പഴകും തോറും വീര്യം കൂടുന്ന ജീൻസ്; ഇത്തവണ ലേലം പോയത് 94 ലക്ഷത്തിന്

നൂറ്റാണ്ട് പിന്നിട്ട ജീൻസ് പാന്റിന് ദശലക്ഷങ്ങൾ വില നൽകാൻ ആളുകൾ വരിനിൽക്കുന്ന വാർത്ത മുമ്പെ വന്നതാണ്. 62 ലക്ഷം രൂപക്ക് ഒരു ജോഡി ജീൻസ് പാന്റുകൾ ലേലത്തിന് വിറ്റ വാർത്തയാണ് നേരത്തെ പലരെയും അമ്പരപ്പിച്ചതെങ്കിൽ പഴകിയ ഒരു​ ജീൻസ് 94 ലക്ഷം രൂപക്ക് വിറ്റ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജീന്‍സാണ് 94 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വിറ്റത്. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിൽ 1857ല്‍ തകര്‍ന്ന കപ്പലിനുള്ളില്‍ നിന്നാണ് ഏറ്റവും പഴക്കമേറിയതെന്ന് കരുതപ്പെടുന്ന ജീന്‍സ് കണ്ടെത്തിയത്. 1,14,000 യുഎസ് ഡോളറിനാണ് (94 ലക്ഷം രൂപ) ഈ ജീന്‍സ് വിറ്റു പോയത്.

അഞ്ച് ബട്ടണുകളുള്ള ഈ ജീന്‍സ് ഏതെങ്കിലും ഖനി തൊഴിലാളിയുടേതായിരിക്കുമെന്നാണ് കരുതുന്നത്. സ്വര്‍ണത്തിന്‍റെ കപ്പലെന്ന് വിശേഷിപ്പിച്ചിരുന്ന എസ്എസ് സെന്‍ട്രല്‍ അമേരിക്ക എന്ന കപ്പലില്‍ നിന്നാണ് ജീന്‍സ് കണ്ടെടുത്തത്. 1857ല്‍ പനാമയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രയില്‍ ചുഴലിക്കാറ്റില്‍പ്പെട്ട് കപ്പല്‍ മുങ്ങുകയായിരുന്നു. അന്ന് 425 ആളുകളായിരുന്നു കപ്പലിലുണ്ടായിരുന്നത്.

അഞ്ച് ബട്ടണുകളുള്ള ഈ ജീന്‍സ് ഏത് കമ്പനി നിര്‍മ്മിച്ചതാണെന്ന് വ്യക്തമല്ല. നെവാഡയിലെ റെനോയിൽ വച്ചാണ് ലേലം നടന്നത്.

പഴയ ഒരു ഖനിയിൽ നിന്ന് കണ്ടെത്തിയ 1880-കളിലെ ഒരു ജോഡി ലെവിസ് ജീന്‍സ് 62 ലക്ഷം രൂപക്ക് നേരത്തെ ലേലത്തില്‍ വിറ്റുപോയിരുന്നു. ഉപേക്ഷിക്കപ്പെട്ട ഒരു ഖനിയില്‍ പരിശോധന നടത്തിയപ്പോഴാണ് ഗവേഷകര്‍ക്ക് ഈ ജീന്‍സ് കിട്ടിയത്. ഡെനിം പുരാവസ്തു ഗവേഷകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മൈക്കല്‍ ഹാരിസ് ആണ് 1880-കളിലെ ഈ ലെവിസ് ജീന്‍സ് കണ്ടെത്തിയത്. ബക്കിള്‍ബാക്ക് അഡ്ജസ്റ്ററുള്ള ജീന്‍സാണ് ഖനിയില്‍ നിന്നും കണ്ടെത്തിയത്. 

Tags:    
News Summary - World's Oldest Pair Of Jeans Sold For ₹ 94 Lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.