നേപ്പാളിലെ പ്രളയത്തിന്‍റെ ദൃശ്യം
കാഠ്മണ്ഡു: നേപ്പാളിലെ ഭോട്ടെ കോശി നദിയിലുണ്ടായ വൻ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായവുമായി അമേരിക്ക. 3.6 മില്യൺ യു.എസ് ഡോളറിലധികം വിലമതിക്കുന്ന ജീവൻരക്ഷാ മാനുഷിക സഹായമാണ് യു.എസ് പ്രഖ്യാപിച്ചത്. പ്രളയബാധിതരായ 10,000 കുടുംബങ്ങൾക്ക് മൂന്ന് മാസം വരെ അടിയന്തര ഭക്ഷ്യസഹായം ഉൾപ്പെടെയുള്ള സഹായം നൽകുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
അമേരിക്കൻ പൗരന്മാരുടെ സുരക്ഷ ഏറ്റവും ഉയർന്ന പരിഗണനയാണ് നൽകുന്നതെന്നും നേപ്പാളിലെയും ചൈനയിലെയും യു.എസ് എംബസികൾ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സഹകരിച്ച് അമേരിക്കൻ പൗരന്മാർക്ക് ആവശ്യമായ സഹായം നൽകുന്നുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
അതേസമയം, ഭോട്ടെ കോശി നദിയിലെ ജലപ്രവാഹം വീണ്ടും ശക്തമായതോടെ ദുരന്തബാധിത മേഖലകളിൽ ജാഗ്രത ശക്തമാക്കി. നദിയിലെ ഒഴുക്കിലും ശബ്ദത്തിലും പെട്ടെന്നുണ്ടായ വർധനയെ തുടർന്ന് നേപ്പാളിലെ ദേശീയ ദുരന്ത അപകടസാധ്യത കുറക്കൽ-മാനേജ്മെന്റ് അതോറിറ്റി (എൻ.ഡി.ആർ.ആർ.എം.എ) അടിയന്തര മുന്നറിയിപ്പ് നൽകി.
റസുവ, നുവാകോട്ട്, ധാദിങ്, ചിത്വാൻ ജില്ലകളിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളും രക്ഷാപ്രവർത്തകരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. നേപ്പാൾ-ചൈന അതിർത്തിക്ക് സമീപമുള്ള റസുവ മേഖലയിലെ നദീതീര പ്രദേശങ്ങളിൽ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കാനും നിർദേശമുണ്ട്. നദീതട മേഖലകളിലെ അടിയന്തര സേവന വിഭാഗങ്ങളെയും പ്രാദേശിക ഭരണകൂടങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്.
ആഗസ്റ്റ് 26ന് ഉണ്ടായ ഭോട്ടെ കോശി പ്രളയത്തിൽ നേപ്പാളിൽ മരണസംഖ്യ 734 ആയി ഉയർന്നതായി എൻ.ഡി.ആർ.ആർ.എം.എ അറിയിച്ചു. ഏകദേശം 2,500 പേരെ കാണാതായതായും ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ദുരന്തബാധിത മേഖലകളിൽ മൃതദേഹങ്ങൾ കണ്ടെത്തുന്നതിനും കാണാതായവർക്കായി തിരച്ചിൽ നടത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.
രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. വിവിധ ജലവൈദ്യുത പദ്ധതികളിൽ കുടുങ്ങിക്കിടന്ന തൊഴിലാളികളെയും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. നേപ്പാൾ സൈന്യം, നേപ്പാൾ പൊലീസ്, ആർമ്ഡ് പൊലീസ് ഫോഴ്സ് എന്നിവയിലെ 18,700ലധികം ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്.
സൈനിക, സ്വകാര്യ മേഖലകളിൽ നിന്നുള്ള ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രക്ഷാദൗത്യങ്ങൾ തുടരുകയാണ്. ദുർഘടമായ ഭൂപ്രകൃതിയും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെങ്കിലും തിരച്ചിലും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജിതമായി തുടരുന്നു.
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമുള്ള വിദഗ്ധ സംഘങ്ങളും നേപ്പാളിൽ സഹായം നൽകുന്നുണ്ട്. പ്രളയബാധിതരുടെ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കുന്നതുവരെ സർക്കാർ പൂർണ ജാഗ്രതയിൽ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ബലേന്ദ്ര ഷാ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കൊപ്പം തകർന്ന അടിസ്ഥാനസൗകര്യങ്ങളുടെ പുനർനിർമാണവും നേപ്പാളിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.