദേശിക തലത്തിൽ സമൂഹം ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മോഹൻ ഭാഗവതിന്റെ അമേരിക്കൻ സന്ദർശനത്തിനെതിരെ ന്യൂയോർക്കിലെ ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്‌ലിം മേയറായ സൊഹ്റാൻ മംദാനി കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ആർ.എസ്.എസിനെ വർഗീയ സംഘടനയെന്ന് വിശേഷിപ്പിച്ച അദ്ദേഹം, മതേതരത്വവും വൈവിധ്യവും നിറഞ്ഞ ഒരു ഇന്ത്യയാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും, എന്നാൽ അതിന്റെ വിപരീതമായ കാഴ്ചപ്പാടുകളാണ് സംഘടന മുന്നോട്ടുവെക്കുന്നതെന്നും അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.